| Saturday, 20th April 2019, 7:36 pm

ബോളിവുഡ് നടന്‍ സണ്ണി ഡിയോള്‍ അമൃത്‌സറില്‍ മത്സരിക്കാന്‍ സാധ്യതയേറുന്നു; അമിത് ഷായുമായി കൂടിക്കാഴ്ച നടത്തി

ഡൂള്‍ന്യൂസ് ഡെസ്‌ക്

പുണെ: ബോളിവുഡ് നടന്‍ സണ്ണി ഡിയോളുമായി ബി.ജെ.പി ദേശീയാധ്യക്ഷന്‍ അമിത് ഷാ കൂടിക്കാഴ്ച നടത്തി. അമൃത്‌സര്‍ ലോക്‌സഭാ സീറ്റില്‍ സണ്ണി ഡിയോള്‍ ബി.ജെ.പി സ്ഥാനാര്‍ഥിയായി മത്സരിക്കുമെന്ന അഭ്യൂഹങ്ങള്‍ നിലനില്‍ക്കുന്നതിനിടെയാണു കൂടിക്കാഴ്ച.

പുണെ വിമാനത്താവളത്തിന്റെ ലോഞ്ചില്‍ വെച്ചായിരുന്നു അഞ്ച് മിനിറ്റ് മാത്രം നീണ്ടുനിന്ന കൂടിക്കാഴ്ച. ഇക്കാര്യം ബി.ജെ.പി ജില്ലാ അധ്യക്ഷന്‍ യോഗേഷ് ഗോഗവാലെ സ്ഥിരീകരിച്ചു. എന്നാല്‍ എന്താണു കൂടിക്കാഴ്ചയില്‍ സംസാരിച്ചതെന്ന് അറിയില്ലെന്ന് അദ്ദേഹം പറഞ്ഞു.

2014-ല്‍ ഇന്നത്തെ കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിയായിരുന്നു അമൃത്‌സറില്‍ നിന്നു ജനവിധി തേടിയത്. എന്നാല്‍ കോണ്‍ഗ്രസിന്റെ അമരീന്ദര്‍ സിങ്ങിനോട് അദ്ദേഹം പരാജയപ്പെടുകയായിരുന്നു.

2009, 2004 തെരഞ്ഞെടുപ്പുകളില്‍ ഇന്നത്തെ കോണ്‍ഗ്രസ് നേതാവ് നവ്‌ജ്യോത് സിങ് സിദ്ദു ബി.ജെ.പി ടിക്കറ്റില്‍ മത്സരിച്ചു ജയിച്ചിരുന്നു. 2014-ല്‍ അദ്ദേഹത്തിന് സീറ്റ് നിഷേധിച്ചിരുന്നു. തുടര്‍ന്ന് സിദ്ദു ബി.ജെ.പി വിട്ട് കോണ്‍ഗ്രസില്‍ ചേരുകയായിരുന്നു.

മേയ് 19-നാണ് പഞ്ചാബിലെ 10 മണ്ഡലങ്ങളില്‍ വോട്ടെടുപ്പ്.

Latest Stories

We use cookies to give you the best possible experience. Learn more