| Tuesday, 16th August 2016, 7:13 pm

തങ്ങളുടെ ജീവനക്കാര്‍ ഇന്ത്യാ വിരുദ്ധ മുദ്രാവാക്യം വിളിച്ചിട്ടില്ലെന്ന് ആംനസ്റ്റി ഇന്റര്‍നാഷനല്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ബംഗളൂരു: കാശ്മീര്‍ വിഷയവുമായി ബന്ധപ്പെട്ട് നടന്ന ചര്‍ച്ചയ്ക്കിടെ ഇന്ത്യാ വിരുദ്ധ മുദ്രാവാക്യം വിളിച്ചെന്ന ആരോപണത്തില്‍ വിശദീകരണവുമായി മനുഷ്യാവകാശ സംഘടന ആംനസ്റ്റി ഇന്റര്‍നാഷനല്‍. ജീവനക്കാരില്‍ ആരും മുദ്രാവാക്യം വിളിച്ചിട്ടില്ലെന്ന് പത്രക്കുറിപ്പിലൂടെ സംഘടന വ്യക്തമാക്കി.

വിഭാഗീയതയ്ക്കും ശത്രുതയ്ക്കും അക്രമത്തിനും കാരണമാകാത്ത തരത്തില്‍ രാഷ്ട്രീയ അഭിപ്രായവ്യത്യാസങ്ങള്‍ പരിഹരിക്കാനുള്ള ശ്രമം രാജ്യാന്തര മനുഷ്യാവകാശ നിയമങ്ങള്‍ക്കു കീഴിലെ അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ പരിധിയില്‍ വരുന്നതാണ് ആംനസ്റ്റി ഇന്റര്‍നാഷനല്‍ പത്രക്കുറിപ്പില്‍ വ്യക്തമാക്കി.

ശനിയാഴ്ച ആംനസ്റ്റി ഇന്റര്‍നാഷനലിന്റെ നേതൃത്വത്തില്‍ നടന്ന സംവാദ പരിപാടിക്കിടെ ഇന്ത്യാ വിരുദ്ധ മുദ്രാവാക്യം വിളിച്ചുവെന്നാണ് ആരോപണം. എ.ബി.വി.പി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ സംഘടനയുടെ ഏതാനും പ്രവര്‍ത്തകര്‍ക്കെതിരെ ബംഗളൂരു പൊലീസ് രാജ്യദ്രോഹക്കുറ്റം ചുമത്തിയിരുന്നു.

നിയമവിരുദ്ധമായി യോഗം ചേരുക, കലാപത്തിന് ശ്രമിക്കല്‍, സമാധാന അന്തരീക്ഷം തകര്‍ക്കാന്‍ ശ്രമിക്കല്‍ തുടങ്ങിയ കുറ്റങ്ങളും സംഘടനയ്‌ക്കെതിരെ ചുമത്തിയിട്ടുണ്ട്. സംവാദത്തിനിടെ ഒരു സംഘമാളുകള്‍ കാശ്മീരിന് സ്വാതന്ത്ര്യം നല്‍കണമെന്ന് ആവശ്യപ്പെട്ട് മുദ്രാവാക്യം മുഴക്കിയെന്നാണ് ആരോപണം. ഇതിന്റെ വിഡിയോയും എ.ബി.വി.പി പൊലീസിന് കൈമാറി.

അതിനിടെ, ആംനസ്റ്റി ഇന്റര്‍നാഷനലിനെതിരെ ബംഗളൂരുവില്‍ എ.ബി.വി.പി നടത്തിയ പ്രതിഷേധം അക്രമത്തില്‍ കലാശിച്ചു. വിദ്യാര്‍ഥികള്‍ക്കു നേരെ പൊലീസ് ലാത്തിവീശി.

We use cookies to give you the best possible experience. Learn more