| Tuesday, 26th August 2025, 1:23 pm

സൊഹ്റാബുദ്ധീന്‍ കേസിനിടെ രണ്ട് വര്‍ഷം ഗുജറാത്തില്‍ കാലുകുത്തിയില്ല, എന്നെയാണോ രാഷ്ട്രീയ നൈതികത പഠിപ്പിക്കുന്നത്: അമിത് ഷാ

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: സൊഹ്റാബുദ്ധീന്‍ വ്യാജ ഏറ്റുമുട്ടല്‍ കേസ് നടക്കുന്നതിനിടെ ഗുജറാത്തില്‍ നിന്നും രണ്ട് വര്‍ഷം തനിക്ക് മാറി നില്‍ക്കേണ്ടി വന്നെന്ന് കേന്ദ്രമന്ത്രി അമിത് ഷാ.

വിചാരണ നടക്കുന്ന കാലത്ത് ഗുജറാത്തില്‍ രണ്ട് വര്‍ഷം പ്രവേശിച്ചില്ലെന്നും അത് തന്റെ തീരുമാനമായിരുന്നെന്നും അമിത് ഷാ പറഞ്ഞു.

അഞ്ച് വര്‍ഷമോ അതിലധികമോ ശിക്ഷ കിട്ടാവുന്ന കേസുകളില്‍ പിടിയിലായി 30 ദിവസം ജയിലില്‍ കഴിയേണ്ടി വരുന്ന പ്രധാനമന്ത്രിയും മുഖ്യമന്ത്രിയും ഉള്‍പ്പടെ ഏതൊരു മന്ത്രിക്കും സ്ഥാനം നഷ്ടമാകുന്ന ബില്ലിനെ കുറിച്ച് സംസാരിക്കവെയാണ് അമിത് ഷാ സൊഹ്റാബുദ്ധീന്‍ കേസ് പരാമര്‍ശിച്ചത്.

തെളിവുകള്‍ അട്ടിമറിക്കുമെന്ന ഭയത്താല്‍ കോടതി ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് മാറി നില്‍ക്കേണ്ടി വന്നതെന്ന വാദങ്ങളെയും എ.എന്‍.ഐയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ അമിത് ഷാ തള്ളി. താന്‍ തന്നെയാണ് അക്കാര്യം കോടതിയോട് ആവശ്യപ്പെട്ടതെന്നായിരുന്നു അമിത് ഷായുടെ വാദം.

എന്നാല്‍, സൊഹ്റാബുദ്ധീന്‍ കേസ് തന്റെ സ്വാധീനത്താല്‍ അട്ടിമറിക്കപ്പെടുമോ എന്ന് കേസ് പരിഗണിച്ചിരുന്ന ജഡ്ജി അഫ്താബ് ആലമിന് ആശങ്കയുണ്ടായിരുന്നു എന്നും അമിത് ഷാ അഭിമുഖത്തില്‍ വെളിപ്പെടുത്തുന്നുണ്ട്.

കേസ് നടക്കുന്നതിനിടെ സംസ്ഥാനത്ത് നിന്നും വിട്ടുനില്‍ക്കാന്‍ ആവശ്യപ്പെട്ട് ജസ്റ്റിസ് അഫ്താബ് ആലം വസതിയില്‍ നേരിട്ടെത്തി അമിത് ഷായുടെ ഒപ്പ് വാങ്ങിയെന്നായിരുന്നു അന്ന് വന്ന റിപ്പോര്‍ട്ടുകള്‍.

എന്നാല്‍ ഈ വാദങ്ങളെ തള്ളിയ അമിത് ഷാ, അഫ്താബ് ആലം തന്നെ സന്ദര്‍ശിച്ചിട്ടില്ലെന്നും അങ്ങനെയൊരു ഒപ്പ് വാങ്ങിയിട്ടില്ലെന്നും അവകാശപ്പെട്ടു.

‘അന്നത്തെ എന്റെ സ്ഥാനവും സ്വാധീനവും ഉപയോഗിച്ച് ഞാന്‍ കേസ് അട്ടിമറിക്കുകയോ തെളിവുകള്‍ നശിപ്പിക്കുകയോ ചെയ്യുമെന്ന് കോടതിക്ക് ആശങ്കയുണ്ടായിരുന്നു.

അക്കാര്യം മനസിലാക്കിയതോടെ ഞാന്‍ തന്നെയാണ് കോടതിയെ സമീപിച്ചത്. ജാമ്യം ലഭിക്കുന്നത് വരെ ഗുജറാത്തില്‍ നിന്നും വിട്ടുനില്‍ക്കാമെന്ന് എന്റെ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. ഇതേതുടര്‍ന്ന് രണ്ട് വര്‍ഷക്കാലം എനിക്ക് ഗുജറാത്തിലേക്ക് പോകാനായില്ല,’ അമിത് ഷാ പറഞ്ഞു.

കേസിലെ വിചാരണ നീണ്ടു പോയതിനെ വിമര്‍ശിച്ച അമിത് ഷാ, ഇന്ത്യാ ചരിത്രത്തിലെ തന്നെ ആദ്യത്തെ സംഭവമായിരിക്കും അതെന്നും വിശദമാക്കി. അത്രയേറെ കാലം വലിച്ചുനീട്ടിയ മറ്റൊരു ജാമ്യാപേക്ഷയും രാജ്യചരിത്രത്തിലുണ്ടാകില്ല. പരമാവധി 11 ദിവസത്തിനകം ജാമ്യാപേക്ഷകള്‍ പരിഗണിക്കണമെന്നിരിക്കെയാണ് താന്‍ രണ്ട് വര്‍ഷം കാത്തിരുന്നതെന്നും അമിത് ഷാ അഭിപ്രായപ്പെട്ടു.

സൊഹ്റാബുദ്ധീന്‍ കേസില്‍ സി.ബി.ഐയില്‍ നിന്നും നോട്ടീസ് ലഭിച്ചതിന് പിന്നാലെ തന്നെ താന്‍ രാജി സമര്‍പ്പിച്ചു. കേസ് നടക്കുകയും തന്റെ നിരപരാധിത്വം തെളിയുകയും ചെയ്തു. രാഷ്ട്രീയ പകപോക്കലാണ് കേസിന് പിന്നിലെന്നു വ്യക്തമായതാണെന്നും അമിത് ഷാ പറഞ്ഞു.

കേസില്‍ നിന്നും പൂര്‍ണമായും മുക്തനായതിന് ശേഷമാണ് താന്‍ മന്ത്രിസ്ഥാനത്തേക്ക് തിരിച്ചെത്തിയത്. നേരത്തെ ജാമ്യം ലഭിച്ചിരുന്നെങ്കിലും നിരപരാധിത്വം പൂര്‍ണമായി തെളിയും വരെ ഒരു സ്ഥാനമാനവും ഏറ്റെടുക്കാന്‍ താന്‍ തയ്യാറായില്ലെന്നും അമിത് ഷാ പറഞ്ഞു.

അതേസമയം പ്രതിപക്ഷത്തിന്റെ കടുത്ത എതിര്‍പ്പിനിടെയാണ് കേന്ദ്രസര്‍ക്കാര്‍ 130ാം ഭേദഗതിയായി വിവാദ ബില്‍ അവതരിപ്പിച്ചിരിക്കുന്നത്.

ബില്‍ അവതരിപ്പിച്ചതിന് പിന്നാലെ അമിത് ഷായുടെ പേരിലുണ്ടായിരുന്ന കേസുകള്‍ ഉള്‍പ്പടെ ചൂണ്ടിക്കാണിച്ച് പ്രതിപക്ഷത്ത് നിന്നും വിമര്‍ശനം ഉയര്‍ന്നിരുന്നു.

എന്നാല്‍ സൊഹ്റാബുദ്ധീന്‍ കേസിലെ വിധി ഉയര്‍ത്തിക്കാട്ടിയ അമിത് ഷാ, തന്നെയാണോ പ്രതിപക്ഷം രാഷ്ട്രീയ നൈതികത പഠിപ്പിക്കുന്നതെന്ന് ചോദിച്ചു. പാര്‍ലമെന്റ് സംയുക്ത സമിതിക്ക് (ജെ.പി.സി)മുന്നില്‍ സമര്‍പ്പിച്ചിരിക്കുന്ന ബില്ല് വൈകാതെ നിയമമായി മാറുമെന്ന ഉറപ്പുണ്ടെന്നും അമിത് ഷാ ആത്മവിശ്വാസം പ്രകടിപ്പിച്ചു.

2005ല്‍ അമിത് ഷാ ഗുജറാത്ത് ആഭ്യന്തരമന്ത്രിയായിരിക്കെയാണ് സൊഹ്റാബുദ്ധീന്‍ ഷെയ്ക്കും കൗസര്‍ബിയും ഗുജറാത്ത് പൊലീസ് നടത്തിയ ഏറ്റുമുട്ടലില്‍ വധിക്കപ്പെട്ടത്.

ഭീകരരെന്ന് ആരോപിച്ചായിരുന്നു ഗാന്ധിനഗറിന് സമീപത്ത് വെച്ച് പൊലീസ് ഏറ്റുമുട്ടല്‍ നടത്തിയത്. പിന്നീട് ഈ സംഭവം വ്യാജ ഏറ്റുമുട്ടലാണെന്ന് കണ്ടെത്തുകയും കേസില്‍ അമിത് ഷായുടെ പേരില്‍ സി.ബി.ഐ ഗൂഢാലോചനാക്കുറ്റം ചുമത്തുകയും ചെയ്തു.

വൈകാതെ കേസില്‍ നിന്നും അമിത് ഷാ ഉള്‍പ്പടെയുള്ള 16 പ്രതികള്‍ കുറ്റവിമുക്തരാക്കപ്പെട്ടിരുന്നു. 210 സാക്ഷികളില്‍ 92 പേര്‍ കൂറുമാറിയ കേസില്‍, വാദം കേട്ടിരുന്ന ജസ്റ്റിസ് ബി.എച്ച് ലോയയുടെ മരണം ഉള്‍പ്പടെ നിരവധി ദുരൂഹതകള്‍ നിറഞ്ഞു നിന്നിരുന്നു.

Content Highlight: Amith Shah about Sohrabuddin Sheikh fake encounter case

Latest Stories

We use cookies to give you the best possible experience. Learn more