കൊച്ചി: അമ്മ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ നിന്നും പിന്മാറി നടന്‍ ജഗദീഷ്. പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്നതിനായി സമര്‍പ്പിച്ച പത്രിക ജഗദീഷ് പിന്‍വലിച്ചു.
നടന്‍മാരായ മോഹന്‍ലാലുമായും മമ്മൂട്ടിയുമായും സംസാരിച്ച ശേഷമാണ് ജഗദീഷിന്റെ തീരുമാനം. വനിത പ്രസിഡന്റ് വരട്ടെയെന്ന നിലപാടിലാണ് ജഗദീഷ്.
മോഹന്‍ലാലിന്റെയും മമ്മൂട്ടിയുടെയും അനുമതി ലഭിച്ചാല്‍ മത്സരത്തില്‍ നിന്ന് പിന്മാറുമെന്ന നിലപാടായിരുന്നു ജഗദീഷ് തുടക്കം മുതല്‍ സ്വീകരിച്ചിരുന്നു. ഇരുവരുടേയും സമ്മതം ലഭിച്ചതിന് പിന്നാലെയാണ് തീരുമാനമെന്നാണ് അറിയുന്നത്.
ഇതോടെ പ്രസിഡന്റ് സ്ഥാനത്തേക്ക് ശ്വേതാ മേനോന്‍ വരാനുള്ള സാധ്യതയേറി. ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് ബാബുരാജും കുക്കു പരമേശ്വരനും രവീന്ദ്രനും മത്സരിക്കും.
പ്രസിഡന്റ് സ്ഥാനത്തേക്ക് പത്രിക നല്‍കിയ ജയന്‍ ചേര്‍ത്തല, രവീന്ദ്രന്‍ എന്നിവര്‍ നേരത്തേ പിന്മാറിയിരുന്നു. നടന്‍ അനൂപ് ചന്ദ്രന്‍ പ്രസിഡന്റ്, ജനറല്‍ സെക്രട്ടറി സ്ഥാനങ്ങളിലേക്ക് പത്രിക നല്‍കിയിട്ടുണ്ട്. പത്രിക പിന്‍വലിക്കാനുള്ള അവസാനതീയതി ഇന്നാണ്.
ഏഴ് വര്‍ഷമായി അമ്മയുടെ പ്രസിഡന്റായി തുടര്‍ന്ന ശേഷമാണ് മോഹന്‍ലാലിന്റെ രാജി. ഇതോടെയാണ് നടന്മാരായ ജഗദീഷ്, ശ്വേത മേനോന്‍ തുടങ്ങി നാല് പേര്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചത്.
2024 മുതല്‍ 2027 വരെയുള്ള കാലയളവിലേക്കുള്ള 16 അംഗ എക്സിക്യൂട്ടീവ് കമ്മിറ്റി രാജിവെച്ചത് 2024 സെപ്റ്റംബറിലാണ്. അന്നുമുതല്‍ അഡ്ഹോക്ക് കമ്മിറ്റിയാണ് അസോസിയേഷന്‍ നേതൃത്വം നല്‍കുന്നത്.
കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ വൈസ് പ്രസിഡന്റുമാരായി ജയന്‍ ചേര്‍ത്തലയും ജഗദീഷും ജനറല്‍ സെക്രട്ടറിമാരായി സിദ്ദിഖും ജോയിന്റ് സെക്രട്ടറിമാരായി ബാബുരാജും തെരഞ്ഞെടുക്കപ്പെട്ടിരുന്നു.
അന്‍സിബ, സരയു, വിനു മോഹന്‍, ടിനി ടോം, അനന്യ, സുരേഷ് കൃഷ്ണ, കലാഭവന്‍ ഷാജോണ്‍, സുരാജ് വെഞ്ഞാറമൂട്, ജോയ് മാത്യു, ടൊവിനോ തോമസ്, ജോമോള്‍ എന്നിവരായിരുന്നു എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങള്‍.
സിനിമയിലെ സ്ത്രീകള്‍ക്കെതിരായ പീഡനങ്ങള്‍ വെളിപ്പെടുത്തിയ ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നതിനെത്തുടര്‍ന്നാണ് ‘അമ്മ’ എക്‌സിക്യൂട്ടീവ് കമ്മിറ്റി രാജിവച്ചിരുന്നത്.
പ്രസിഡന്റ്, രണ്ട് വൈസ് പ്രസിഡന്റുമാര്‍, ജനറല്‍ സെക്രട്ടറി, ജോയിന്റ് സെക്രട്ടറി, ട്രഷറര്‍, 11 എക്‌സിക്യൂട്ടീവ് അംഗങ്ങള്‍ എന്നിവരെ തെരഞ്ഞെടുക്കാനുള്ള മത്സരമാണ് നടക്കുന്നത്.
Content Highlight: AMMA Election Jagadheesh Withdraw Nomination