| Saturday, 30th March 2019, 10:50 pm

അമിത് ഷായുടെ ഭാര്യ സൊനാല്‍ ഷായുടെ വരുമാനത്തില്‍ കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെ ഉണ്ടായത് പതിനാറു മടങ്ങ് വര്‍ധനവ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷായുടെ ഭാര്യ സൊനാല്‍ ഷായുടെ വാര്‍ഷിക വരുമാനത്തില്‍ കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെ ഉണ്ടായത് പതിനാറു മടങ്ങ് വര്‍ധനവ്. അമിത് ഷാ തെരഞ്ഞെടുപ്പ് കമ്മീഷന് മുന്നില്‍ ഹാജരാക്കിയ സത്യവാങ്മൂലത്തിലാണ് ഇക്കാര്യം പറയുന്നത്.

2014ല്‍ 14 ലക്ഷം വാര്‍ഷികവരുമാനം ഉണ്ടായിരുന്ന സൊനാല്‍ ഷായുടെ നിലവിലെ വാര്‍ഷിക വരുമാനം 2.3 കോടി രൂപയാണ്. തെരഞ്ഞെടുപ്പ് കമ്മീഷന് മുന്നില്‍ സമര്‍പ്പിച്ച സത്യവാങ്മൂലം അനുസരിച്ച് അമിത് ഷായ്ക്ക് 31 കോടി രൂപയുടെ വസ്തുവകകളാണ് സ്വന്തമായുള്ളത്.

2013ല്‍ തന്റെ അമ്മ കുസും ഷായുടെ മരണ ശേഷം 23 കോടി രൂപ തനിക്ക് ലഭിച്ചതായും സത്യവാങ്മൂലത്തില്‍ പറയുന്നു. 2013-14 കാലയളവില്‍ ഷായുടെ വരുമാനം 41,93,218 രൂപയായിരുന്നെങ്കില്‍, 2017-18 കാലയളവില്‍ അത് 53,90,970 രൂപ ആയി വര്‍ധിച്ചു.

Also Read ബംഗ്ലാദേശ് രൂപീകരണത്തിന്റെ ക്രെഡിറ്റ് ഇന്ദിരാ ഗാന്ധിക്ക് കൊടുക്കാമെങ്കില്‍ ബാലാക്കോട്ട് അക്രമത്തിന്റെ ക്രെഡിറ്റ് എന്തു കൊണ്ട് മോദിക്ക് നല്‍കിക്കൂടാ?; രാജ്‌നാഥ് സിങ്ങ്

2014-15 കാലഘട്ടത്തില്‍ സൊനാല്‍ ഷായുടെ വരുമാനം 39 ലക്ഷമായിരുന്നു. 2015-16 കാലഘട്ടത്തില്‍ ഇത് 1 കോടി രൂപയായി. തനിക്കെതിരെ നിലവില്‍ നാല് ക്രിമിനല്‍ കേസുകള്‍ നിലവിലുണ്ടെന്നും ഷായുടെ സത്യവാങ്മൂലത്തില്‍ പറയുന്നു.

പ്രസംഗത്തിലെ തീവ്രപരാമര്‍ശവുമായി ബന്ധപ്പെട്ടതാണ് ആദ്യത്തെ കേസ്. രണ്ടാമത്തേത് അപകീര്‍ത്തി പരാമര്‍ശനത്തിന്റെ പേരിലാണ്. മറ്റു രണ്ടു കേസുകളും ത്രിവര്‍ണ പതാക ഉയര്‍ത്തുമ്പോള്‍ ചെരുപ്പ് ധരിച്ചതിനും ലാലു പ്രസാദിനെ “ചാരാ ചോര്‍” എന്ന് വിശേഷിപ്പിച്ചതിനുമാണെന്ന് നാഷണല്‍ ഹെറാള്‍ഡ് റിപ്പോര്‍ട്ടു ചെയ്യുന്നു.

ഗുജറാത്തിലെ ഗാന്ധിനഗര്‍ ലോക്‌സഭാ മണ്ഡലത്തില്‍ നിന്നാണ് അമിത് ഷാ തന്റെ ആദ്യ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനൊരുങ്ങുന്നത്. ബി.ജെ.പിയുടെ മുതിര്‍ന്ന നേതാവും സ്ഥാപക അംഗവുമായ എല്‍.കെ അദ്വാനിയാണ് ഗാന്ധിനഗറിനെ നിലവില്‍ ലോക്‌സഭിയില്‍ പ്രതിനിധീകരിക്കുന്നത്. എന്നാല്‍ ഈ വര്‍ഷത്തെ അദ്വാനിയെ തഴഞ്ഞ് അമിത് ഷാ ഗാന്ധിനഗറില്‍ നിന്ന് മത്സരിക്കാന്‍ തീരുമാനിക്കുകയായിരുന്നു.

Image Credits: IANS

We use cookies to give you the best possible experience. Learn more