ന്യൂദല്‍ഹി: ദല്‍ഹിയില്‍ വിദ്യാര്‍ത്ഥി പ്രതിഷേധത്തിന് നേര്‍ക്കുണ്ടായ പൊലീസ് അതിക്രമങ്ങളില്‍ ആഭ്യന്തര മന്ത്രി അമിത് ഷായുടെ രാജി ആവശ്യപ്പെട്ട് ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. ഇന്ന് വൈകിട്ട് നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് രാഹുല്‍ ഈ കാര്യം ആവശ്യപ്പെട്ടത്. നേരത്തെ ലോക്‌സഭയിലും ഈ വിഷയം ഉന്നയിക്കാന്‍ ശ്രമിച്ചെങ്കിലും ഭരണപക്ഷം അദ്ദേഹത്തെ സംസാരിക്കാന്‍ അനുവദിച്ചിരുന്നില്ല.
ദല്‍ഹിയില്‍ പ്രതിഷേധക്കാര്‍ക്ക് നേര്‍ക്കുണ്ടായ ക്രൂരതകളും മര്‍ദനങ്ങളും പീഡനങ്ങളുമാണ് ഇപ്പോള്‍ തന്നെ സംബന്ധിച്ച് ഏറ്റവും പ്രധാന വിഷയമെന്ന് രാഹുല്‍ പറഞ്ഞു.
‘വിദ്യാര്‍ത്ഥികള്‍ക്കെതിരായ ക്രൂരതകളും മര്‍ദ്ദനങ്ങളും പീഡനങ്ങളും മൗലികമായ വിഷയമാണ്. ഇത് വിദ്യാര്‍ത്ഥികളെ ബാധിക്കുന്ന വിഷയമാണ്. അവരെ ഇന്നും ഭീഷണിപ്പെടുത്തുന്നു. ഫേഷ്യല്‍ റെകഗ്‌നിഷന്‍ സാങ്കേതിക വിദ്യ അവര്‍ക്കെതിരെ ഉപയോഗിച്ചിട്ടുണ്ട്. ബജ്രംഗ്ദള്‍ അവരെ ഭീഷണിപ്പെടുത്തുന്നുണ്ട്,’ രാഹുല്‍ പറഞ്ഞു.
ഇവിടെയാണ് ചോദ്യം. അമിത്ഷായാണ് ഞാന്‍ അറിഞ്ഞിടത്തോളം ഇന്ത്യയുടെ ആഭ്യന്തര മന്ത്രി. ആഭ്യന്തര മന്ത്രാലയവുമായി ബന്ധപ്പെട്ട പൊലീസ് വിഭാഗങ്ങളുടെയോ സേനാ വിഭാഗങ്ങളുടെയോ നടപടികള്‍ക്ക് അമിത് ഷായുടെ അനുമതി ആവശ്യമാണെന്നും രാഹുല്‍ ചൂണ്ടിക്കാട്ടി.
അമിത് ഷാ പൊലീസുകാരെ വിളിക്കുന്നത് പാര്‍ലമെന്റ് ഹൗസില്‍ വച്ച് താന്‍ നേരിട്ട് കണ്ടതാണ്. മന്ത്രി ജിതേന്ദ്ര സിങ്ങിന് ഒന്നിന് പിന്നാലെ ഒന്നായി അമിത് ഷായില്‍ നിന്ന് കോളുകള്‍ വരുന്നതും താന്‍ കണ്ടതാണെന്നും രാഹുല്‍ പറഞ്ഞു.
അപ്പോള്‍ തെരുവില്‍ എന്താണ് നടക്കുന്നതെന്ന് അമിത് ഷായ്ക്ക് അറിയാമെന്നത് വ്യക്തമാണ്. അങ്ങനെയെങ്കില്‍ രണ്ട് സാധ്യതയാണുള്ളത്. ഒന്നുകില്‍ പെല്ലെറ്റ് ഗണ്ണുപയോഗിച്ച് വെടിവെക്കാനും ഷോക്കടിപ്പിക്കുന്ന ലാത്തി ഉപയോഗിക്കാനും ആണിയടിച്ച ലാത്തി ഉപയോഗിക്കാനും അമിത് ഷാ അനുമതി നല്‍കിയിട്ടുണ്ടാവാം.
അല്ലെങ്കില്‍ അയാള്‍ക്ക് അതിനെപ്പറ്റി ധാരണയില്ലാതിരിക്കും. അയാള്‍ക്ക് അതിനെക്കുറിച്ച് ധാരണയില്ലെങ്കില്‍ അയാള്‍ ഭരിക്കാന്‍ കഴിവില്ലാത്തയാളാണ്. അയാളാണ് ഉത്തരവ് നല്‍കിയതെങ്കില്‍ അയാള്‍ കുറ്റക്കാരനാണ്. ഇതല്ലാതെ മൂന്നാമതൊരു സാധ്യതയില്ല.
