ന്യൂദല്‍ഹി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ദല്‍ഹി ജന്തര്‍ മന്തറില്‍ പ്രതിഷേധിച്ചവരെ കസ്റ്റഡിയിലെടുത്തതില്‍ ദല്‍ഹി പൊലീസിനെയും കേന്ദ്രസര്‍ക്കാരിനെയും ശക്തമായ ഭാഷയില്‍ അപലപിച്ച് കോക്രോച്ച് ജനത പാര്‍ട്ടി (സി.ജെ.പി). ദല്‍ഹിയില്‍ യോഗേന്ദ്ര യാദവിനെയും മറ്റ് പ്രതിഷേധക്കാരെയും തടഞ്ഞുവെച്ച നടപടിയെ ശക്തമായി അപലപിക്കുന്നുവെന്ന് സി.ജെ.പി സഹ കോഡിനേറ്റര്‍ സൗരവ് ദാസ് എക്‌സ് പോസ്റ്റില്‍ പറഞ്ഞു.
ന്യൂദല്‍ഹി ഡി.സി.പി സച്ചിന്‍ ശര്‍മക്കെതിരായ വിമര്‍ശനവും സി.ജെ.പി നേതാവ് ആവര്‍ത്തിച്ചു. ഒടുവില്‍ ജനങ്ങളാണ് വിജയിക്കുന്നതെന്ന് അമിത് ഷായുടെ ‘ജനറല്‍ ഡയര്‍’ ഓര്‍ക്കണമെന്ന് സൗരവ് പറഞ്ഞു. കഴിഞ്ഞ ദിവസം സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദീപ്‌കെയും ന്യൂദല്‍ഹി ഡി.സി.പിയെ അമിത് ഷായുടെ ജനറല്‍ ഡയര്‍ എന്ന് വിശേഷിപ്പിച്ചിരുന്നു.
സമരം ചെയ്യുന്ന വിദ്യാര്‍ത്ഥികള്‍ക്കും പ്രവര്‍ത്തകര്‍ക്കുമെതിരായ നടപടികള്‍ ദല്‍ഹി പൊലീസ് അവസാനിപ്പിക്കണമെന്ന് അഭിജിത് ദീപ്‌കെ എക്‌സ് പോസ്റ്റില്‍ ആവശ്യപ്പെട്ടു. വിയോജിപ്പ് പ്രകടിപ്പിക്കുക എന്നത് ഒരു ജനാധിപത്യ അവകാശമാണ്. ഭീഷണിപ്പെടുത്തിയോ ബലം പ്രയോഗിച്ചോ അതിനെ അടിച്ചമര്‍ത്താനാവില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഒക്ടോബര്‍ പത്തിന്, ഇന്ത്യന്‍ യുവജനങ്ങളുടെ വന്‍തോതിലുള്ള ഒത്തുചേരലിന് ദല്‍ഹി സാക്ഷ്യം വഹിക്കും. സമാധാനപരമായി പ്രതിഷേധിക്കുന്നവരെ അടിച്ചമര്‍ത്താനുള്ള ഏത് ശ്രമവും കൂടുതല്‍ ആളുകളെ തെരുവിലിറക്കാനും ജന്തര്‍ മന്തറിലേക്കുള്ള മാര്‍ച്ചിനെ ശക്തിപ്പെടുത്താനും മാത്രമേ ഉപകരിക്കൂവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
അമിത് ഷായുടെ അനുയായികളെപ്പോലെ പെരുമാറുന്നത് ദല്‍ഹി പൊലീസ് അവസാനിപ്പിക്കണം. വിയോജിപ്പുകളെ അടിച്ചമര്‍ത്തുകയും സമാധാനപരമായ പ്രതിഷേധങ്ങള്‍ക്കെതിരെ നടപടിയെടുക്കുകയും ചെയ്യുന്നതിലൂടെ, ദല്‍ഹി പൊലീസ് തങ്ങളുടെ സേനയ്ക്കും രാജ്യത്തിനും നാണക്കേട് മാത്രമാണ് വരുത്തിവയ്ക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
