തമിഴ്, മലയാളം തുടങ്ങി 100ലേറെ സിനിമയിൽ വില്ലൻ കഥാപാത്രം ചെയ്ത കോഴിക്കോട്ടുകാരനാണ് അംജത് മൂസ. ലോകേഷ് സംവിധാനം ചെയ്ത് ലോകെമെമ്പാടും വൻ ഹിറ്റായി ഓടിക്കൊണ്ടിരിക്കുന്ന ലിയോയിലും അംജത് അഭിനയിച്ചിട്ടുണ്ട്. വിജയിയെ ആദ്യമായി ലൊക്കേഷനിൽ വെച്ച് കണ്ടപ്പോഴുള്ള അനുഭവത്തെക്കുറിച്ച് സംസാരിക്കുകയാണ് അംജത്.
ലൊക്കേഷനിൽ ഒരു സ്റ്റൂളിലാണ് വിജയ് ഇരിക്കാറുള്ളതെന്നും എന്നിട്ട് മാസ്റ്റർ പറയുന്നതൊക്കെ ശ്രദ്ധിച്ച് കേൾക്കുമെന്നും കാരവനിൽ പോയി ഇരിക്കാറില്ലെന്നും അംജത് പറഞ്ഞു. ബിഹൈൻഡ്‌വുഡ്സ് ഐസിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു താരം.
‘കുരുവി സിനിമയുടെ ലൊക്കേഷനിൽ വെച്ച് വിജയ് സാറിനെ എനിക്ക് കാണാൻ സാധിച്ചിരുന്നില്ല. ലിയോയുടെ ലൊക്കേഷനിൽ വെച്ചാണ് ഞാൻ ആദ്യമായിട്ട് വിജയ് സാറിനെ കാണുന്നത്. ശരിക്കും ഒരു പ്രഭാവലയം തന്നെയാണെന്ന് പറയാം. അദ്ദേഹത്തിനെ കാണുമ്പോൾ തന്നെ മനസിലാകും, അദ്ദേഹം ഭയങ്കര ഫോക്കസ് ആണെന്ന്. ലൊക്കേഷനിൽ വന്നുകഴിഞ്ഞാൽ ഭയങ്കര സൈലൻറ് ആണ്.
ആദ്യം വന്നുകഴിഞ്ഞാൽ എല്ലാവരോടും നമസ്കാരം പറയും. അദ്ദേഹം ഒരു സ്റ്റൂളിലാണ് ഇരിക്കുക. എന്നിട്ട് കൈ കെട്ടിയിട്ട് ഫൈറ്റ് മാസ്റ്ററെ ഇങ്ങനെ നോക്കി ഇരിക്കും. അദ്ദേഹത്തിന്റെ ആ ഒരു ഫോക്കസിങ് ഭയങ്കരമാണ്. ഞാൻ മറ്റൊരു നടന്മാരിലും അത് കണ്ടിട്ടില്ല. കാരവനിൽ പോയിട്ട് എ.സിയിൽ ഇരിക്കുകയൊന്നുമില്ല. അങ്ങനെ തന്നെ ഇരുന്നിട്ട്, എല്ലാം ഫോക്കസ് ചെയ്ത് കണ്ടിരിക്കും.
ഞാൻ നല്ല കിക്ക്സ് ഒക്കെ ചെയ്ത് ഫൈറ്റ് ചെയ്തപ്പോൾ വിജയ് സാർ വന്നിട്ട് എന്റെ തോളിൽ കയ്യിട്ട് കെട്ടിപിടിച്ചിട്ട് ‘ഫോട്ടോ എടുക്കടാ’ എന്ന് പറഞ്ഞു. ആ ഫോട്ടോ ഫ്രെയിം ചെയ്ത് വെക്കണം. അർജുൻ സാറെ കൂടെയും മറ്റുള്ളവരുടെ കൂടെയുമൊക്കെയുള്ള ഫോട്ടോകളുണ്ട്. ഞാൻ ഇഷ്ടപ്പെടുന്ന ആളുകളുടെ ഫോട്ടോ എന്റെ ഹൃദയത്തിനുള്ളിലുള്ള പൂജാമുറിയിലുണ്ട്. വിജയ് സാറിൻറെ കൂടെയുള്ള ഫോട്ടോ റിലീസിനു ശേഷം കിട്ടുമെന്നാണ് എന്നോട് പറഞ്ഞിട്ടുള്ളത്,’ അംജത് മൂസ പറഞ്ഞു.
വിജയ് തന്നെ കെട്ടിപിടിച്ച് ഫോട്ടോ എടുത്തതിനെക്കുറിച്ചും അംജത് അഭിമുഖത്തിൽ സംസാരിച്ചു. വിജയിക്ക് തന്നോട് ഇഷ്ട്ടം തോന്നിയതുകൊണ്ടാവും കെട്ടിപിടിച്ചതെന്നും ഇഷ്ട്ടം തോന്നിയ ആളുകളെ അദ്ദേഹം കെട്ടിപിടിക്കുമെന്ന് താൻ കേട്ടിട്ടുണ്ടെന്നും അംജത് മൂസ പറയുന്നുണ്ട്.
‘എന്താണെന്നറിയില്ല അദ്ദേഹത്തിന് എന്നോട് ഇഷ്ടം തോന്നിയിട്ടുണ്ടാകും. ഇഷ്ടം തോന്നിയ ആളുകളെ വിജയ് കെട്ടിപ്പിടിക്കും എന്ന് ഞാൻ പറഞ്ഞു കേട്ടിട്ടുണ്ട്. ഞാനത് നേരിട്ട് കണ്ട് അനുഭവിച്ചറിഞ്ഞു. സിനിമയിൽ അദ്ദേഹത്തിനെ ഞാൻ കൈ കൊണ്ട് കഴുത്തിൽ കെട്ടിപ്പിടിക്കുന്ന ഒരു സീൻ ഉണ്ടല്ലോ അങ്ങനെ പിടിക്കുമ്പോൾ എനിക്ക് വല്ലാത്തൊരു വേദനയായിരുന്നു. പിടിക്കുന്ന സമയത്ത് ഞാൻ ചോദിച്ചിരുന്നു കുഴപ്പമൊന്നുമില്ലല്ലോ എന്ന്. ഒരു കുഴപ്പവുമില്ല എന്നാണ് വിജയ് സാർ പറഞ്ഞത്.
ഷോട്ട് പറയുന്ന സമയത്ത് കഴുത്തിൽ പിടിക്കുമ്പോൾ ചില സമയത്ത് നല്ല വേദന ഉണ്ടാകുമല്ലോ. എന്തെങ്കിലും തെറ്റുപറ്റിയാൽ ക്ഷമിക്കണം എന്ന് ഞാൻ പറഞ്ഞിരുന്നു. നിങ്ങൾ കറക്ട്, പക്കാ ആയിട്ടാണ് ചെയ്യുന്നത്. നല്ലതായിട്ടുണ്ട്, സൂപ്പർ എന്നാണ് മറുപടി പറഞ്ഞത്. പുള്ളി എനിക്ക് നല്ല മോട്ടിവേഷൻ തന്നിരുന്നു,’ അംജത് മൂസ പറയുന്നു.
Content Highlight: Amjath moosa about actor vijay in movie location