ജൂൺ, സൂഫിയും സുജാതയും, വിളക്കുമരം, പുള്ളിമാൻ തുടങ്ങിയ സിനിമകളിലൂടെ ശ്രദ്ധേയയായ ഗായികയാണ് അമൃത സുരേഷ്. എ.ആർ. റഹ്മാനുമായുള്ള അടുപ്പത്തെക്കുറിച്ചും അദ്ദേഹവുമായുള്ള വ്യക്തിപരമായ അനുഭവങ്ങളെക്കുറിച്ചും തുറന്നുപറയുകയാണ് ഇപ്പോൾ അമൃത.
എ.ആർ. റഹ്മാനുമായി നേരിട്ട് ആശയവിനിമയം നടത്താനുള്ള അവസരം തനിക്കുണ്ടെന്നും സംഗീതവുമായി ബന്ധപ്പെട്ട കാര്യങ്ങൾ മാത്രമല്ല, വ്യക്തിപരമായ ചില വിശേഷങ്ങളും അദ്ദേഹവുമായി പങ്കുവയ്ക്കാറുണ്ടെന്നും അമൃത പറഞ്ഞു. മൂവി വേൾഡ് മീഡിയയ്ക്ക് നൽകിയ അഭിമുഖത്തിലായിരുന്നു പ്രതികരണം.
അമൃത സുരേഷ്. Photo: Facebook.com
എ.ആർ. റഹ്മാനെ താൻ നേരിട്ട് വിളിക്കാറില്ലെങ്കിലും എന്തെങ്കിലും കാര്യങ്ങൾ സംസാരിക്കേണ്ടി വന്നാൽ അദ്ദേഹവുമായി നേരിട്ട് ബന്ധപ്പെടാനുള്ള സ്വാതന്ത്ര്യമുണ്ടെന്നും അമൃത പറഞ്ഞു. പുതിയ പാട്ടുകൾ പുറത്തിറങ്ങുമ്പോൾ അവ അദ്ദേഹത്തിന് അയച്ചുകൊടുക്കാറുണ്ട്. പ്രാർഥനയുമായി ബന്ധപ്പെട്ട് എന്തെങ്കിലും ചെയ്യുന്നുണ്ടെങ്കിൽ അതും എ.ആർ റഹ്മാനുമായി പങ്കുവയ്ക്കാറുണ്ടെന്നും അമൃത വ്യക്തമാക്കി.
‘ഞാൻ അങ്ങനെ അദ്ദേഹത്തിന് വിളിക്കാറൊന്നുമില്ല. ഡയറക്ട് ആയിട്ടുള്ള ആക്സസ് ഉണ്ട്. എന്തെങ്കിലും കാര്യങ്ങളുണ്ടെങ്കിൽ എനിക്ക് അത് പറയാനുള്ള ഒരു സ്പേസ് ഇപ്പോൾ ഉണ്ട്. മ്യൂസിക്കിനെപ്പറ്റി അങ്ങനെ ഒന്നും സംസാരിക്കാറില്ല. പാട്ടുകൾ റിലീസ് ചെയ്യുമ്പോൾ അയച്ചുകൊടുക്കും. ഇപ്പോൾ ചിലപ്പോൾ പ്രയർ റിലേറ്റഡ് ആയിട്ടുള്ള എന്തെങ്കിലും ഞാൻ ചെയ്യുകയാണെങ്കിൽ അതും സാറിന് അയച്ചുകൊടുക്കും. അപ്പോൾ സാർ ‘അല്ലാഹു കൂടെയുണ്ടാകും’ എന്നൊക്കെ പറയും,’ അമൃത പറഞ്ഞു.
തന്റെ സംഗീതവുമായി ബന്ധപ്പെട്ട പുതിയ കാര്യങ്ങൾ എ.ആർ റഹ്മാനുമായി പങ്കുവയ്ക്കാറുണ്ടെങ്കിലും അതിനെല്ലാം അദ്ദേഹം മറുപടി നൽകാറില്ലെന്നും അമൃത പറഞ്ഞു. എന്നാൽ സംസാരിക്കുമ്പോൾ വളരെ സൗഹൃദപരവും രസകരവുമായ രീതിയിലാണ് എ.ആർ റഹ്മാൻ ഇടപെടുന്നതെന്നും താരം വ്യക്തമാക്കി.
അമൃത സുരേഷ്. എ.ആർ. റഹ്‌മാൻ. Photo: Facebook.com
‘സാർ അങ്ങനെ കൂടുതൽ സംസാരിക്കുന്ന ആൾ ഒന്നുമല്ല. പക്ഷേ സാർ ഭയങ്കര ഫണ്ണിയായിട്ടൊക്കെ സംസാരിക്കും. വിശേഷങ്ങളൊക്കെ ചോദിക്കും. സാറിന് മലയാളം അങ്ങനെ അറിയില്ല. പക്ഷേ എന്റെ അടുത്ത് മിക്കവാറും മലയാളത്തിൽ ‘സുഖങ്ങളൊക്കെ അല്ലേ?’ അല്ലെങ്കിൽ ‘സൗഖ്യങ്ങളൊക്കെ അല്ലേ’ എന്നൊക്കെ ചോദിക്കും,’ അമൃത പറഞ്ഞു.
Content Highlight: Amritha Suressh Talks About A.R rahman