ഐഡിയ സ്റ്റാർ സിംഗർ എന്ന റിയാലിറ്റി ഷോയിലൂടെ മലയാളികൾക്ക് സുപരിചിതയായ ഗായികയാണ് അമൃത സുരേഷ്. പിന്നീട് പിന്നണി ഗായികയായും സംഗീതസംവിധായികയായും ഗാനരചയിതാവായും താരം ശ്രദ്ധ നേടി.
ജൂൺ, സൂഫിയും സുജാതയും തുടങ്ങി നിരവധി സിനിമകളിൽ ഗാനങ്ങൾ ആലപിച്ചിട്ടുള്ള അമൃത, ജീവിതത്തിൽ നേരിട്ട പ്രതിസന്ധി ഘട്ടങ്ങളെ കുറിച്ച് തുറന്ന് സംസാരിക്കുകയാണ് ഇപ്പോൾ. റെഡ് എഫ്.എമ്മിന് നൽകിയ അഭിമുഖത്തിലായിരുന്നു അമൃത മനസ് തുറന്നത്.
അമൃത സുരേഷ്. Photo: Mthrubhumi English
ജീവിതത്തിൽ തകർന്നു പോയ നിരവധി സാഹചര്യങ്ങൾ ഉണ്ടായിട്ടുണ്ടെന്ന് അമൃത സുരേഷ് അഭിമുഖത്തിൽ പറയുന്നു.
ചെറിയ പ്രായത്തിൽ തന്നെ തനിക്ക് അറിയാത്ത കാര്യങ്ങൾ ഏറ്റെടുക്കേണ്ടി വന്നിട്ടുണ്ടെന്നും അന്നെല്ലാം തന്റെ കൂടെ താങ്ങായി നിന്നത് തന്റെ കുടുംബം മാത്രമാണെന്നും അമൃത പറഞ്ഞു.
‘നമ്മൾ തകർന്നുപോകുന്ന ഒരുപാട് നിമിഷങ്ങൾ ഉണ്ടായിട്ടുണ്ട്. നമ്മൾ എല്ലാവരും മനുഷ്യന്മാരാണ്. വളരെ ചെറിയ പ്രായത്തിൽ തന്നെ നമുക്ക് അറിയാത്ത കാര്യങ്ങൾ ഏറ്റെടുക്കേണ്ടി വരുന്ന സാഹചര്യം വരുമ്പോൾ തളർന്നുപോയിട്ടുണ്ട്. അന്ന് എന്റെ സമാധാനം കാത്തുസൂക്ഷിച്ചിട്ടുള്ളത് ഉറപ്പായും എന്റെ കുടുംബമാണ്, കൂടാതെ എന്റെ സംഗീതവും. അതുകൊണ്ടുതന്നെ ഇപ്പോഴും ഞാൻ വീഴും എന്ന് തോന്നുന്ന സമയത്ത് ഇവരുണ്ട്. അങ്ങനെ വീഴാൻ സമ്മതിക്കില്ല എന്ന് പറഞ്ഞുകൊണ്ട് അച്ഛനും അമ്മയും അഭിരാമിയും കൂടെയുണ്ടായിരുന്നു’അമൃത പറഞ്ഞു.
അമൃത സുരേഷും കുടുംബവും. Photo: Filmibeat
ജീവിതത്തിന്റെ ഒരു ഘട്ടത്തിൽ നേരിട്ട മാനസിക ബുദ്ധിമുട്ടുകളെ കുറിച്ചും താരം സംസാരിച്ചു. അന്ന് യാത്രകളും സംഗീതവും ആണ് തന്നെ എല്ലാത്തിൽ നിന്നും രക്ഷിച്ചതെന്നും ,ഇപ്പോൾ ജീവിതത്തിൽ എന്ത് സംഭവിച്ചാലും എല്ലാം നേരിടാൻ താൻ തയാറാണെന്നും അമൃത കൂട്ടിച്ചേർത്തു.
‘മുമ്പോട്ടു പോകുമ്പോൾ നമ്മൾ തന്നെ തിരിച്ചറിയും ഇങ്ങനെ പോയാൽ ശരിയാവില്ല എന്ന്. ഒരു പോയിന്റിൽ എനിക്ക് തന്നെ എന്താ ചെയ്യേണ്ടത് എന്ന് അറിയാത്ത അവസ്ഥയിലായി. അപ്പോൾ ഞാൻ യാത്രകൾ ചെയ്യാനും ധ്യാനിക്കാനും തുടങ്ങി. കൂടുതലായും പാട്ടിനായി സമയം നൽകി. മനസ്സിനെ എങ്ങനെയൊക്കെ ഡൈവേർട്ട് ചെയ്യാമോ അങ്ങനെയൊക്കെ ചെയ്തുനോക്കി. ഇപ്പോൾ എന്റെ ചുറ്റും എന്തു നടന്നാലും എനിക്കൊരു പ്രശ്നമല്ല, ഞാൻ അതിൽനിന്നും പുറത്തുവന്നിരിക്കും’ അമൃത പറഞ്ഞു.
Content Highlight: Amrutha suresh talks about her life struggles