ഓസീസിനെതിരെയുള്ള ഏകദിന പരമ്പരയ്ക്ക് മുന്നോടിയായി സൂപ്പര്‍ താരങ്ങളായ രോഹിത് ശര്‍മയെക്കുറിച്ചും ക്യാപ്റ്റന്‍ ശുഭ്മന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മയെ കുറിച്ചും സംസാരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം അമിത് മിശ്ര. രോഹിത്തിനെ നായക സ്ഥാനത്ത് നിന്ന് മാറ്റി നിര്‍ത്തിയത് നല്ല തീരുമാനമാണെന്നും ക്യാപ്റ്റന്‍സിയുടെ സമ്മര്‍ദമില്ലാതെ രോഹിത്തിന് കളിക്കാന്‍ സാധിക്കുമെന്നും മിശ്ര പറഞ്ഞു.
മാത്രമല്ല ശുഭ്മന്‍ ഗില്ലിന് നായക സ്ഥാനം നല്‍കിയത് നല്ല തീരുമാനമാണെന്നും അദ്ദേഹം പറഞ്ഞു. ഐ.പി.എല്ലില്‍ ലോകമെമ്പാടുമുള്ള മികച്ച കളിക്കാരെ നിയന്ത്രിക്കാന്‍ ഗില്ലിന് സാധിച്ചെന്നും ഇന്ത്യയ്ക്ക് വേണ്ടി ദീര്‍ഘ കാലം ക്യാപ്റ്റനാകാന്‍ ഗില്ലിന് സാധിക്കുമെന്നും മിശ്ര ചൂണ്ടിക്കാട്ടി.
‘നായകസ്ഥാനത്തിന്റെ സമ്മര്‍ദം രോഹിത് ശര്‍മയുടെ മേല്‍ ഇല്ലാത്തത് നല്ലതാണ്. അദ്ദേഹത്തിന് സ്വാതന്ത്ര്യമുണ്ട്, കൂടാതെ തന്റെ പ്രകടനത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനും ടീമിനെ വിജയത്തിലെത്തിക്കാനും അദ്ദേഹത്തിന് കഴിയും. പുതിയ ക്യാപ്റ്റന്‍ ഗില്ലിനെ സഹായിക്കാനും അദ്ദേഹത്തിന് കഴിയും.
ഐ.പി.എല്ലിലും ഗില്‍ ക്യാപ്റ്റനായത് നല്ലതാണ്. ലോകമെമ്പാടുമുള്ള മികച്ച കളിക്കാരെ അദ്ദേഹം നയിച്ചിട്ടുണ്ട്. ഉത്തരവാദിത്തം അദ്ദേഹത്തിന് ലഭിച്ചതിനാല്‍, അദ്ദേഹം വേഗത്തില്‍ പക്വത പ്രാപിക്കുകയും ഇന്ത്യയെ വളരെക്കാലം നയിക്കാന്‍ കഴിയുകയും ചെയ്യും,’ മിശ്ര എ.എന്‍.ഐയോട് പറഞ്ഞു.
ഇന്ത്യയ്ക്ക് വേണ്ടി നിലവില്‍ ടെസ്റ്റ് ഫോര്‍മാറ്റ് നയിക്കുന്നത് ഗില്ലാണ്. ക്യാപ്റ്റനെന്ന നിലയില്‍ ഏഴ് മത്സരങ്ങളില്‍ നിന്ന് നാല് വിജയവും രണ്ട് തോല്‍വിയും ഒരു സമനിലയും ഗില്ലിനുണ്ട്. ഏകദിനത്തില്‍ താരത്തിന്റെ ക്യാപ്റ്റന്‍സിയില്‍ ഇന്ത്യ ഇറങ്ങുമ്പോള്‍ വലിയ പ്രതീക്ഷയാണ് ആരാധകര്‍ക്കും. അതേസമയം കഴിഞ്ഞ ചാമ്പ്യന്‍സ് ട്രോഫിക്ക് ശേഷം ആദ്യമായാണ് രോഹിത്തും വിരാട് കോഹ്‌ലിയും കളത്തിലിറങ്ങുന്നത്.
273 മത്സരങ്ങളില്‍ നിന്ന് രോഹിത് 11168 റണ്‍സ് നേടി. 264 റണ്‍സിന്റെ ഉയര്‍ന്ന സ്‌കോറും 48.8 എന്ന ആവറേജുമാണ് താരത്തിനുള്ളത്. മാത്രമല്ല 92.8 എന്ന സ്‌ട്രൈക്ക് റേറ്റില്‍ ബാറ്റ് വീശിയ രോഹിത് 32 സെഞ്ച്വറികളാണ് ഫോര്‍മാറ്റില്‍ നിന്ന് നേടിയത്. മാത്രമല്ല 58 അര്‍ധ സെഞ്ച്വറികളും താരത്തിനുണ്ട്.
ശുഭ്മന്‍ ഗില്‍ (ക്യാപ്റ്റന്‍), രോഹിത് ശര്‍മ, വിരാട് കോഹ്ലി, ശ്രേയസ് അയ്യര്‍ (വൈസ് ക്യാപ്റ്റന്‍), അക്‌സര്‍ പട്ടേല്‍, കെ.എല്‍. രാഹുല്‍ (വിക്കറ്റ് കീപ്പര്‍), നിതീഷ് കുമാര്‍ റെഡ്ഡി, വാഷിങ്ടണ്‍ സുന്ദര്‍, കുല്‍ദീപ് യാദവ്, ഹര്‍ഷിത് റാണ, മുഹമ്മദ് സിറാജ്, അര്‍ഷ്ദീപ് സിങ്, പ്രസീദ് കൃഷ്ണ, ധ്രുവ് ജുറെല്‍ (വിക്കറ്റ് കീപ്പര്‍), യശസ്വി ജെയ്സ്വാള്‍
Content Highlight: Amit Mishra Talking About Rohit Sharma And Shubhman Gill