| Tuesday, 30th September 2025, 9:31 pm

സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷക ജ്വരം; രോഗബാധ മലപ്പുറം സ്വദേശിക്ക്

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു. മലപ്പുറം വെട്ടം സ്വദേശിയായ 88കാരനാണ് രോഗബാധ സ്ഥിരീകരിച്ചത്. നിലവില്‍ ഇദ്ദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്.

ശനിയാഴ്ചയാണ് കടുത്ത പനിയെ തുടർന്ന് 88കാരനെ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചത്. മെഡിക്കല്‍ കോളേജില്‍ തന്നെ നടത്തിയ പരിശോധനയിലാണ് അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചത്.

നിലവില്‍ ഇദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമെന്നാണ് വിവരം. രോഗബാധയുടെ ഉറവിടം എവിടെയാണെന്നതില്‍ വ്യക്തതയില്ല.

അതേസമയം അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് ഒമ്പത് പേരാണ് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ മാത്രം ചികിത്സയില്‍ കഴിയുന്നത്. ഇതില്‍ മൂന്ന് കുട്ടികളും ഉള്‍പ്പെടുന്നു. ഒമ്പത് പേരുടെയും ആരോഗ്യനില തൃപ്തികരമാണ്.

സെപ്റ്റംബര്‍ ഒമ്പതിന് അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് ചികിത്സയിലായിരുന്ന തൃശൂര്‍ ചാവക്കാട് സ്വദേശിയായ റഹീം മരണപ്പെട്ടിരുന്നു. കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയായിരുന്നു മരണം.

പനി കൂടുതലായതിനെത്തുടര്‍ന്ന് അബോധാവസ്ഥയിലായ റഹീമിനെ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിക്കുകയായിരുന്നു.

തുടര്‍ച്ചയായി രോഗബാധ സ്ഥിരീകരിച്ചതോടെ സംസ്ഥാനത്തെ തദ്ദേശസ്ഥാപനങ്ങള്‍ കേന്ദ്രീകരിച്ച് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കാന്‍ ആരോഗ്യവകുപ്പ് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

രോഗബാധ സ്ഥിരീകരിച്ചാല്‍ ആദ്യം തന്നെ ഉറവിടം കണ്ടെത്തി കൂടുതല്‍ പേരിലേക്ക് അസുഖം പടരാതിരിക്കാനുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങളും ശക്തമാക്കിയിട്ടുണ്ടെന്ന് ആരോഗ്യവകുപ്പ് അറിയിച്ചിരുന്നു.

അമീബിക് മസ്തിഷ്‌ക ജ്വരം:

കെട്ടിക്കിടക്കുന്ന വെള്ളത്തില്‍ മുങ്ങി കുളിക്കുന്നവരിലും നീന്തുന്നവരിലും വളരെ അപൂര്‍വമായി ഉണ്ടാകുന്ന രോഗ ബാധയാണ് അമീബിക് മസ്തിഷ്‌ക ജ്വരം അഥവാ അമീബിക് എന്‍സെഫലൈറ്റിസ്. നേഗ്ലെറിയ ഫൗലേറി, അക്കാന്ത അമീബ, സാപ്പിനിയ, ബാലമുത്തിയ വെര്‍മമീബ എന്നീ അമീബ വിഭാഗത്തില്‍പ്പെട്ട രോഗാണുക്കള്‍ തലച്ചോറിനെ ബാധിക്കുമ്പോഴാണ് രോഗം ഉണ്ടാകുന്നത്. ഇത് മനുഷ്യരില്‍ നിന്നും മനുഷ്യരിലേക്ക് പകരുന്ന രോഗമല്ല.

രോഗ ലക്ഷണങ്ങള്‍:

തീവ്രമായ തലവേദന, പനി, ഓക്കാനം, ഛര്‍ദ്ദി, കഴുത്ത് തിരിക്കാന്‍ ബുദ്ധിമുട്ട്, വെളിച്ചത്തിലേക്ക് നോക്കാനുള്ള ബുദ്ധിമുട്ട് എന്നിവയാണ് പ്രധാന രോഗ ലക്ഷണങ്ങള്‍

Content Highlight: Amoebic encephalitis again in kerala; Malappuram native infected

We use cookies to give you the best possible experience. Learn more