ഒന്നുകില്‍ അയാള്‍ ഉത്തരവിട്ടു. അപ്പോള്‍ അയാള്‍ കുറ്റക്കാരനാണ്. അല്ലെങ്കില്‍ അയാള്‍ ഒന്നും അറിഞ്ഞില്ല. രണ്ടാണെങ്കിലും അയാള്‍ രാജി വെക്കണമെന്നും രാഹുല്‍ വ്യക്തമാക്കി.
‘ഇയാളാണ് വിദ്യാര്‍ത്ഥികള്‍ക്ക് നേര്‍ക്ക് നടന്ന ക്രൂരതക്ക് ഉത്തരവാദി’ എന്ന് ഒരു സ്‌ക്രീനില്‍ പ്രദര്‍ശിപ്പിച്ച അമിത് ഷായുടെ ഫോട്ടോ ചൂണ്ടിക്കാണിച്ച് രാഹുല്‍ പറഞ്ഞു. ‘പ്രധാനമന്ത്രിയില്‍ നിന്ന് ഇയാള്‍ ഉത്തരവുകള്‍ സ്വീകരിക്കും. എന്നാലും ഇയാളാണ് നിങ്ങളെ മര്‍ദിച്ചതും ഉപദ്രവിച്ചതും പെല്ലറ്റ് ഗണ്ണുപയോഗിച്ച് വെടിവച്ചതും,’ എന്നും വിദ്യാര്‍ത്ഥികളെ അഭിസംബോധന ചെയ്ത് രാഹുല്‍ പറഞ്ഞു.
ദല്‍ഹി പൊലീസാണ് വിദ്യാര്‍ത്ഥികളെ അക്രമിച്ചത്. ദല്‍ഹി പൊലീസ് ആഭ്യന്തര മന്ത്രാലയത്തിന് കീഴിലാണ്. അമിത് ഷായാണ് ആഭ്യന്തര മന്ത്രി. മറ്റൊരു വിഭാഗം റാപിഡ് ആക്ഷന്‍ ഫോഴ്‌സാണ് (ആര്‍.എ.എഫ്.) അവര്‍ സി.ആര്‍.പി.എഫിന് കീഴിലാണ്. അവരും ആഭ്യന്തര മന്ത്രാലയത്തിന് കീഴിലാണ്. മര്‍ദനങ്ങളും വെടിവെപ്പും നടത്തിയ ഈ രണ്ട് വിഭാഗങ്ങളും റിപ്പോര്‍ട്ട് ചെയ്യേണ്ടത് അമിത് ഷായോടാണെന്നും രാഹുല്‍ ചൂണ്ടിക്കാട്ടി.
‘ഈ മാസം 25ന് ഞാന്‍ അമിത് ഷായ്ക്ക് കത്തയച്ചിരുന്നു. പെല്ലറ്റ് ഗണ്‍ അടക്കമുള്ള മാരക മാര്‍ഗങ്ങള്‍ വിദ്യാര്‍ത്ഥികള്‍ക്കെതിരെ ഉപയോഗിക്കാന്‍ ആഭ്യന്തര മന്ത്രി അനുമതി നല്‍കിയിരുന്നോ എന്നായിരുന്നു കത്തില്‍ ചോദിച്ചത്. ഇല്ലെങ്കില്‍ ആരാണ് അനുമതി നല്‍കിയതെന്നും ചോദിച്ചിരുന്നു.
ആരാണ് യൂണിഫോമില്ലാതെ സാധാരണ വേഷത്തിലെത്തി വിദ്യാര്‍ത്ഥികളെ ആക്രമിച്ചതെന്നും കത്തില്‍ ചോദിച്ചിരുന്നു, അവരെ ആരാണ് അയച്ചതെന്നും. ആ ചോദ്യങ്ങള്‍ക്കുള്ള ഉത്തരം ഉത്തരംപോയിട്ട് ഈ കത്ത് ലഭിച്ചെന്ന മറുപടി പോലും എനിക്ക് ലഭിച്ചില്ല,’ രാഹുല്‍ പറഞ്ഞു.
‘മര്‍ദനമേറ്റ് വിദ്യാര്‍ത്ഥികള്‍ക്ക് നീതി വാങ്ങിച്ച് തരാമെന്ന് സര്‍ക്കാരിന് ഉറപ്പ് നല്‍കാന്‍ പറ്റുന്നില്ലെങ്കില്‍ ആര്‍ക്ക് പറ്റും. ഞങ്ങള്‍ക്ക് ഉറപ്പ് നല്‍കാനാവും. ഇന്ന് ചിലപ്പോള്‍ കഴിയില്ലായിരിക്കും. പക്ഷേ കുറച്ച് കഴിഞ്ഞാല്‍ അത് സാധിക്കുമായിരിക്കും. മര്‍ദനമേറ്റവര്‍ക്ക് നീതി ലഭ്യമാക്കുമെന്ന് ഞങ്ങള്‍ ഉറപ്പ് നല്‍കുന്നു. പെല്ലറ്റ് ഗണ്‍ ഉപയോഗിച്ചവര്‍ അടക്കം വിദ്യാര്‍ത്ഥികളെ മര്‍ദിച്ചവരെ ശിക്ഷിക്കുമെന്നും ഉറപ്പ് നല്‍കുന്നു,’ രാഹുല്‍ പറഞ്ഞു.
