ലണ്ടന്‍: ഗസയിലെ വംശഹത്യ ആരംഭിച്ച 2023 ഒക്ടോബര്‍ ഏഴുമുതല്‍ 2596 തവണ ഇന്ത്യ ഇസ്രഈലിലേക്ക് ആയുധങ്ങള്‍ കയറ്റുമതി ചെയ്തതായി മനുഷ്യാവകാശ സംഘടനയായ ആംനസ്റ്റി ഇന്റര്‍നാഷനല്‍. പബ്ലിക് ഡൊമൈനില്‍ ലഭ്യമായ ഷിപ്പിങ് ഡാറ്റയെ അടിസ്ഥാനമാക്കിയുള്ള ‘മെയ്ഡ് ഇന്‍ ഇന്ത്യ: ദ സപ്ലൈ ഓഫ് വെപണ്‍സ് ആന്‍ഡ് അമ്യൂണിഷന്‍ ടു ഇസ്രഈല്‍ എന്ന റിപ്പോര്‍ട്ടിലാണ്,’ ആംനസ്റ്റി ഈ കാര്യം വെളിപ്പെടുത്തിയത്.
ആയുധങ്ങള്‍, സ്‌ഫോടക വസ്തുക്കള്‍, സൈനിക വാഹനങ്ങള്‍ എന്നിവയുടെ ഭാഗങ്ങളാണ് ഈ കാലയളവില്‍ ഇന്ത്യ ഇസ്രഈലിലേക്ക് കയറ്റി അയച്ചത്. സൈനിക ഗ്രേഡ് ആയുധങ്ങള്‍ക്കായുള്ള 390,516 ചെറിയ ആയുധ ഭാഗങ്ങള്‍ ഇതില്‍ ഉള്‍പ്പെടുന്നു. 564,970 സ്‌ഫോടക സാമഗ്രികളും ഇക്കാലയളവില്‍ ഇന്ത്യ ഇസ്രഈലിലേക്ക് കയറ്റി അയച്ചെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
സൈനിക വാഹനങ്ങളുടെ 298 ഘടകങ്ങളും ഇന്ത്യ ഈ കാലയളവില്‍ കയറ്റി അയച്ചു. ഇസ്രായേലി സായുധ സേനക്ക് നേരിട്ട് ഉപകരണങ്ങള്‍ വിതരണം ചെയ്യുന്ന ഇസ്രാഈലി കമ്പനികള്‍ക്കാണ് ഈ വാഹന ഭാഗങ്ങള്‍ വിതരണം ചെയ്തതെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.
മെഷീന്‍-ഗണ്‍ ഭാഗങ്ങള്‍, ഇസ്രഈലിലെ എല്‍ബിറ്റ് സിസ്റ്റംസിന് വിതരണം ചെയ്ത 155 എം.എം. പീരങ്കി ഷെല്ലുകള്‍, ഖാന്‍ യൂനിസിലെ അവശിഷ്ടങ്ങള്‍ക്കിടയില്‍ കണ്ടെത്തിയതിന് സമാനമായ സ്‌കൈസ്‌ട്രൈക്കര്‍ ‘കാമികേസ്’ ഡ്രോണുകള്‍ക്കുള്ള സ്‌ഫോടക വാര്‍ഹെഡുകള്‍ എന്നിവ ഉള്‍പ്പെടുന്നതായും റിപ്പോര്‍ട്ടില്‍ ആംനസ്റ്റി വ്യക്തമാക്കുന്നു.
സിവിലിയന്‍ ആവശ്യങ്ങള്‍ക്കോ പൂര്‍ണമായും പ്രതിരോധ ആവശ്യങ്ങള്‍ക്കോ ആയി നടത്തിയ കയറ്റുമതികളെ ഈ സര്‍വേയില്‍ ഉള്‍പ്പെടുത്തിയില്ല എന്നും ആംനസ്റ്റിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. ഇന്ത്യന്‍ കമ്പനികളും കസ്റ്റംസും വിവരങ്ങള്‍ സമര്‍പിക്കുന്നതില്‍ സ്ഥിരത പാലിക്കാത്തതിനാല്‍ ഈ റിപ്പോര്‍ട്ടിലെ കണക്കുകള്‍ ഭാഗികമായിരിക്കാമെന്നും ഈ റിപ്പോര്‍ട്ടിന്റെ ആമുഖത്തില്‍ ആംനസ്റ്റി വ്യക്തമാക്കി.
ആയുധങ്ങള്‍ കയറ്റി അയച്ചവരില്‍ ഇന്ത്യയിലെ പൊതുമേഖലാ സ്ഥാപനങ്ങളും സ്വകാര്യ സ്ഥാപനങ്ങളും ഉള്‍പ്പെടുന്നു. ഗസയില്‍ ഇസ്രഈല്‍ വംശഹത്യയും മനുഷ്യരാശിക്കെതിരായ കുറ്റകൃതക്യങ്ങളും നടത്താന്‍ സാധ്യതയുണ്ടെന്ന മുന്നറിയിപ്പുകള്‍ വന്നശേഷവും കുറേ കാലം ഈ കയറ്റുമതികള്‍തുടര്‍ന്നെന്നും മനുഷ്യാവകാശ സംഘടന പറയുന്നു.
സായുധ സംഘര്‍ഷത്തില്‍ പങ്കാളികളായ ഭരണകൂടങ്ങളോ സായുധ സംഘടനകളോ അടക്കമുള്ള കക്ഷികള്‍ക്ക് ആയുധങ്ങള്‍ കൈമാറുന്നത് അന്താരാഷ്ട്ര മാനുഷിക നിയമം (ഐ.എച്ച്.എല്‍) പ്രകാരം നിരോധിക്കപ്പെട്ട കാര്യമാണെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.
ഇസ്രഈലിലേക്ക് ആയുധങ്ങള്‍ കയറ്റി അയക്കുന്ന സ്ഥാപനങ്ങള്‍ ഐ.എച്ച്.എല്‍ വ്യവസ്ഥകള്‍ ലംഘിച്ചിരിക്കുകയാണ്. ഈ ആയുധങ്ങള്‍ അന്താരാഷ്ട്ര കുറ്റകൃത്യങ്ങള്‍ക്കായി ഉപയോഗിക്കുന്ന കാര്യം അറിഞ്ഞുകൊണ്ടാണ് സ്ഥാപനങ്ങള്‍ കയറ്റുമതി നടത്തിയതെങ്കില്‍ അത് ക്രിമിനല്‍ ഉത്തരവാദിത്തമായി പരിഗണിക്കാമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ഷിപ്‌മെന്റുകളിലെ ഹാര്‍മോണൈസ്ഡ് സിസ്റ്റംസ് (എച്ച്.എസ്) കോഡുകള്‍ പരിശോധിച്ചാണ് തങ്ങള്‍ വിവരങ്ങള്‍ ശേഖരിച്ചതെന്ന് ആംനസ്റ്റി വ്യക്തമാക്കി. 9301 മുതല്‍ 9307 വരെയുള്ള എച്ച്.എസ് കോഡുകളും 8710 എന്ന എച്ച്.എസ് കോഡുമാണ് ആയുധ ഭാഗങ്ങളുടെ കയറ്റുമതിക്ക് ഉപയോഗിക്കുക.
സൈനിക വാഹനങ്ങളുടെയും ടാങ്കുകളുടെയും കയറ്റുമതിയാണ് 8710 പ്രകാരമുള്ള ഷിപ്‌മെന്റുകളിലുണ്ടാവുക. 9301 മുതല്‍ 9307 വരെയുള്ള എച്ച്.എസ് കോഡുകള്‍ മെഷീന്‍ ഗണ്ണുകളും സ്‌ഫോടക വസ്തുക്കളും റോക്കറ്റ് ലോഞ്ചറുകളും അടക്കമുള്ള ആയുധങ്ങളോ സ്‌ഫോടക വസ്തുക്കളോ ആയി ബന്ധപ്പെട്ട കയറ്റുമതിയെയും സൂചിപ്പിക്കുന്നു.
