കേരളത്തിന്റെ വിദ്യാഭ്യാസ ചരിത്രത്തില്‍ ഒരു നിര്‍ണായക വഴിത്തിരിവായി മാറിയിരിക്കുന്നത് പി.എം ശ്രീ (Prime Minister’s Schools for Rising India) പദ്ധതിയുടെ നടപ്പാക്കലിനെ ചുറ്റിപ്പറ്റിയുള്ള ചര്‍ച്ചകളാണ്. ഈ പദ്ധതി, കേന്ദ്രസര്‍ക്കാരിന്റെ വിദ്യാഭ്യാസ നയങ്ങളുടെയും സംഘപരിവാര്‍ അജണ്ടകളുടെയും ഭാഗമായി കാണപ്പെടുന്ന ചരിത്രാപനിര്‍മിതികളുടെയും പ്രതിഫലനമായി വിലയിരുത്തപ്പെടുന്നുണ്ട്.
ശാസ്ത്രചിന്ത, യുക്തിബോധം, ചരിത്രസത്യങ്ങള്‍ എന്നിവയെ പ്രോത്സാഹിപ്പിച്ചുകൊണ്ട് കേരളം നീണ്ടകാലമായി നേടിയെടുത്ത സാമൂഹിക നവോത്ഥാന മുന്നേറ്റങ്ങളെ അട്ടിമറിക്കുന്ന ഒരു അക്കാദമിക് പരിസരം സൃഷ്ടിക്കാന്‍ ഈ പദ്ധതി കാരണമാകുമോ എന്ന ആശങ്കകള്‍ ശക്തമാണ്.
എന്നാല്‍, ഈ വിമര്‍ശനങ്ങളുടെ മറുവശത്ത്, സാമ്പത്തികമായി ഞെരുങ്ങുന്ന ഒരു സംസ്ഥാന സര്‍ക്കാരിന് പൊതുവിദ്യാഭ്യാസത്തിന്റെ നിലവാരം നിലനിര്‍ത്താന്‍ ഈ പദ്ധതി സ്വീകരിക്കേണ്ടിവന്ന സാഹചര്യത്തിന്റെ ഗൗരവം കൂടി വിലയിരുത്തപ്പെടേണ്ടതുണ്ട്.
ഇന്ത്യന്‍ ഭരണഘടന ഉറപ്പുനല്‍കുന്ന ഫെഡറല്‍ തത്ത്വങ്ങളെ മറികടന്ന്, കേന്ദ്രസര്‍ക്കാര്‍ വിദ്യാഭ്യാസം, ആരോഗ്യം തുടങ്ങിയ മാനവശേഷി വികസന മേഖലകളിലെ സംസ്ഥാന അധികാരങ്ങളെ ക്രമേണ ദുര്‍ബലപ്പെടുത്തുന്ന ഒരു പ്രവണതയാണ് നിലവിലുള്ളത്. ഇത്തരം ഇടപെടലുകള്‍, സാര്‍വത്രികവും സൗജന്യവുമായ വിദ്യാഭ്യാസം ഉറപ്പാക്കുന്ന ഭരണഘടനാതത്ത്വത്തിന് വിരുദ്ധമാണ്.
ഈ പശ്ചാത്തലത്തിലാണ് പി.എം ശ്രീ പദ്ധതിയെ വിശകലനം ചെയ്യേണ്ടത്. നിലവിലെ ഭരണകൂടത്തിന്റെ വിദ്യാഭ്യാസ നയങ്ങളെ വിമര്‍ശനാത്മകമായി പരിശോധിക്കുമ്പോള്‍, നമുക്കറിയാം കേരളത്തിന്റെ വിദ്യാഭ്യാസ മേഖല രാജ്യത്തിന് തന്നെ മാതൃകയാംവിധം രൂപപ്പെട്ട ഒന്നാണ്.
1957ലെ ഒന്നാം ഇ.എം.എസ് സര്‍ക്കാരിന്റെ വിദ്യാഭ്യാസ പരിഷ്‌കരണ ബില്ല് മുതല്‍ പിന്നീടങ്ങോട്ട് നടപ്പിലാക്കപ്പെട്ട പദ്ധതികള്‍ എല്ലാം ദീര്‍ഘവീക്ഷണത്തോടെയും ശാസ്ത്രീയ അഭിരുചികളെ മനസിലാക്കിക്കൊണ്ട് പുതിയകാല പഠനങ്ങളെ പ്രോത്സാഹിപ്പിക്കും വിധം രൂപപ്പെടുത്തിയതാണ്.
