| Sunday, 16th August 2026, 11:49 am

ഭരണകൂടത്തിന്റെ അനുമതിയോടെയുള്ള ആക്രമണം: വെസ്റ്റ് ബാങ്കിൽ ഫലസ്തീൻ കുടുംബങ്ങൾക്ക് നേരെയുള്ള ഉപരോധത്തിൽ രൂക്ഷ വിമർശനവുമായി ആംനസ്റ്റി

ശ്രീലക്ഷ്മി പി.പി

ലണ്ടൻ : അധിനിവേശ വെസ്റ്റ് ബാങ്കിലെ നാബ്ലുസിന് തെക്കുകിഴക്കുള്ള ഖുസ്‌റ ഗ്രാമത്തിൽ ഫലസ്തീൻ കുടുംബങ്ങളുടെ വീടുകൾക്ക് നേരെ ഇസ്രഈലി കുടിയേറ്റക്കാർ നടത്തിയ ദിവസങ്ങളോളം നീണ്ട ഉപരോധത്തിനെതിരെ രൂക്ഷ വിമർശനവുമായി ആംനസ്റ്റി ഇന്റർനാഷണൽ.

ഭരണകൂടത്തിന്റെ അനുമതിയോടെയും പിന്തുണയോടെയും കുടിയേറ്റക്കാരുടെ അതിക്രമങ്ങൾ വർധിക്കുന്നതിന്റെ തെളിവാണ് ഖുസ്‌റയിലെ സംഭവങ്ങളെന്ന് സംഘടന ചൂണ്ടിക്കാട്ടി.

നിരവധി മാസങ്ങളായി സമീപത്തെ കുടിയേറ്റ കേന്ദ്രങ്ങളിൽ നിന്നുള്ള ഇസ്രഈലി കുടിയേറ്റക്കാർ മൂന്ന് ഫലസ്തീൻ കുടുംബങ്ങളെ ഭീഷണിപ്പെടുത്തുകയും ഉപദ്രവിക്കുകയും ആക്രമിക്കുകയും ചെയ്തുവരികയാണ്. ഓഗസ്റ്റ് ഒമ്പത് മുതൽ കുടുംബങ്ങൾ വീടുകളിൽ തന്നെ കഴിയാൻ നിർബന്ധിതരായതായും ഭക്ഷണം ഉൾപ്പെടെയുള്ള അവശ്യസാധനങ്ങൾ തീർന്നുവരുന്നതായും ആംനസ്റ്റി വ്യക്തമാക്കി. കുടിവെള്ളം ഉൾപ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങളും കുടുംബങ്ങൾക്ക് ലഭ്യമല്ലാത്ത സാഹചര്യമാണുള്ളത്.

കുടിയേറ്റക്കാരുടെ ആക്രമണങ്ങൾ തടയുന്നതിന് പകരം ഇസ്രഈൽ സൈന്യം ആക്രമിക്കപ്പെട്ട കുടുംബങ്ങളെയാണ് വീടുകളിൽ നിന്ന് മാറ്റുന്നതെന്ന വിമർശനവും ഉയർന്നിട്ടുണ്ട്. വ്യാഴാഴ്ച ഉപരോധിക്കപ്പെട്ട രണ്ട് കുടുംബങ്ങളെയും സമീപത്തെ മറ്റ് ആറ് കുടുംബങ്ങളെയും ഇസ്രഈൽ സൈന്യം മണിക്കൂറുകളോളം വീടുകളിൽ നിന്ന് ഒഴിപ്പിച്ചു.ഓസ്‌ലോ കരാർ പ്രകാരമുള്ള വർഗീകരണത്തിൽ ഈ വീടുകൾ വെസ്റ്റ് ബാങ്കിലെ ഏരിയ ബി മേഖലയിലാണ് സ്ഥിതി ചെയ്യുന്നത്. ഇവിടെ ഭരണപരമായ നിയന്ത്രണം ഫലസ്തീൻ അതോറിറ്റിക്കും സുരക്ഷാ നിയന്ത്രണം ഇസ്രഈൽ സൈന്യത്തിനുമാണ്.

ഫലസ്തീനികളെ അവരുടെ ഭൂമിയിൽ നിന്ന് ഒഴിപ്പിക്കുക എന്ന ലക്ഷ്യത്തോടെ വെസ്റ്റ് ബാങ്കിലുടനീളം ഏകോപിതവും ആസൂത്രിതവുമായ കുടിയേറ്റക്കാരുടെ അതിക്രമങ്ങൾ വർധിച്ചുവരുന്നതിന്റെ ഭാഗമാണ് ഖുസ്‌റയിലെ സംഭവങ്ങളെന്ന് ആംനസ്റ്റി ഇന്റർനാഷണലിന്റെ ഗവേഷണം, അഭിഭാഷണം, നയരൂപീകരണം, കാമ്പയിനുകൾ എന്നിവയുടെ സീനിയർ ഡയറക്ടർ എറിക്ക ഗുവേര റോസാസ് പറഞ്ഞു.

‘ഖുസ്‌റയിൽ അരങ്ങേറുന്ന ഭീകരത ഒറ്റപ്പെട്ട സംഭവമല്ല. അധിനിവേശ വെസ്റ്റ് ബാങ്കിലുടനീളം ഫലസ്തീനികളെ അവരുടെ ഭൂമിയിൽ നിന്ന് കുടിയൊഴിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ഏകോപിതവും ആസൂത്രിതവുമായ കുടിയേറ്റക്കാരുടെ ഭീകരത തുടർച്ചയായി വർധിക്കുകയും വ്യാപിക്കുകയും ചെയ്യുന്നതിന്റെ തെളിവാണിത്. ഇസ്രഈൽ ഭരണകൂടത്തിന്റെ അനുമതിയോടെയും പിന്തുണയോടെയും ധനസഹായത്തോടെയുമാണ് ഇത്തരം നടപടികൾ നടക്കുന്നത്,’എന്ന് അദ്ദേഹം പറഞ്ഞു.

കുടിയേറ്റക്കാരുടെ അക്രമങ്ങൾ തടയുന്നതിൽ ഇസ്രഈൽ സൈന്യം പരാജയപ്പെടുന്നതായും പലപ്പോഴും ആക്രമണകാരികളെ സംരക്ഷിക്കുന്ന നിലപാടാണ് അധികാരികൾ സ്വീകരിക്കുന്നതെന്നും മനുഷ്യാവകാശ സംഘടനകൾ ഉന്നയിക്കുന്നു. വെസ്റ്റ് ബാങ്കിൽ ഫലസ്തീനികൾക്കെതിരെ വർധിച്ചുവരുന്ന ഇത്തരം അതിക്രമങ്ങൾ അന്താരാഷ്ട്ര തലത്തിലും ആശങ്ക ഉയർത്തിയിട്ടുണ്ട്.

Content Highlight:Attacks with the Government’s Approval: Amnesty Slams Siege of Palestinian Families in the West Bank.

ശ്രീലക്ഷ്മി പി.പി

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയിനി. കണ്ണൂര്‍ സര്‍വകലാശാലയില്‍ നിന്നും ജേണലിസത്തില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more