| Thursday, 28th May 2026, 6:50 pm

അമ്മപുതപ്പേ പാടിയത് ടൊവിനോയല്ല; ഇനി മമ്മൂക്കയ്ക്കും പാടാമെന്ന് സോഷ്യല്‍ മീഡിയ

അശ്വിന്‍ രാജേന്ദ്രന്‍

വലിയ ഒച്ചപ്പാടും ബഹളവുമായി മെയ് 21ന് തിയേറ്ററുകളിലെത്തിയ ചിത്രമായിരുന്നു നവാഗതനായ അരുണ്‍ അനിരുദ്ധന്‍ സംവിധാനം ചെയ്ത അതിരടി. ബേസില്‍ ജോസഫിനെയും ടൊവിനോ തോമസിനെയും കേന്ദ്രകഥാപാത്രങ്ങളാക്കി ഒരുക്കിയ ചിത്രം തിയേറ്ററുകളില്‍ നിന്നും മികച്ച വിജയം നേടി അമ്പത് കോടിയിലധികമാണ് കളക്ഷനായി സ്വന്തമാക്കിയിരുന്നത്. ഗായക ഗുണ്ടയായ ശ്രീക്കുട്ടനായി ടൊവിനോയും കോളേജ് വിദ്യാര്‍ത്ഥിയായ സാംകുട്ടന്‍ അഥവാ സാംബോയി ആയി ബേസിലും വേഷമിട്ട ചിത്രം മികച്ച ഒരു ആക്ഷന്‍ കോമഡി എന്റര്‍ടെയിനറായിരുന്നു മലയാള സിനിമാ പ്രേക്ഷകര്‍ക്ക് സമ്മാനിച്ചിരുന്നത്.

അതിരടി. Photo: X.com

വിനീത് ശ്രീനിവാസന്‍ അദ്ദേഹത്തിന്റെ സ്വന്തം ഐഡിന്റിറ്റിയില്‍ തന്നെ പ്രത്യക്ഷപ്പെടുന്ന ചിത്രത്തില്‍ അമ്മപുതപ്പേ എന്ന് തുടങ്ങുന്ന ഗാനത്തിന് വലിയ പ്രാധാന്യമുണ്ടായിരുന്നു. ചിത്രത്തിന്റെ ട്വിസ്റ്റെന്നോ ഏറ്റവും ആവേശം തരുന്ന നിമിഷമെന്നോ നിസംശയം പറയാവുന്ന ഭാഗമായിരുന്നു വിനീത് ശ്രീനിവാസന്‍ തന്റെ ശബ്ദത്തില്‍ അമ്മപുതപ്പേ എന്ന ഗാനം ആലപിക്കുന്ന രംഗം. ടൊവിനോയുടെ ശ്രീക്കുട്ടന്‍ എന്ന കഥാപാത്രം തന്റെ അമ്മയുടെ ഓര്‍മയ്ക്ക് വേണ്ടി രചിച്ച ഗാനം അതിന്റെ പൂര്‍ണതയില്‍ എത്തുന്നത് ഈ രംഗത്തിലാണെന്ന് കാണാം.

എന്നാല്‍ ഈ രംഗത്തിന് തൊട്ട് മുന്‍പ് വരെ ടൊവിനോയുടെ ശബ്ദത്തില്‍ ചിത്രത്തില്‍ പലയിടത്തായി പ്രേക്ഷകര്‍ അമ്മപുതപ്പേ എന്ന ഗാനം കേട്ടിരുന്നു. യാതൊരു വിധത്തിലും ആസ്വാദകരമല്ലാത്ത ഈണത്തിലായിരുന്നു ഈ സീനുകളിലെല്ലാം ഈ ഗാനം സംവിധായകന്‍ പ്ലേസ് ചെയ്തത്. എന്നാല്‍ ഏവരെയും അമ്പരപ്പിച്ചുകൊണ്ട് കൃത്യമായി സംഗീതം പഠിച്ച ഒരാളെ പോലെ തന്നെയായിരുന്നു ടൊവിനോ ഗാനം ആലപിച്ചിരുന്നത്.

ഇപ്പോഴിതാ ടൊവിനോ തോമസ് ആയിരുന്നില്ല ഗാനം ആലപിച്ചതെന്നും സംഗീതജ്ഞനായി വിഷ്ണു വിജയ് ഗാനം പാടി റെക്കോര്‍ഡ് ചെയ്ത ശേഷം ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് അഥവാ നിര്‍മിത ബുദ്ധി ഉപയോഗിച്ച് ടൊവിനോയുടെ ശബ്ദത്തിലേക്ക് മാറ്റിതാണെന്നുമുള്ള വിവരമാണ് ചിത്രം കണ്ടിറങ്ങിയവരെ അത്ഭുതപ്പെടുത്തുന്നത്. പ്രേക്ഷകര്‍ക്ക് ഒരു തരത്തിലും മനസിലാകാത്ത വിധത്തില്‍ സിനിമയ്ക്ക് ഉപയോഗപ്രദമായ രീതിയില്‍ ടെക്‌നോളജിയെ ഉപയോഗിച്ചതിന് അതിരടി ടീമിനെ പ്രശംസിക്കുകയാണ് ഇപ്പോള്‍ സിനിമാ പ്രേക്ഷകര്‍.

അതിരടി. Photo: District

ഇത്തരത്തിലുള്ള സംവിധാനം ഉപയോഗിച്ച് സിനിമയില്‍ പാടാന്‍ കഴിവില്ലാത്ത ഒരുപാട് പേര്‍ക്ക് ശബ്ദം നല്‍കാന്‍ സാധിക്കുമെന്നും സോഷ്യല്‍ മീഡിയയില്‍ പലരും അഭിപ്രായമറിയിക്കുന്നു. ട്രോളായിട്ടാണെങ്കിലും സൂപ്പര്‍താരം മമ്മൂട്ടിയ്ക്ക് ഇനി സ്വന്തം ശബ്ദത്തില്‍ സിനിമയില്‍ പാടാമെനന്നാണ് പലരുടെയും കമന്റുകള്‍.

Content Highlight: Ammaputhapppe song in Athiradi is not sung by Tovino Thomas

അശ്വിന്‍ രാജേന്ദ്രന്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും ഇംഗ്ലീഷില്‍ ബിരുദം. കര്‍ണാടക കേന്ദ്രസര്‍വ്വകലാശാലയില്‍ നിന്നും എം.എ. മാസ് കമ്യൂണിക്കേഷന്‍ ആന്‍ഡ് ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more