വിദ്യാര്‍ത്ഥികള്‍ക്കെതിരായ അതിക്രമങ്ങള്‍ നടത്തിയ പൊലീസുകാര്‍ക്കെതിരായ തെളിവുകള്‍ ശേഖരിച്ചിട്ടുണ്ടെന്നും രാഹുല്‍ അറിയിച്ചു. മര്‍ദിച്ച പൊലീസുകാരുടെ ചിത്രങ്ങളും മര്‍ദനത്തിന്റെ വീഡിയോകളും അടക്കും ശേഖരിച്ചിട്ടുണ്ട്. ഇത് ചെയ്ത പൊലീസുകാരെ തങ്ങള്‍ക്ക് അറിയാമെന്നും രാഹുല്‍ പറഞ്ഞു.
‘സര്‍ക്കാര്‍ വിചാരിക്കുന്നുണ്ടാവും അവര്‍ മിടുക്കരാണെന്ന്. പക്ഷേ ഇതിനെല്ലാം ഉത്തരം പറയേണ്ടി വരും. ഉത്തരം പറയേണ്ട അവസ്ഥ വരും. ഇത് പ്രതിപക്ഷം വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കുന്ന ഉറപ്പാണ്,’ രാഹുല്‍ പറഞ്ഞു.
അമിത് ഷായെ പുറത്താക്കാനും പൊലീസ് അതിക്രമത്തിനെതിരെ സ്വതന്ത്ര അന്വേഷണത്തിന് ഉത്തരവിടാനും പ്രധാനമന്ത്രിയോട് ഉപദേശിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ‘ഞങ്ങള്‍ അസാധാരണമായ ആവശ്യമല്ല ഉന്നയിക്കുന്നത്. ചുരുങ്ങിയത് നിങ്ങള്‍ ചെയ്ത കാര്യങ്ങള്‍ക്ക് ഉത്തരവാദിത്തം ഏറ്റെടുക്കാനുള്ള മര്യാദയെങ്കിലും കാണിക്കാനാണ് ആവശ്യപ്പെടുന്നത്,’ രാഹുല്‍ പറഞ്ഞു.
ലോക്‌സഭയില്‍ ഈ വിഷയം ഉന്നയിക്കാന്‍ സമ്മതിക്കാത്തതിനെ കുറിച്ചും രാഹുല്‍ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിച്ചു.
‘നിങ്ങള്‍ കണ്ടത് പോലെ ലോക്‌സഭയില്‍ സംസാരിക്കാന്‍ എന്നെ സമ്മതിച്ചില്ല. പല തവണ സ്പീക്കറോട് ഞാന്‍ പറഞ്ഞിരുന്നു ഉത്തരവിട്ടാല്‍ എനിക്ക് സംസാരിക്കാന്‍ പറ്റുമായിരുന്നെന്ന്. മന്ത്രിമാര്‍ക്ക് പല തവണ സംസാരിക്കാന്‍ അവസരം ലഭിച്ചെങ്കിലും എന്നെ തടഞ്ഞു,’ രാഹുല്‍ പറഞ്ഞു.
‘ഇതിന് അവര്‍ പറഞ്ഞകാരണം ഞാന്‍ അമിത് ഷായെക്കുറിച്ച് പറഞ്ഞതാണ്. അമിത് ഷായാണ് വിദ്യാര്‍ഥികള്‍ക്കെതിരായ ക്രൂരതക്ക് കാരണമെന്ന് ഞാന്‍ പറഞ്ഞിരുന്നു. ഞാന്‍ മാപ്പ് പറഞ്ഞാല്‍ എനിക്ക് സംസാരിക്കാന്‍ അനുമതി തരാം എന്നും അവര്‍ പറഞ്ഞു.
ഒന്നാമതായി ഞാന്‍ ഒരിക്കലും ബി.ജെ.പിയോടോ ആര്‍.എസ്.എസിനോടോ അവരുമായി ബന്ധപ്പെട്ടവരോടോ മാപ്പ് പറയില്ല.
രണ്ടാമതായി, പ്രതിപക്ഷ നേതാവെന്ന നിലയില്‍ എന്റെ അവകാശമാണ് രാജ്യത്തെ പ്രശ്‌നങ്ങള്‍ സഭയില്‍ ഉയര്‍ത്തുക എന്നത്. എന്നെ സംബന്ധിച്ച ഇതുവരെ ഇന്നത്തെ ഏറ്റവും വലിയ പ്രശ്‌നം വിദ്യാര്‍ത്ഥികള്‍ക്ക് നേര്‍ക്കുണ്ടായ ക്രൂരതകളാണ്,’ രാഹുല്‍ പറഞ്ഞു.
Content Highlight: Amit Shah ‘culpable or incompetent’, sack him for crackdown on students: Rahul Gandhi