ന്യൂദല്‍ഹി: ഏകീകൃത സിവില്‍ കോഡ് (യു.സി.സി) ഗോത്രവര്‍ഗങ്ങളുടെ ആചാരങ്ങളെയോ സാംസ്‌കാരിക – നിയമപരമായ അവകാശങ്ങളെയോ ഒരു തരത്തിലും ബാധിക്കില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ.
ഗോത്രവര്‍ഗ നായകന്‍ ബിര്‍സ മുണ്ടയുടെ 150ാം ജന്മവാര്‍ഷികത്തോടനുബന്ധിച്ച് ദല്‍ഹിയിലെ ചെങ്കോട്ട മൈതാനത്ത് സംഘടിപ്പിച്ച ‘ജനജാതി സാംസ്‌കാരിക സംഗമം’ പരിപാടിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ആര്‍.എസ്.എസ് അനുകൂല സംഘടനയായ ജനജാതി സുരക്ഷാ മഞ്ചാണ് ചടങ്ങ് സംഘടിപ്പിച്ചത്.
ഏകീകൃത സിവില്‍ കോഡ് നടപ്പിലാക്കുന്ന ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ ഗോത്രസമൂഹങ്ങളെ അതിന്റെ പരിധിയില്‍ നിന്ന് ഒഴിവാക്കാന്‍ പ്രത്യേക വ്യവസ്ഥകള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ടെന്ന് അമിത് ഷാ പറഞ്ഞു.
സിവില്‍ കോഡിലെ ഒരു വ്യവസ്ഥയും ഗോത്രവര്‍ഗക്കാരിലോ ആദിവാസി സമൂഹത്തിലോ അടിച്ചേല്‍പ്പിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സിവില്‍ കോഡ് ഗോത്രവര്‍ഗക്കാരുടെ പാരമ്പര്യങ്ങളെ തകര്‍ക്കുമെന്ന തരത്തില്‍ പ്രതിപക്ഷം ഗൂഢാലോചനകളും തെറ്റായ വിവരങ്ങളും പ്രചരിപ്പിക്കുകയാണെന്ന് അദ്ദേഹം ആരോപിച്ചു.
‘കേന്ദ്ര ആഭ്യന്തര മന്ത്രി എന്ന നിലയില്‍, ഏകസിവില്‍ കോഡിലെ ഒരു വ്യവസ്ഥയും ഗോത്ര സമൂഹങ്ങളിലോ വനവാസി സമൂഹത്തിലോ അടിച്ചേല്‍പ്പിക്കില്ലെന്ന് ഞാന്‍ നിങ്ങള്‍ക്ക് ഉറപ്പ് നല്‍കുന്നു. ഇത് ഗോത്രവര്‍ഗക്കാരുടെ ഒരു അവകാശത്തെയും ലംഘിക്കില്ല.
ഏക സിവില്‍ കോഡ് ഗോത്രവര്‍ഗങ്ങളുടെ സംസ്‌കാരവും പാരമ്പര്യവും ആചാരപ്രകാരം ജീവിക്കാനുള്ള അവകാശവും ഇല്ലാതാക്കുമെന്ന് അവകാശപ്പെട്ടുകൊണ്ട് ഒരു ഗൂഢാലോചന ഇപ്പോള്‍ തുടങ്ങിയിട്ടുണ്ട്.
ഏതെങ്കിലും ഗോത്രവര്‍ഗ അല്ലെങ്കില്‍ വനവാസി സഹോദരന്റെയോ സഹോദരിയുടെയോ പാരമ്പര്യങ്ങളിലോ ആചാരങ്ങളിലോ യുസിസി ഇടപെടില്ല എന്നാണ് ഇത്തരം ആശയക്കുഴപ്പങ്ങള്‍ പ്രചരിപ്പിക്കുന്നവരോട് എനിക്ക് പറയാനുള്ളത്.
ഈ സന്ദേശം ഓരോ ഗ്രാമത്തിലും ഓരോ പ്രദേശത്തും കുന്നുകളിലും വനങ്ങളിലും എത്തിക്കുക, യു.സി.സിയെ ഭയപ്പെടേണ്ടതില്ലെന്ന് ഓരോ ഗോത്ര സമൂഹത്തെയും ബോധവാന്മാരാക്കുക,’ അമിത് ഷാ പറഞ്ഞു.
ഗോത്രവര്‍ഗങ്ങള്‍ തങ്ങളുടെ ധര്‍മം സംരക്ഷിക്കണമെന്നും നിര്‍ബന്ധിത മതപരിവര്‍ത്തനങ്ങളെ പ്രതിരോധിക്കണമെന്നും ഷാ പറഞ്ഞു. ഓരോ വ്യക്തിക്കും സ്വന്തം വിശ്വാസപ്രകാരം അന്തസ്സോടെ ജീവിക്കാന്‍ ഭരണഘടന അവകാശം നല്‍കുന്നുണ്ടെന്നും പ്രലോഭനങ്ങളിലൂടെ മതം മാറ്റാന്‍ ആര്‍ക്കും അവകാശമില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഗോത്രവര്‍ഗ മേഖലകളുടെ വികസനത്തിനായി മോദി സര്‍ക്കാര്‍ വലിയ മാറ്റങ്ങള്‍ കൊണ്ടുവന്നതായി അമിത് ഷാ അവകാശപ്പെട്ടു. നേരത്തെ 28,000 കോടി രൂപയായിരുന്ന ഗോത്രക്ഷേമ ബജറ്റ് 1.54 ലക്ഷം കോടി രൂപയായി ഉയര്‍ത്തി.
ദ്രൗപതി മുര്‍മുവിനെ രാഷ്ട്രപതി സ്ഥാനത്തേക്ക് ഉയര്‍ത്തിയത് ഗോത്രസമൂഹത്തിന് വലിയ ബഹുമതിയാണെന്നും ഒഡീഷയിലും ഛത്തീസ്ഗഢിലും ഗോത്രവര്‍ഗ മുഖ്യമന്ത്രിമാരെ നിയമിച്ചത് ഈ വിഭാഗത്തോടുള്ള സര്‍ക്കാരിന്റെ പ്രതിബദ്ധതയാണ് കാണിക്കുന്നതെന്നും അമിത് ഷാ പറഞ്ഞു.
നക്‌സലിസം ഗോത്രവര്‍ഗ മേഖലകളിലെ വികസനം പതിറ്റാണ്ടുകളായി തടഞ്ഞുവെന്നും എന്നാല്‍ ഇപ്പോള്‍ രാജ്യം നക്‌സല്‍ ഭീഷണിയില്‍ നിന്ന് പൂര്‍ണമായി മുക്തമായിക്കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Content Highlight: Amit Shah says Uniform Civil Code will not apply to tribals