സച്ചിന്‍ ശര്‍മയെപ്പോലുള്ളവര്‍ ഉള്‍പ്പെടുന്ന ദല്‍ഹി പൊലീസ്, അതിവേഗം രാജ്യത്തിന് തന്നെ നാണക്കേടുണ്ടാക്കുന്ന ഒരു സേനയായി മാറിക്കൊണ്ടിരിക്കുകയാണെന്ന് സി.ജെ.പി നേതാവ് അശുതോഷ് റാങ്ക പറഞ്ഞു. ദല്‍ഹി പൊലീസ് ഉദ്യോഗസ്ഥരില്‍ നിന്ന് പീഡനവും മര്‍ദനവും നേരിട്ടെന്നാരോപിച്ച് നൂറുകണക്കിന് മാധ്യമപ്രവര്‍ത്തകര്‍ പാര്‍ലമെന്ററി സ്ട്രീറ്റ് പൊലീസ് സ്റ്റേഷന് മുന്നില്‍ പ്രതിഷേധിക്കുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഒക്ടോബര്‍ 10 മുതല്‍, സദുദ്ദേശമുള്ള പൗരന്മാരുടെ ഏറ്റവും വലിയ ഒത്തുചേരലിന് ഇന്ത്യ സാക്ഷ്യം വഹിക്കുമെന്ന് സൗരവ് ദാസ് പറഞ്ഞു. നേരത്തെ എസ്.എഫ്.ഐ, ഡി.വൈ.എഫ്.ഐ എന്നീ സംഘടനകള്‍ പ്രഖ്യാപിച്ച മാര്‍ച്ചിന് പിന്തുണ നല്‍കുന്നുവെന്നും സൗരവ് ദാസ് ഒരു എക്‌സ് പോസ്റ്റില്‍ വ്യക്തമാക്കി. ഈ പ്രതിഷേധ മാര്‍ച്ചിനെക്കുറിച്ചുള്ള എസ്.എഫ്.ഐ നേതാവ് ഐഷെ ഘോഷിന്റെ പോസ്റ്റ് സൗരവ് പങ്കുവെക്കുകയും ചെയ്തു.
ഗ്യാനേഷ് കുമാറിന്റെ രാജിയെന്ന ആവശ്യം മുന്‍നിര്‍ത്തി തുടര്‍നടപടികള്‍ ആസൂത്രണം ചെയ്യാന്‍, സമാന ചിന്താഗതിക്കാരായ വിദ്യാര്‍ത്ഥി-യുവജന സംഘടനകളുമായി ഉടന്‍ ചര്‍ച്ച നടത്താന്‍ എസ്.എഫ്.ഐ, ഡി.വൈ.എഫ്.ഐ സംഘടനകള്‍ തീരുമാനിച്ചതായി ഐഷെ ഘോഷിന്റെ പോസ്റ്റില്‍ പറയുന്നു. ഒക്ടോബര്‍ പത്തിന് ജന്തര്‍ മന്ദിറിലേക്കുള്ള മാര്‍ച്ചില്‍ വന്‍തോതില്‍ അണിനിരക്കണമെന്നും പോസ്റ്റില്‍ പറയുന്നു.
ഐഷെയുടെ ആവശ്യങ്ങളെ തങ്ങള്‍ സ്വാഗതം ചെയ്യുന്നെന്ന് സൗരവ് ദാസ് പറഞ്ഞു. ആദ്യനാള്‍ മുതല്‍ക്കേ യുവതലമുറയുടെ മുന്നേറ്റത്തില്‍ എസ്.എഫ്.ഐ മുന്‍പന്തിയിലുണ്ട്. അവരുടെ അച്ചടക്കം സമാനതകളില്ലാത്തതാണെന്നും സൗരവ് പറഞ്ഞു.
‘നിങ്ങളുടെ ആവശ്യങ്ങളെ ഞങ്ങള്‍ പിന്തുണയ്ക്കുന്നു. തിരഞ്ഞെടുപ്പ് സുതാര്യതയ്ക്കായി നിലകൊള്ളുന്ന യുവാക്കളുടെ ഏറ്റവും വലിയ ഒത്തുചേരലിന് ഒക്ടോബര്‍ 10 മുതല്‍ ഇന്ത്യ സാക്ഷ്യം വഹിക്കും. ജന്തര്‍ മന്ദര്‍ സീസണ്‍ രണ്ട്,’ എന്നും ഐഷെ ഘോഷിന്റെ പോസ്റ്റ് ഷെയര്‍ ചെയ്ത് സൗരവ് കുറിച്ചു.
Content Highlight: Amit Shah’s General Dyer must remember that it is the people who always prevail: CJP leader Sourav Das