ഇന്ത്യയിലെ തന്നെ ഏറ്റവും മികച്ച ഐ.ടി പഠനവും സ്വതന്ത്ര സോഫ്റ്റ്വെയറുകള്‍ ഉപയോഗപ്പെടുത്തി കൊണ്ടുള്ള പഠനാന്തരീക്ഷവും, കോര്‍പ്പറേറ്റ് മൂലധന ശക്തികള്‍ക്ക് വിദ്യാഭ്യാസ മേഖലയെ വിലക്കുന്നതിന് വേണ്ടിയുള്ള ഒരു പ്രവര്‍ത്തനത്തിനും കേരളത്തിലെ സര്‍ക്കാര്‍ ഈ കാലമത്രയും നിലനിന്നിട്ടില്ല.
2016ല്‍ പിണറായി വിജയന്റെ നേതൃത്വത്തിലുള്ള എല്‍.ഡി.എഫ് സര്‍ക്കാര്‍ അധികാരത്തില്‍ എത്തുന്നതിന്റെ തൊട്ടുമുമ്പുള്ള സര്‍ക്കാര്‍ കാലയളവ് നമുക്കറിയാം, കേരളത്തിലെ സര്‍ക്കാര്‍ വിദ്യാലയങ്ങള്‍ കേവലം കമ്പോളയുക്തിയോടെ റിസോര്‍ട്ടുകളായും മറ്റ് ഗോഡൗണുകളായുമാക്കി വിദ്യാഭ്യാസ സ്ഥാപനങ്ങളെ മാറ്റുകയും, സ്വകാര്യ കുത്തക വിദ്യാഭ്യാസ ഏജന്‍സികള്‍ക്ക് വിദ്യാഭ്യാസ മേഖലയെ ഒട്ടാകെ എഴുതി കൊടുക്കുന്ന നിലയിലുമായിരുന്നു കേരളത്തിലെ വിദ്യാഭ്യാസ രംഗം.
എന്നാല്‍ 2016ല്‍ എല്‍.ഡി.എഫ് സര്‍ക്കാര്‍ അധികാരത്തിലെത്തിയതിന് ശേഷം സംസ്ഥാനത്തെ പൊതുമേഖല അപൂര്‍വമായ മുന്നേറ്റമാണ് കൈവരിച്ചത്. ഡിജിറ്റല്‍ ക്ലാസ് മുറികളും ആധുനിക സംവിധാനങ്ങളോടുള്ള പഠനോപകരണങ്ങളും വിദ്യാര്‍ത്ഥികള്‍ക്ക് പ്രാപ്യമാക്കിയതും ഈ സര്‍ക്കാരിന്റെ കാലയളവിലാണ്.
തീ മുതല്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് വരെ മനുഷ്യന്റെ ചിന്താപരിസരം നിരന്തരം വികസിക്കുകയും അതിനൊപ്പം തന്നെ വിദ്യാഭ്യാസ മേഖലയെയും അക്കാദമിക് പരിസരത്തെയും വികസിപ്പിക്കണമെന്നും ആഗോള മാനവിക സൂചികയെ ഉയര്‍ത്തിനിര്‍ത്തണമെങ്കില്‍ മനുഷ്യന്‍ പരമപ്രധാനമായ വിദ്യാഭ്യാസം ലഭിക്കേണ്ടതുണ്ടെന്നും കാണിക്കുന്ന ഇടതുപക്ഷ രാഷ്ട്രീയ കാഴ്ചപ്പാടിന്റെ ഭാഗമാണ് ഇത്തരത്തില്‍ നടപ്പിലാക്കിയിട്ടുള്ള ഓരോ പ്രവര്‍ത്തനവും.
വിദ്യാഭ്യാസ മേഖലയ്ക്ക് ശക്തി പകര്‍ന്നുകൊണ്ട് പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കണമെങ്കില്‍ സ്വാഭാവികമായിട്ടും ഒരു ബൂര്‍ഷ നിയന്ത്രിത സാമൂഹ്യ-സാമ്പത്തിക സംവിധാനത്തിനുള്ളില്‍ വലിയ സാമ്പത്തിക ചെലവ് ആവശ്യമാണ്.