9301 മുതല്‍ 9307 വരെയുള്ള കാറ്റഗറികളില്‍ പെടുന്ന 2810 ഷിപ്‌മെന്റുകള്‍ ഇന്ത്യയില്‍ നിന്ന് ഇസ്രഈലിലെക്ക് വംശഹത്യാ കാലത്ത് കയറ്റി അയച്ചു. എസ്.എച്ച് കോഡ് 8710 പ്രകാരമുള്ള 16 ഷിപ്‌മെന്റുകളും ഈ കാലയളവില്‍ ഇന്ത്യയില്‍ നിന്ന് ഇസ്രഈലിലേക്ക് കയറ്റി അയച്ചതായും ആംനസ്റ്റി റോപ്പോര്‍ട്ടില്‍ പറയുന്നു.
റിവോള്‍വര്‍-പിസ്റ്റള്‍ ഭാഗങ്ങള്‍ എന്ന വിഭാഗത്തിലുള്ള 1838 ഷിപ്‌മെന്റുകള്‍ ഇന്ത്യയില്‍ നിന്ന് ഇസ്രഈലിലേക്ക് ഈ കാലയളവില്‍ കയറ്റി അയച്ചിട്ടുണ്ട്. റിവോള്‍വറുകളും പിസ്റ്റളുകളും അല്ലാത്ത സൈനിക ഉപകരണങ്ങള്‍ എന്ന വിഭാഗത്തില്‍ 354 കയറ്റുമതികള്‍ നടന്നു. ഇതില്‍ മിസൈല്‍ ഇന്റര്‍സെപ്റ്ററുകളും എയര്‍ ഡിഫന്‍സ് സിസ്റ്റവുമായി ബന്ധപ്പെട്ട ഉപകരണ ഭാഗങ്ങളും ഉള്‍പ്പെടുന്നു. മറ്റുള്ളവ എന്ന വിഭാഗത്തില്‍ പെടുന്ന സൈനിക ഉപകരണങ്ങള്‍ 389 തവണ കയറ്റി അയച്ചു. മിസൈല്‍, റോക്കറ്റ് എന്നിവയുടെ ഭാഗങ്ങള്‍ ഈ വിഭാഗത്തില്‍ ഉള്‍പ്പെടുന്നതായും ആംനസ്റ്റി പറയുന്നു.
ഇസ്രഈലിലേക്കുള്ള ആയുധ കയറ്റുമതിയെക്കുറിച്ച് ഇന്ത്യന്‍ പ്രതിരോധ മന്ത്രാലയത്തിന് തങ്ങള്‍ കത്തയക്കുകയും വിവരാവകാശ അപേക്ഷ നല്‍കുകയും ചെയ്‌തെന്നും എന്നാല്‍ അവയ്ക്ക് മറുപടി ലഭിച്ചില്ലെന്നും ആംനസ്റ്റി അറിയിച്ചു. ഇസ്രഈലിലേക്ക് ആയുധങ്ങള്‍ കയറ്റി അയച്ച 15 സ്ഥാപനങ്ങള്‍ക്ക് കത്തയച്ചപ്പോള്‍ അവരും മറുപടി തന്നില്ലെന്നും ആംനസ്റ്റി വ്യക്തമാക്കി.
ഇസ്രഈലിലേക്കുള്ള ആയുധ ഭാഗങ്ങളുടെ കയറ്റുമതി ഇന്ത്യ ഉടന്‍ തന്നെ നിര്‍ത്തിവെക്കണമെന്നതടക്കമുള്ള ശുപാര്‍ശകളും ആംനസ്റ്റി മുന്നോട്ട് വെക്കുന്നു. ഇസ്രഈലിനെതിരെ ഇന്ത്യ ആയുധ ഉപരോധം പ്രഖ്യാപിക്കണമെന്നും മനുഷ്യാവകാശ സംഘടന ശുപാര്‍ശ ചെയ്തു.
Content Highlight: Amnesty international’s Report about arms shipments to Israel during genocide in Gaza