കൊച്ചി: കോണ്‍ഗ്രസ് ഉപരാഷ്ട്രപതി സ്ഥാനാര്‍ത്ഥിയും മുന്‍ സുപ്രീം കോടതി ജസ്റ്റിസുമായ ബി. സുദര്‍ശന്‍ റെഡ്ഡി നക്‌സലിസത്തെ പിന്തുണക്കുന്നുവെന്ന് ആരോപിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രിയും ബി.ജെ.പി നേതാവുമായ അമിത് ഷാ.
അദ്ദേഹം കൂടി അംഗമായ ബെഞ്ച് സാല്‍വാ ജൂദും വിഷയത്തില്‍ പുറപ്പെടുവിച്ച വിധിയെ പരാമര്‍ശിച്ചാണ് അമിത് ഷാ ആരോപണം ഉന്നയിച്ചത്.
ഇടതുപക്ഷത്തിന്റെ സമ്മര്‍ദം കാരണമാണ് കോണ്‍ഗ്രസ് സുദര്‍ശന്‍ റെഡിയെ സ്ഥാനാര്‍ത്ഥിയാക്കിയതെന്നും അമിത് ഷാ കൂട്ടിച്ചേര്‍ത്തു. മലയാള മനോരമ ഗ്രൂപ്പ് സംഘടിപ്പിച്ച മനോരമ ന്യൂസ് കോണ്‍ക്ലേവ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
നക്‌സലിസത്തെ സഹായിച്ച വ്യക്തിയാണ് സുദര്‍ശന്‍ റെഡ്ഡിയെന്നും അദ്ദേഹം തന്നെയാണ് സാല്‍വാ ജൂദും വിധി പ്രഖ്യാപിച്ചതെന്നും അമിഷ് ഷാ പറഞ്ഞു. സാല്‍വാ ജൂദും വിധി പ്രഖ്യാപിച്ചില്ലായിരുന്നെങ്കില്‍ 2020 ആകുമ്പോഴേക്കും നക്‌സല്‍ ഭീകരത അവസാനിക്കുമായിരുന്നെന്നും പറഞ്ഞ അമിത് ഷാ, സാല്‍വാ ജൂദും വിധിയുടെ പ്രത്യയശാസ്ത്രത്തില്‍ വിശ്വസിക്കുന്ന വ്യക്തിയാണ് അദ്ദേഹമെന്നും കൂട്ടിച്ചേര്‍ത്തു.
‘കേരളവും നക്‌സലിസത്തിന്റെ ആഘാതം നേരിട്ടിട്ടുണ്ട്. ഇടതുപക്ഷ പാര്‍ട്ടികളുടെ സമ്മര്‍ദ്ദത്തിന് വഴങ്ങി നക്‌സലിസത്തിന് പിന്തുണക്കുന്നതിന് സുപ്രീം കോടതി പോലുള്ള പുണ്യവേദി ഉപയോഗിച്ച വ്യക്തിയാണ് കോണ്‍ഗ്രസ് ഉപരാഷ്ട്രപതി സ്ഥാനാര്‍ത്ഥിയായി നിയമിക്കുന്നത്. ഇത് കേരളത്തിലെ ജനങ്ങള്‍ തിരിച്ചറിയണം,’ അമിത് ഷാ പറഞ്ഞു.
മാവോയിസ്റ്റ് ഭീഷണിയെ നേരിടാന്‍ ഗോത്രവര്‍ഗ യുവാക്കളെ സ്‌പെഷ്യല്‍ പൊലീസ് ഓഫീസര്‍മാരായി നിയമിച്ചുകൊണ്ട് ഛത്തീസ്ഗഢ് സര്‍ക്കാരായിരുന്നു സാല്‍വാ ജുദൂമിന് രൂപം നല്‍കിയത്. ആ സായുധ സംഘടന നിയമവിരുദ്ധവും ഭരണഘടനാവിരുദ്ധവുമാണെന്നും കാണിച്ച് ജസ്റ്റിസുമാരായ സുദര്‍ശന്‍ റെഡ്ഡിയും എസ്.എസ്. നിജ്ജാറും അംഗമായ സുപ്രീംകോടതിയുടെ രണ്ടംഗ ബെഞ്ച് 2011ല്‍ സാല്‍വാ ജുദൂമിനെ പിരിച്ചുവിടാന്‍ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു.
ജഗ്ദീപ് ധന്‍കര്‍ അപ്രതീക്ഷിതമായി രാജിവെച്ചതിന് പിന്നാലെയാണ് ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പ് നടക്കുന്നത്. ഇന്ത്യാ സഖ്യത്തിന്റെ സ്ഥാനാര്‍ത്ഥിയാണ് സുദര്‍ശന്‍ റെഡ്ഡി. മമതാ ബാനര്‍ജിയാണ് സുദര്‍ശന്‍ റെഡ്ഡിയുടെ പേര് നിര്‍ദ്ദേശിച്ചത്. എന്‍.ഡി.എ സ്ഥാനാര്‍ഥിയായി മത്സരിക്കുന്നത് സി.പി. രാധാകൃഷ്ണനാണ്. സെപ്റ്റംബര്‍ ഒന്‍പതാം തീയതിയാണ് തെരഞ്ഞെടുപ്പ്.
Content Highlight: Amit Shah accuses Sudarshan Reddy of using Supreme Court to support Naxalism