| Monday, 25th August 2025, 10:33 am

സുദർശൻ റെഡ്ഡിയ്ക്കെതിരായ അമിത് ഷായുടെ പരാമർശം നിർഭാഗ്യകരം; മുൻവിധിയോടെയുള്ള തെറ്റായ വ്യാഖ്യാനം: വിരമിച്ച ജഡ്ജിമാർ

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദൽഹി: സാൽവ ജൂദും പരാമർശത്തിൽ പ്രതിപക്ഷ ഉപരാഷ്ട്രപതി സ്ഥാനാർത്ഥി ബി.സുദർശൻ റെഡ്ഡിക്കെതിരായ അമിത് ഷായുടെ പരാമർശം നിർഭാഗ്യകരമെന്ന് വിരമിച്ച ജഡ്ജിമാർ.

ബി. സുദർശൻ റെഡ്ഡി നക്സലിസത്തെ പിന്തുണക്കുന്നുവെന്നും ഇടതുപക്ഷത്തിന്റെ സമ്മർദം കാരണമാണ് കോൺഗ്രസ് സുദർശൻ റെഡ്ഡിയെ സ്ഥാനാർത്ഥിയാക്കിയതെന്നുമായിരുന്നു അമിത് ഷാ പറഞ്ഞിരുന്നത്.

സുപ്രീം കോടതിയുടെ വിധിന്യായത്തെ ഒരു ഉന്നത രാഷ്ട്രീയക്കാരൻ മുൻവിധിയോടെ തെറ്റായി വ്യാഖ്യാനിക്കുന്നത് ജഡ്ജിമാരെ ഭയപ്പെടുത്തുന്നുവെന്നും ജുഡീഷ്യറിയുടെ സ്വാതന്ത്ര്യത്തിന് ഇളക്കം തട്ടുമെന്നും മുൻ സുപ്രീം കോടതി ജഡ്ജിമാരായ കുര്യൻ ജോസഫ്, മദൻ ബി. ലോകൂർ, ജെ. ചെലമേശ്വർ എന്നിവരുൾപ്പെടെയുള്ള 18 മുൻ ജഡ്ജിമാരുടെ സംഘം അഭിപ്രായപ്പെട്ടു.

‘സാൽവ ജൂദും കേസിലെ സുപ്രീം കോടതി വിധിയെ പരസ്യമായി തെറ്റായി വ്യാഖ്യാനിച്ചുകൊണ്ടുള്ള കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ പ്രസ്താവന നിർഭാഗ്യകരമാണ്. വിധിന്യായത്തിൽ എവിടെയും നക്‌സലിസത്തെയോ അതിന്റെ പ്രത്യയശാസ്ത്രത്തെയോ പ്രത്യക്ഷമായി പിന്തുണയ്ക്കുന്നില്ല,’ ജഡ്ജിമാർ ഒപ്പിട്ട പ്രസ്താവനയിൽ പറയുന്നു.

ഇന്ത്യയുടെ ഉപരാഷ്ട്രപതി സ്ഥാനത്തേക്ക് മത്സരിക്കുന്നത് പ്രത്യയശാസ്ത്രപരമായിരിക്കാം. അത് മാന്യമായും നടത്താൻ സാധിക്കും. എന്നാൽ, ഏതെങ്കിലും
സ്ഥാനാർത്ഥിയുടെ പ്രത്യയശാസ്ത്രത്തെ വിമർശിക്കുന്നത് ഒഴിവാക്കണമെന്നും വിരമിച്ച ജഡ്ജിമാർ പറഞ്ഞു.

ഇന്ത്യയുടെ ഉപരാഷ്ട്രപതിയോടുള്ള ബഹുമാനം കണക്കിലെടുത്ത്, ഇത്തരം പ്രയോഗങ്ങൾ ഒഴിവാക്കുന്നതാണ് ബുദ്ധിയെന്ന് വിരമിച്ച ജഡ്ജിമാർ പറഞ്ഞു.

സുപ്രീം കോടതിയിലെ വിരമിച്ച ഏഴ് ജഡ്മിമാരെ കൂടാതെ മൂന്ന് മുൻ ഹൈക്കോടതി ചീഫ് ജസ്റ്റിസുമാരും പ്രസ്താവനയിൽ ഒപ്പുവെച്ചു.

നക്സലിസത്തെ സഹായിച്ച വ്യക്തിയാണ് സുദർശൻ റെഡ്ഡിയെന്നും അദ്ദേഹം തന്നെയാണ് സാൽവാ ജൂദും വിധി പ്രഖ്യാപിച്ചതെന്നുമാണ് അമിഷ് ഷാ പറഞ്ഞത്. സാൽവാ ജൂദും വിധി പ്രഖ്യാപിച്ചില്ലായിരുന്നെങ്കിൽ 2020 ആകുമ്പോഴേക്കും നക്സൽ ഭീകരത അവസാനിക്കുമായിരുന്നെന്നും പറഞ്ഞ അമിത് ഷാ, സാൽവാ ജൂദും വിധിയുടെ പ്രത്യയശാസ്ത്രത്തിൽ വിശ്വസിക്കുന്ന വ്യക്തിയാണ് അദ്ദേഹമെന്നും പറഞ്ഞിരുന്നു.

മാവോയിസ്റ്റ് ഭീഷണിയെ നേരിടാൻ ഗോത്രവർഗ യുവാക്കളെ സ്‌പെഷ്യൽ പൊലീസ് ഓഫീസർമാരായി നിയമിച്ചുകൊണ്ട് ഛത്തീസ്ഗഢ് സർക്കാരായിരുന്നു സാൽവാ ജുദൂമിന് രൂപം നൽകിയത്. ആ സായുധ സംഘടന നിയമവിരുദ്ധവും ഭരണഘടനാവിരുദ്ധവുമാണെന്നും കാണിച്ച് ജസ്റ്റിസുമാരായ സുദർശൻ റെഡ്ഡിയും എസ്.എസ്. നിജ്ജാറും അംഗമായ സുപ്രീം കോടതിയുടെ രണ്ടംഗ ബെഞ്ച് 2011ൽ സാൽവാ ജുദൂമിനെ പിരിച്ചുവിടാൻ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു.

ജഗ്ദീപ് ധന്‍കര്‍ അപ്രതീക്ഷിതമായി രാജിവെച്ചതിന് പിന്നാലെയാണ് ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പ് നടക്കുന്നത്. ഇന്ത്യാ സഖ്യത്തിന്റെ സ്ഥാനാര്‍ത്ഥിയാണ് സുദര്‍ശന്‍ റെഡ്ഡി. മമതാ ബാനര്‍ജിയാണ് സുദര്‍ശന്‍ റെഡ്ഡിയുടെ പേര് നിര്‍ദ്ദേശിച്ചത്. എന്‍.ഡി.എ സ്ഥാനാര്‍ഥിയായി മത്സരിക്കുന്നത് സി.പി. രാധാകൃഷ്ണനാണ്. സെപ്റ്റംബര്‍ ഒന്‍പതാം തീയതിയാണ് തെരഞ്ഞെടുപ്പ്.

Content Highlight: Amit Shah’s remarks against Sudarshan Reddy are unfortunate says Retired judges

We use cookies to give you the best possible experience. Learn more