| Monday, 15th December 2025, 1:59 pm

ലക്ഷ്യം തമിഴ്‌നാടെന്ന് അമിത് ഷാ; സംഘിപ്പടയുമായി വന്നാലും വിജയിക്കില്ലെന്ന് സ്റ്റാലിന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ചെന്നൈ: ബീഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പിലെ വിജയത്തിന് ശേഷം അടുത്ത ലക്ഷ്യം തമിഴ്‌നാടെന്ന ആഭ്യന്തരമന്ത്രി അമിത് ഷായുടെ പ്രസ്താവനയ്ക്ക് മറുപടിയുമായി തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍.

അമിത് ഷായല്ല സംഘിപ്പടതന്നെ വന്നാലും തമിഴ്നാട്ടില്‍ വിജയിക്കാന്‍ കഴിയില്ലെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു. തിരുവണ്ണാമലയില്‍ ഡി.എം.കെ യുവജനവിഭാഗം വടക്കന്‍മേഖലാ യോഗത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ഇത് തമിഴ്‌നാടാണ് ഞങ്ങളുടെ സ്വഭാവം നിങ്ങള്‍ക്ക് മനസ്സിലാവില്ല ആരെങ്കിലും സ്‌നേഹത്തോടെ വന്നാല്‍ ഞങ്ങളവരെ ആശ്ലേഷിക്കും അഹങ്കാരത്തോടെയാണെങ്കില്‍ അവര്‍ക്ക് മുന്നില്‍ തലക്കുനിക്കുകയില്ല നേരിട്ട് പോരാടും,’ സ്റ്റാലിന്‍ പറഞ്ഞു.

‘മധുരം പുരട്ടിയ നുണകളുമായി ജനങ്ങളെ കബളിപ്പിക്കാന്‍ ഇറങ്ങി തിരിച്ച ഈ സഖ്യത്തെ ചെറുക്കേണ്ടത് നമ്മളാണ്. ബി.ജെ.പി യുടെ രാഷ്ട്രീയത്തിനുള്ള മറുമരുന്നാണ് ഡി.എം.കെ യുടെ പ്രത്യയശാസ്ത്രം,’ യുവാക്കളോടായി സ്റ്റാലിന്‍ പറഞ്ഞു.

ബി.ജെ.പിക്ക് സ്വാധീനിക്കാന്‍ കഴിയാത്ത ഒരേയൊരു പാര്‍ട്ടി ഡി.എം.കെയാണെന്നും അതിനാലാണ് അമിത് ഷാ പ്രകോപിതനാകുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ബീഹാര്‍ തെരഞ്ഞെടുപ്പിന് പിന്നാലെ മധുരയില്‍ നടന്ന ബി.ജെ.പിയുടെ പൊതുസമ്മേളനത്തില്‍ അടുത്ത ലക്ഷ്യം തമിഴ്‌നാടും ബംഗാളുമാണെന്ന് അമിത് ഷാ പറഞ്ഞിരുന്നു. 2026 ലെ തെരഞ്ഞടുപ്പില്‍ തമിഴ്‌നാട്ടിലും ബംഗാളിലും സര്‍ക്കാര്‍ രൂപീകരിക്കുമെന്നായിരുന്നു അമിത് ഷായുടെ അവകാശവാദം.

Content Highlight : Amit Shah says Tamil Nadu is his target; Stalin says he won’t win even if he comes with a Sangh party

Latest Stories

We use cookies to give you the best possible experience. Learn more