ദൗര്‍ഭാഗ്യവശാല്‍ ജി.എസ്.ടി അടക്കമുള്ള സാമ്പത്തിക നയങ്ങളെ ഉപയോഗപ്പെടുത്തികൊണ്ട് കേന്ദ്രസര്‍ക്കാര്‍ സാമ്പത്തിക സംവിധാനങ്ങളുടെ സിംഹഭാഗവും അടക്കി വെച്ചുകൊണ്ട് സംസ്ഥാനങ്ങളെ വരിഞ്ഞുമുറുക്കിക്കൊണ്ടിരിക്കുമ്പോള്‍, വിദ്യാഭ്യാസത്തിന്റെ ജനങ്ങളുടെ സ്വപ്നത്തിന് തടസ്സം നില്‍ക്കുക എന്നത് ഒരു സര്‍ക്കാരിനെ സംബന്ധിച്ച് അത്യന്തം ദൗര്‍ഭാഗ്യകരവും അപകടകരവുമാണ്.
അതുകൊണ്ടുതന്നെയാണ് സംസ്ഥാന സര്‍ക്കാര്‍ വിദ്യാഭ്യാസം പരമപ്രധാനവും, അത് നടപ്പിലാക്കുന്നതിന് വേണ്ട സാമ്പത്തിക സഹായം അത്യാവശ്യമാണെന്ന് കണ്ടതിന്റെ പേരില്‍ പി.എം ശ്രീ എന്ന പദ്ധതി നടപ്പിലാക്കുന്നതിനെ സംബന്ധിച്ച ആലോചനകള്‍ നടത്തിയത്.
വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍ കേരളത്തില്‍ നടത്തേണ്ടതുണ്ട് എന്നത് മാത്രമല്ല, നമുക്കറിയാം ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് നോക്കുമ്പോള്‍ കേരളത്തിലെ ഓരോ ക്ലാസ് മുറിയും ഡിജിറ്റല്‍ സാക്ഷരത നേടിയ ക്ലാസ് മുറികളാണ്. ഓരോ കുട്ടിയും വിദേശ മാതൃകയില്‍ വിദ്യാഭ്യാസം നേടിക്കൊണ്ടിരിക്കുന്നു.
ഇനിയുള്ള കാലം ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് നിയന്ത്രിക്കുന്ന ക്ലാസ് മുറികളാണ് നമുക്ക് മുന്നിലുള്ളത്. സ്വാഭാവികമായിട്ടും ഇത്തരത്തില്‍ നമ്മുടെ ഭൗതിക സാഹചര്യത്തെ മാറ്റേണ്ടതുണ്ട്, അതിന് ഭീമമായ സാമ്പത്തിക ചെലവുമുണ്ട്. ഇത്തരത്തില്‍ കേരളത്തിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളെ മാറ്റണമെങ്കില്‍ കേന്ദ്രസര്‍ക്കാര്‍ അനുവദിക്കുന്ന തുക കിട്ടിയേ തീരു.
കേന്ദ്രസര്‍ക്കാര്‍ പി.എം ശ്രീ എന്ന പദ്ധതിയിലൂടെ അനുവദിക്കുന്ന തുക അവരുടെ ഔദാര്യമല്ല നമ്മുടെ ഓരോരുത്തരുടെയും നികുതിപ്പണത്തില്‍ നിന്ന് കേന്ദ്രസര്‍ക്കാര്‍ നല്‍കുന്ന അവകാശമാണ്. അതുകൊണ്ടുതന്നെ ഒരു സര്‍ക്കാരിന്റെ തീറ്റുറപ്പിന് മുന്നിലും വഴങ്ങിക്കൊണ്ട് ഈ പ്രവര്‍ത്തനത്തില്‍ നിന്ന് നമുക്ക് പുറകോട്ട് പോകാനാവില്ല.
