തിരുവനന്തപുരം: സംസ്ഥാനത്തെ അമീബിക് മസ്തിഷ്ക ജ്വര വ്യാപനത്തെ കുറിച്ച് പ്രതിപക്ഷ ആരോപണങ്ങൾക്ക് മറുപടി നൽകി ആരോഗ്യ മന്ത്രി വീണ ജോർജ്.
തന്റെ മണ്ഡലത്തിൽ ഒരു തരത്തിലുമുള്ള പ്രതിരോധ പ്രവർത്തനങ്ങളും നടക്കുന്നില്ലെന്ന എം.എൽ.എ എം. ഷംസുദീന്റെ ആരോപണങ്ങൾക്കാണ് ആദ്യം മന്ത്രി മറുപടി നൽകിയത്.
മണ്ഡലത്തിലും പാലക്കാട് ജില്ലയിലും പൊതുവെ നടന്ന പ്രതിരോധ പ്രവർത്തനങ്ങൾ ആരോഗ്യ മന്ത്രി എണ്ണി പറഞ്ഞു. വിശദമായ പ്രാദേശിക കണക്കുകളും പങ്കെടുത്ത പരിപാടികളടക്കം ചൂണ്ടി കാട്ടിയായിരുന്നു മറുപടി. എം.എൽ.എ മണ്ഡലത്തിൽ ഉണ്ടായിരുന്നില്ലേയെന്നും എങ്ങനെയാണ് പ്രതിപക്ഷം ഇതൊക്കെ അറിയാതെ പോകുന്നതെന്നും മന്ത്രി ചോദിച്ചു. ഇതിനെതിരെ പ്രതിപക്ഷം ഒന്നടങ്കം പ്രതിഷേധിച്ചു.
അമീബിക് മസ്തിഷ്ക ജ്വരത്തിന്റെ കാരണം കണ്ടുപിടിക്കാൻ എല്ലാ ജില്ലകളിലും കഴിയുമെന്നും എന്നാൽ ഏത് അമീബയാണ് എന്നു കണ്ടെത്താനുള്ള പി.സി.ആർ ടെസ്റ്റ് സംസ്ഥാനത്ത് നേരത്തെ ഉണ്ടായിരുന്നില്ലെന്നും ഇപ്പോൾ കേരളത്തിൽ പി.സി.ആർ ടെസ്റ്റ് നടത്തുന്നതിനുള്ള സംവിധാനം നടപ്പാക്കി കഴിഞ്ഞുവെന്നും ആരോഗ്യ മന്ത്രി വീണ ജോർജ് പറഞ്ഞു. അമീബയാണെന്ന് കണ്ടെത്തിയാൽ മസ്തിഷ്ക ജ്വരത്തിന്റെ ചികിത്സ പെട്ടെന്ന് നൽകാൻ കഴിയുമെന്നും മന്ത്രി കൂട്ടിച്ചേർത്തു
അമീബിക് മസ്തിഷ്ക ജ്വരം സംബന്ധിച്ച് വളരെ ആസൂത്രിതമായി തെറ്റായ പ്രചാരണം നടക്കുന്നുവെന്ന് ആരോഗ്യ മന്ത്രി ചൂണ്ടിക്കാട്ടി.
വിപ്ലവകരമായ നിയമനിർമാണങ്ങളിലൂടെ നാം ആർജിച്ച വിദ്യാഭ്യാസത്തിലൂടെയും സാമൂഹ്യ മുന്നേറ്റത്തിലൂടെയും രൂപപ്പെട്ടതാണ് കേരളത്തിന്റെ പൊതുജനാരോഗ്യ സംവിധാനമെന്ന് ആരോഗ്യ മന്ത്രി പറഞ്ഞു. ആരോഗ്യ മന്ത്രിയുടെ പ്രതികരണത്തിൽ പ്രതിഷേധിച്ച് പ്രതിപക്ഷം സഭ ബഹിഷ്‌ക്കരിച്ചു.
Content Highlight: Amoebic encephalitis testing possible in all districts: Veena George