| Tuesday, 31st March 2026, 3:44 pm

വീണ്ടും മമിത... സൂരിയുടെ ഏഴാമത്തെ സിനിമയില്‍ നായികയായെത്തുമെന്ന് റിപ്പോര്‍ട്ട്

ഐറിന്‍ മരിയ ആന്റണി

അയലാന്‍ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ സംവിധായകന്‍ രവികുമാര്‍ സൂരിയുമായി ചേര്‍ന്ന് ഒരുക്കുന്ന പുതിയ ചിത്രമാണ് സൂരി 7. അനൗണ്‍സ്‌മെന്റ് മുതല്‍ പ്രതീക്ഷകളുണ്ടായിരുന്ന ചിത്രത്തെ കുറിച്ചുള്ള പുതിയ അപ്‌ഡേറ്റുകളാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ നിറയുന്നത്. സിനിമയില്‍ നായികയായി അഭിനയിക്കാന്‍ മമിത ബൈജുവിനെ അണിയറപ്രവര്‍ത്തകര്‍ സമീപിച്ചിട്ടുണ്ടെന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍.

ഇതോടെ സൂരിയുടെ ഏഴാമത്തെ സിനിമയില്‍ നായികയായെത്തുന്നത് മമിത ബൈജു തന്നെയാണെന്നുള്ള അഭ്യൂഹങ്ങള്‍ നിറയുന്നു. ചുരുങ്ങിയ കാലം കൊണ്ട് സൗത്ത് ഇന്ത്യന്‍ സെന്‍സേഷനായി മാറിയ മമിതക്ക് ഇപ്പോള്‍ കൈയ് ്‌നിറയെ സിനിമകളാണ്. ഗിരീഷ് എ.ഡി സംവിധാനം ചെയ്ത പ്രേമലു എന്ന ചിത്രത്തിലൂടെ തലവര മാറിയ താരം ഇപ്പോള്‍ തമിഴ് സിനിമാ ലോകത്തെ ചര്‍ച്ചാ വിഷയമാണ്.

വിജയ്‌ക്കൊപ്പം ജനനായകനില്‍ പ്രധാനവേഷത്തിലെത്തുന്ന മമിത കീര്‍ത്തീശ്വരന്‍ സംവിധാനം ചെയ്ത ഡ്യൂഡ് എന്ന ചിത്രത്തിലെ കുരല്‍ എന്ന കഥാപാത്രത്തിലൂടെയും വലിയ ജനപ്രീതിനേടി. ധനുഷ്, സൂര്യ തുടങ്ങി സൂപ്പര്‍ താരങ്ങള്‍ക്കൊപ്പം കര, വിശ്വനാഥന്‍ ആന്‍ഡ് സണ്‍സ് എന്നീ സിനിമകള്‍ താരത്തിന്റേതായി വരാനുണ്ട്.

ഇപ്പോഴിതാ സൂരിയുടെ സിനിമയിലും നായികയായി മമിത ബൈജു എത്തുമെന്ന റിപ്പോര്‍ട്ടുകളാണ് സമൂഹമാധ്യമങ്ങളില്‍ നിറയുന്നത്. ചിത്രത്തില്‍ അഭിനയിക്കുമോ എന്ന് താരം ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. സിനിമയുടെ അണിയറപ്രവര്‍ത്തകരില്‍ നിന്നും ഔദ്യോഗിക സ്ഥിരീകരണങ്ങള്‍ ഒന്നും തന്നെ വന്നിട്ടില്ല.

വിഘ്നേഷ് രാജ സംവിധാനം ചെയ്ത് ധനുഷ് നായകനാകുന്ന കര ഏപ്രില്‍ 30 നാണ് തിയേറ്ററുകളില്‍ എത്തുന്നത്. കഴിഞ്ഞ ദിവസം ചിത്രത്തിലെ മമിതയുടെ ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്ത് വരികയും സോഷ്യല്‍ മീഡിയയില്‍ വലിയ രീതിയില്‍ ശ്രദ്ധിക്കപ്പെടുകയും ചെയ്തു. ഇതുവരെ കാണാത്ത വ്യത്യസ്തമായ കഥാപാത്രമായാണ് സിനിമയില്‍ മമിത എത്തുന്നതെന്ന് പോസ്റ്റര്‍ സൂചന നല്‍കിയിരുന്നു.

കോമഡി വേഷങ്ങളില്‍ മാത്രം ഒതുങ്ങി നിന്ന സൂരി വെട്രിമാരന്റെ വിടുതലൈ എന്ന ചിത്രത്തിലൂടെയാണ് നായകനായി അരങ്ങേറ്റം കുറിക്കുന്നത്. തുടര്‍ന്ന് ആര്‍.എസ്. ദുരൈ സെന്തില്‍കുമാറിന്റെ ഗരുഡന്‍ , കൊട്ടുക്കാളി എന്നീ ചിത്രങ്ങളിലും അഭിനയിച്ചു. 2025ല്‍ പുറത്തിറങ്ങിയ മാമന്‍ എന്ന സിനിമയും വലിയ രീതിയില്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു.

മാമന് ശേഷം, മതിമാരന്‍ പുകഴേന്തി സംവിധാനം ചെയ്യുന്ന ‘മന്ദാടി’ എന്ന ചിത്രത്തിന്റെ തിരക്കിലാണിപ്പോള്‍ സൂരി. തമിഴ്നാടിന്റെ തീരപ്രദേശങ്ങളില്‍ പ്രചാരത്തിലുള്ള ഒരു പ്രത്യേക കായിക വിനോദത്തിന്റെ പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന ഈ ചിത്രം ആക്ഷന്‍ രംഗങ്ങള്‍ക്ക് മുന്‍ഗണന നല്‍കുന്ന സിനിമയായാണ് ഒരുങ്ങുന്നത്.

Content Highlight:  Mamita Baiju to play the female lead in Suri’s new film, reports say

ഐറിന്‍ മരിയ ആന്റണി

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more