കേന്ദ്രസര്‍ക്കാരിന്റെ വിദ്യാഭ്യാസ നയങ്ങള്‍ ഇവിടെ നടപ്പിലാക്കാനുള്ള ശ്രമമുണ്ട് എന്ന് മനസിലാക്കിക്കൊണ്ടുതന്നെ ബദല്‍ വിദ്യാഭ്യാസ ക്രമങ്ങളും ബദല്‍ സിലബസുകളും അവതരിപ്പിച്ചുകൊണ്ട് വിദ്യാര്‍ത്ഥികള്‍ക്ക് ശാസ്ത്രീയതയും യുക്തിയും വര്‍ദ്ധിപ്പിക്കുന്ന നിലയിലുള്ള പദ്ധതികള്‍ക്ക് നമുക്ക് നേതൃത്വം കൊടുക്കണം.
ശ്രീനാരായണഗുരു അരുവിപ്പുറത്ത് ശിവപ്രതിഷ്ഠയും കാരമുക്കില്‍ ദീപപ്രതിഷ്ഠയും നടത്തുകയും നിരവധിയായ ക്ഷേത്രങ്ങളില്‍ വിഗ്രഹം പ്രതിഷ്ഠിക്കുകയും ചെയ്തതിനുശേഷം അദ്ദേഹത്തോട് ഒരുനാള്‍ വാഗ്ഭടാനന്ദ സ്വാമികള്‍ ചോദിക്കുന്നു ‘താങ്കള്‍ ഇന്ന് ചെയ്യുന്ന ഈ വിഗ്രഹപ്രതിഷ്ഠകള്‍ നാളെ ഈ സമൂഹത്തിന് വലിയ വിഘാതങ്ങള്‍ സൃഷ്ടിക്കുമെന്ന്’ അന്ന് ഗുരു പറഞ്ഞ ലളിതമായ ഒരു ഉത്തരമുണ്ട്:
‘ഞാന്‍ പണിയുന്ന ഓരോ കെട്ടിടങ്ങളും ഒരു ഭൗതിക നിര്‍മിതിയാണ്; അതിന് ക്ഷേത്രമായി മാത്രം നിലനില്‍ക്കുക എന്നത് ഉദ്ദേശമല്ല, ഭാവിയില്‍ അത് വിദ്യാലയങ്ങളായി മാറും’.
അതുപോലെ തന്നെയാണ് കേരളത്തിലെ സര്‍ക്കാര്‍ എടുക്കുന്ന ഈ തീരുമാനവും ഇത് കേരളത്തിലെ സര്‍ക്കാരിന്റെ ഇച്ഛാശക്തിയുടെ ഭാഗമായി മികച്ച പഠനാന്തരീക്ഷവും ഭൗതിക സാഹചര്യങ്ങളുടെ വളര്‍ച്ചയും സൃഷ്ടിക്കും.
ആര്‍ത്തിരമ്പുന്ന തിരമാലകളോട് മല്ലിട്ട് പുറംകടലില്‍ പോയി മത്സ്യം പിടിക്കുന്നവരും, ഉയരമുള്ള തെങ്ങില്‍ കയറി തേങ്ങ പറിക്കുന്നവരും, പാറ പൊട്ടിക്കുന്നവരും, ഓട്ടോറിക്ഷ ഓടിക്കുന്നവരും, ബസ് ജീവനക്കാരും, ചുമട് എടുക്കുന്നവരും എന്നിങ്ങനെ ഈ നാട്ടിലെ സാധാരണക്കാരായ മനുഷ്യരുടെ കുട്ടികള്‍ക്ക് നല്ല സാഹചര്യത്തില്‍ ഇരുന്ന് വിദ്യാഭ്യാസം നേടുക എന്നത് ഈ സര്‍ക്കാരിന്റെ ഇച്ഛാശക്തിയാണ്. ദേശീയ വിദ്യാഭ്യാസ നയമടക്കമുള്ള വിദ്യാഭ്യാസ അപനിര്‍മാണങ്ങളെ എതിര്‍ത്തുകൊണ്ടുതന്നെ ഇത്തരത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം കൊടുക്കാനും സാധിക്കും.
