| Monday, 29th September 2025, 4:37 pm

ബീഹാറില്‍ 160 സീറ്റ് നേടുമെന്ന് അമിത് ഷാ; വോട്ട് ചോരിയിലൂടെ ആയിരിക്കുമെന്ന് വിമര്‍ശിച്ച് ജയറാം രമേശ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ബി.ജെ.പി ബീഹാര്‍ നിയമസഭ തെരഞ്ഞെടുപ്പില്‍ 160 സീറ്റ് നേടുമെന്ന കേന്ദ്രമന്ത്രി അമിത് ഷായുടെ അവകാശവാദത്തെ പരിഹസിച്ച് കോണ്‍ഗ്രസ്.

വോട്ട് ചോരിയും വോട്ട് റെവ്ഡിയും (പൊള്ളയായ വാഗ്ദാനങ്ങള്‍ നല്‍കി കബളിപ്പിക്കല്‍) ഉപയോഗിച്ച് 160 സീറ്റ് നേടാനാണ് ബി.ജെ.പി ശ്രമിക്കുന്നത് കോണ്‍ഗ്രസ് കമ്മ്യൂണിക്കേഷന്‍ പബ്ലിസിറ്റി ആന്റ് മീഡിയ ഇന്‍ചാര്‍ജ് ജനറല്‍ സെക്രട്ടറി ജയറാം രമേശ് ആരോപിച്ചു.

ബീഹാറിലെ അരാരിയയില്‍ നടന്ന തെരഞ്ഞെടുപ്പ് റാലിയിലാണ് അമിത് ഷാ വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ എന്‍.ഡി.എ 243 സീറ്റുകളില്‍ 160 സീറ്റുകളും നേടുമെന്ന് ആത്മവിശ്വാസം പ്രകടിപ്പിച്ചത്.

ഇതിനെ വിമര്‍ശിച്ച ജയറാം രമേശ് തെരഞ്ഞെടുപ്പില്‍ വിജയിക്കാന്‍ ബി.ജെ.പി കുതന്ത്രങ്ങള്‍ പയറ്റുകയാണെന്നും പറഞ്ഞു.

വി.സി (VC-Vote Chori)എന്നീ രണ്ടക്ഷരങ്ങളെയാണ് ബി.ജെ.പി ആശ്രയിക്കുന്നത്. ബിഹാറില്‍ വിജയം കൊയ്യാന്‍ വോട്ട് ചോരിയും പാഴ് വാഗ്ദാനങ്ങള്‍ നല്‍കലും സഹായിക്കുമെന്നാണ് അമിത് ഷാ കണക്കുകൂട്ടുന്നത്.

എന്നാല്‍ രാഷ്ട്രീയ അവബോധമുള്ള ബീഹാറിലെ ജനങ്ങള്‍ ബി.ജെ.പിയുടെ കുതന്ത്രങ്ങളെ പരാജയപ്പെടുത്തുമെന്നും ജയറാം രമേശ് എക്‌സില്‍ കുറിച്ചു. ബീഹാറില്‍ മഹാഗഡ്ബന്ധന്‍ സഖ്യം വിജയം കൊയ്യുമെന്നും അതിന്റെ ആദ്യത്തെ അലകള്‍ ആഞ്ഞടിക്കുക ദല്‍ഹിയിലായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഇതേ തെരഞ്ഞെടുപ്പ് റാലിയില്‍ വെച്ച് അമിത് ഷാ ബീഹാറിലെ സീമാഞ്ചലിലെ ജനങ്ങളെ നുഴഞ്ഞുകയറ്റാക്കാരെന്ന് വിളിച്ചതും വിവാദമായിരുന്നു. സീമാഞ്ചലിലെ നുഴഞ്ഞുകയറ്റക്കാര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കും. വോട്ടിലൂടെ ജനങ്ങള്‍ അധികാരം നല്‍കിയാല്‍ ഒരുമിച്ച് നിന്ന് നുഴഞ്ഞുകയറ്റക്കാരെ പുറത്താക്കാമെന്നും അമിത് ഷാ പറഞ്ഞിരുന്നു.

രാഹുല്‍ ഗാന്ധിയുടെ പാര്‍ട്ടി അനധികൃത കുടിയേറ്റക്കാരെ പിന്തുണയ്ക്കുകയാണെന്നും കേന്ദ്ര ആഭ്യന്തരമന്ത്രി കുറ്റപ്പെടുത്തിയിരുന്നു. ഈ പരാമര്‍ശത്തിനെതിരെ എ.ഐ.എം.ഐ.എ മേധാവി അസദുദ്ദീന്‍ ഒവൈസിയും രംഗത്തെത്തിയിരുന്നു.

ജനങ്ങളെ ഭിന്നിപ്പിക്കാനും സമൂഹത്തില്‍ വിദ്വേഷം വളര്‍ത്താനുമാണ് ബി.ജെ.പി ശ്രമിക്കുന്നതെന്നും ഇതാണ് ബി.ജെ.പിയുടെ തെരഞ്ഞെടുപ്പ് തന്ത്രമെന്നും ഒവൈസി കുറ്റപ്പെടുത്തിയിരുന്നു.

Content Highlight: Amit Shah says he will win 160 seats in Bihar; Jairam Ramesh criticizes it will be through vote chori

We use cookies to give you the best possible experience. Learn more