| Monday, 28th July 2025, 2:37 pm

50 വര്‍ഷം പഴക്കമുള്ള 'ഷോലെ'യുടെ ടിക്കറ്റ് പങ്കുവെച്ച് അമിതാഭ് ബച്ചന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ഇന്ത്യന്‍ സിനിമയുടെ ബിഗ് ബിയാണ് അമിതാഭ് ബച്ചന്‍. ഏഴ് പതിറ്റാണ്ടോളമായി നീണ്ടുനില്‍ക്കുന്ന കരിയറില്‍ 200ത്തില്‍ അധികം സിനിമകളില്‍ അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. ഇന്ത്യന്‍ സിനിമയിലെ തന്നെ പകരക്കാരില്ലാത്ത വ്യക്തിത്വത്തിന് ഉടമയാണ് അമിതാഭ് ബച്ചന്‍. 1969ല്‍ ‘സാത് ഹിന്ദുസ്ഥാനി‘ എന്ന ചിത്രത്തിലൂടെയായിരുന്നു അദ്ദേഹത്തിന്റെ സിനിമാ പ്രവേശനം. എന്നാൽ കരിയറിന്റെ തുടക്കത്തിൽ ഒരുപാട് തിരിച്ചടികൾ അദ്ദേഹം നേരിട്ടിരുന്നു. അമിതാഭ് ബച്ചന്‍ അഭിനയിച്ച 12 സിനിമകള്‍ തുടര്‍ച്ചയായി പരാജയപ്പെട്ടു.

എന്നാല്‍ പിന്നീട് ഇന്ത്യന്‍ സിനിമ കണ്ട മികച്ച നടന്മാരില്‍ ഒരാളായി അദ്ദേഹം മാറുകയായിരുന്നു. നാല് ദേശീയ ചലച്ചിത്ര അവാര്‍ഡുകള്‍, 15 ഫിലിംഫെയര്‍ അവാര്‍ഡുകള്‍, കൂടാതെ ഇന്ത്യന്‍ സിനിമയിലെ പരമോന്നത ബഹുമതിയായ ദാദാസാഹേബ് ഫാല്‍ക്കെ പുരസ്‌ക്കാരം തുടങ്ങിയവ അദ്ദേഹം നേടിയിട്ടുണ്ട്.

അമിതാഭ് ബച്ചന്‍ നായകനായെത്തിയ ചിത്രമാണ് ഷോലെ. ഇപ്പോഴിതാ ചിത്രമിറങ്ങി അമ്പത് വര്‍ഷങ്ങള്‍ക്കിപ്പുറം ഷോലെയുടെ ഒറിജിനല്‍ ടിക്കറ്റിന്റെ ഫോട്ടോയും മനോഹരമായ കുറിപ്പും പങ്കുവെച്ചിരിക്കുകയാണ് അമിതാഭ് ബച്ചന്‍. സിനിമയിറങ്ങിയ 1975ലെ ടിക്കറ്റിന്റെ ഫോട്ടോയാണ് അദ്ദേഹം പങ്കുവെച്ചിരിക്കുന്നത്. ഇരുപത് രൂപ വില വരുന്ന ടിക്കറ്റാണ് ചിത്രത്തിലുള്ളത്.

‘ഇന്നത്തെ കാലത്തെ തിയേറ്ററിലെ ഒരുകുപ്പി വെള്ളത്തിന്റെ വിലയെക്കാള്‍ കുറവാണ് ഈ ടിക്കറ്റിന്. എനിക്ക് ഇതിനെ കുറിച്ച് ഒരുപാട് പറയണമെന്ന് ഉണ്ട്. പക്ഷെ ചില കാര്യങ്ങള്‍ പറയാതിരിക്കുന്നതാണല്ലോ അതിന്റെ ഒരു ഭംഗി,’ അമിതാഭ് ബച്ചന്‍ കുറിച്ചു.

ഇന്ത്യന്‍ സിനിമയുടെ ചരിത്രത്തില്‍ തന്നെ പ്രധാനപ്പെട്ട ചിത്രങ്ങളില്‍ ഒന്നാണ് ഷോലെ. 1975 ഓഗസ്റ്റ് 15ന് പുറത്തിറങ്ങിയ ഈ ചിത്രം രമേഷ് സിപ്പിയാണ് സംവിധാനം ചെയ്തത്. സലിം-ജാവേദ് കൂട്ടുകെട്ടാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയത്. ആര്‍.ഡി. ബര്‍മ്മന്‍ ഈണം നല്‍കിയ ഷോലെയിലെ ഗാനങ്ങള്‍ ഇന്നും ഹിറ്റാണ്. മുംബൈയിലെ മിനര്‍വ തിയേറ്ററില്‍ തുടര്‍ച്ചയായി അഞ്ച് വര്‍ഷമാണ് ചിത്രം പ്രദര്‍ശിപ്പിച്ചത്.

Content Highlight: Amitabh Bachchan shares vintage Sholay ticket

We use cookies to give you the best possible experience. Learn more