ആഗോളതലത്തില്‍ അമേരിക്കന്‍ സാമ്രാജ്യത്വ ശക്തികള്‍ ഉപയോഗിച്ചുകൊണ്ടിരിക്കുന്ന തന്ത്രം തന്നെയാണ് ഇന്ത്യയിലെ നരേന്ദ്രമോദി സര്‍ക്കാരും വിദ്യാഭ്യാസ മേഖലയില്‍ നടത്തിക്കൊണ്ടിരിക്കുന്നത്. സ്മിത്ത്സോണിയന്‍ ആഫ്രിക്കന്‍-അമേരിക്കന്‍ മ്യൂസിയങ്ങളിലെ ചരിത്രപ്രദര്‍ശനങ്ങളെ നിയന്ത്രിച്ചുകൊണ്ട് കറുത്തവരുടെ ചരിത്രം മാറ്റിയെഴുതാനും, കറുത്ത മനുഷ്യരുടെ ചരിത്രം രാജ്യത്തിനപമാനം ആണെന്ന് മാറ്റിത്തീര്‍ക്കാനും ശ്രമിക്കുന്ന ഈ കാലം നരേന്ദ്രമോദിയുടെയും ട്രംപിസത്തിന്റെയും കാലമാണ്.
ആ കാലത്ത് ഇത്തരത്തിലുള്ള എല്ലാ പ്രതിരോധങ്ങള്‍ക്കും നേതൃത്വം കൊടുക്കണമെങ്കില്‍, ഇവരുടെ എല്ലാ പ്രവര്‍ത്തനങ്ങളെയും വിമര്‍ശിക്കണമെങ്കില്‍, ഈ പോരാട്ടങ്ങള്‍ക്ക് നേതൃത്വം കൊടുക്കാന്‍ വലിയ സാമ്പത്തിക സ്രോതസ് ആവശ്യമാണ്. വിദ്യാര്‍ത്ഥികളെ മികച്ച ഭൗതികാന്തരീക്ഷത്തില്‍ പഠിപ്പിച്ചുകൊണ്ട് മാത്രമേ ഇത്തരത്തിലുള്ള പോരാട്ടങ്ങള്‍ക്ക് നേതൃത്വം കൊടുക്കാന്‍ സാധിക്കൂ.
സര്‍വ്വരും സോദരത്തേന വാഴുന്ന ഒരു നാടായി ഈ നാടിനെ മാറ്റാന്‍, ഈ നാട്ടിലെ വിദ്യാഭ്യാസ മേഖലയെ കൂടുതല്‍ ശക്തമായി നിര്‍ത്താന്‍ കേരളത്തിലെ ഇടതുപക്ഷ സര്‍ക്കാര്‍ നിലനില്‍ക്കും എന്ന പ്രതീക്ഷയോടെയാണ് പി.എം.ശ്രീ പദ്ധതി നടപ്പിലാക്കുന്നത്. കേരളത്തിലെ ഇടതുപക്ഷ രാഷ്ട്രീയത്തിന്റെ ദീര്‍ഘകാല പാരമ്പര്യത്തില്‍ നിലനില്‍ക്കുന്ന സര്‍ക്കാരിന്റെ ബദല്‍ വിദ്യാഭ്യാസ പ്രക്രിയകളും പ്രതീക്ഷിച്ചുകൊണ്ട്, കേരളത്തിലെ ഈ വിദ്യാഭ്യാസ പ്രക്രിയയെ നമുക്ക് സ്വാഗതം ചെയ്യാം.
ഏതുതരത്തിലുള്ള കാവ്യവല്‍ക്കരണവും കേരളത്തിന്റെ മണ്ണിലേക്ക് കടന്നുവരുമ്പോള്‍ ഒരൊറ്റ കാര്യമാണ് കേരളത്തിന്റെ സാമൂഹ്യാന്തരീക്ഷത്തിന് സംഘപരിവാറിനോടും കേന്ദ്രസര്‍ക്കാരിനോടും സൂചിപ്പിക്കാനുള്ളത് അത് ആലപ്പുഴയിലെ പുന്നപ്ര-വയലാറില്‍ ചോര ചിന്തി മരിച്ച ധീരരായ കേരളത്തിലെ സ്വാതന്ത്ര്യസമര പോരാളികളായ കമ്മ്യൂണിസ്റ്റുകളുടെ ശവകുടീരമായ വലിയ ചുടുകാടിലെ പ്രവേശനകവാടത്തില്‍ എഴുതിവെച്ചിരിക്കുന്ന ഒരൊറ്റ വാചകമാണ്:
‘കരുതി പ്രവേശിക്ക, പതിതര്‍ തന്‍ ചുടുചോരക്കുരുതിയാല്‍ കറ തീര്‍ന്നൊരീ സ്ഥലത്തില്‍.’
Content Highlight: Amit Prasad K writes about PM Shri scheme