ന്യൂദല്‍ഹി: മനുഷ്യാവകാശ സംരക്ഷണ ഭേദഗതി ബില്‍ രാജ്യസഭ പാസാക്കിയത് സെലക്ട് കമ്മിറ്റിയ്ക്ക് വിടണമെന്ന സി.പി.ഐ.എം എം.പി എളമരം കരീമിന്റെ പ്രമേയം തള്ളിയതിന് ശേഷം. രാജ്യത്തെ നിലവിലെ സാഹചര്യങ്ങള്‍ക്ക് അനുസൃതമായ ഭേദഗതികളല്ല ബില്ലിലുള്ളതെന്ന് എളമരം കരീം ചൂണ്ടിക്കാണിച്ചു.
‘ഇപ്പോള്‍ ഭേദഗതി വരുത്തപ്പെടുന്ന നിയമം 26 വര്‍ഷം പഴക്കം ചെന്നതാണ്. അതുകൊണ്ടാണ് വിശദമായ പഠനം ആവശ്യമാണെന്ന നിര്‍ദേശം ഉയരുന്നതും സെലക്ട് കമ്മിറ്റിക്ക് വിടണമെന്ന് ആവശ്യപ്പെട്ട് പ്രമേയം കൊണ്ടുവന്നതും. മനുഷ്യാവകാശ വിഷയങ്ങളില്‍ ഇടപെടുന്നവരുമായും എന്‍.ജി.ഒ.കളുമായും പൗരസമൂഹവുമായും ആവശ്യമായ കൂടിയാലോചനകള്‍ നടത്താതെയാണ് ഭേദഗതി’- ബില്ലിനെക്കുറിച്ചുള്ള ചര്‍ച്ചയില്‍ അദ്ദേഹം പറഞ്ഞു.
ഇപ്പോഴത്തെ ഭേദഗതികള്‍ പാരീസ് തത്വങ്ങളുടെ മാത്രമല്ല 2011, 2016, 2017 വര്‍ഷങ്ങളിലെ മനുഷ്യാവകാശ കമ്മിഷന്‍ പുനഃപരിശോധനാ റിപ്പോര്‍ട്ടുകളിലെ നിര്‍ദേശങ്ങള്‍ക്കും വിരുദ്ധമാണ്. ഒഴിവുകള്‍ കൃത്യമായി നികത്താത്തതടക്കം ഒട്ടേറെ പ്രശ്‌നങ്ങള്‍ ദേശീയ മനുഷ്യാവകാശ കമ്മിഷനും സംസ്ഥാന കമ്മിഷനുകളും നേരിടുന്നുണ്ട്.
മനുഷ്യാവകാശ കമ്മിഷന്‍ അധ്യക്ഷസ്ഥാനം എട്ടുമാസത്തോളം ഒഴിഞ്ഞുകിടക്കുകയായിരുന്നു. അന്വേഷണങ്ങളുടെ ചുമതലയുള്ള ഡി.ജി.യുടെ തസ്തിക മൂന്നുവര്‍ഷം ഒഴിഞ്ഞുകിടന്നു. സുപ്രീംകോടതി ഇടപെടലിനെത്തുടര്‍ന്നാണ് നിയമനമുണ്ടായത്.
ഇപ്പോഴത്തെ ഭേദഗതികളിലും നിയമനങ്ങള്‍ കൃത്യമാക്കുന്നതിന് വ്യവസ്ഥയില്ല. ആളുകള്‍ സംഘം ചേര്‍ന്നും അല്ലാതെയും ഒരു വിഭാഗം ജനങ്ങളുടെ മനുഷ്യാവകാശങ്ങളെ വലിയതോതില്‍ ഹനിക്കുന്നു. ജനാധിപത്യത്തിനു പകരം ആള്‍ക്കൂട്ടാധിപത്യമാണ്. കശ്മീരിലും വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലും വലിയതോതില്‍ മനുഷ്യാവകാശങ്ങള്‍ ഹനിക്കപ്പെടുന്നു. ഈ വിഷയങ്ങളെല്ലാം പരിശോധിക്കേണ്ടതിനാല്‍ ബില്‍ സെലക്ട് കമ്മിറ്റിക്ക് വിടണമെന്നും എളമരം കരീം ആവശ്യപ്പെട്ടു.
നേരത്തെ ഉപാധ്യക്ഷനുമായി ഏറെ വാദപ്രതിവാദം നടത്തിയതിന് ശേഷമാണ് എളമരം കരീമിനും കെ.കെ രാഗേഷിനും ഭേദഗതികള്‍ ഉന്നയിക്കാനായത്.
ബില്ലിന്മേലുള്ള സര്‍ക്കാറിന്റെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ സംശയാസ്പദമാണെന്നും രാജ്യത്ത് നിലവിലുള്ള സാഹചര്യത്തെ അഭിമുഖീകരിക്കാത്ത ബില്‍ ആണിതെന്നും കരീം കുറ്റപ്പെടുത്തി.
ചീഫ് ജസ്റ്റിസിനെ കിട്ടിയില്ലെങ്കില്‍ മാത്രം ജഡ്ജിമാരെ കമ്മിറ്റിയിലേക്ക് പരിഗണിക്കണമെന്ന കെ.കെ. രാഗേഷിന്റെ ആവശ്യവും അമിത് ഷാ തള്ളി.
WATCH THIS VIDEO: