| Thursday, 4th September 2025, 3:09 pm

സൂപ്പര്‍ താരങ്ങള്‍ക്ക് പുറകെ മറ്റൊരു ഇന്ത്യന്‍ താരവും വിരമിക്കല്‍ പ്രഖ്യാപിച്ചു!

സ്പോര്‍ട്സ് ഡെസ്‌ക്

ഇന്ത്യന്‍ സൂപ്പര്‍ സ്പിന്നര്‍ അമിത് മിശ്ര ക്രിക്കറ്റിലെ എല്ലാ ഫോര്‍മാറ്റില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ചു. 2017ലാണ് മിശ്ര അവസാനമായി ഇന്ത്യയ്ക്കുവേണ്ടി അന്താരാഷ്ട്ര മത്സരം കളിച്ചത്. ഐ.പി.എല്ലിലും ഏറെ ശ്രദ്ധിക്കപ്പെട്ട മിശ്ര 2024ല്‍ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിന് വേണ്ടിയാണ് അവസാനമായി കളിച്ചത്.

ഇന്ത്യക്കായി 22 ടെസ്റ്റ് മത്സരങ്ങളില്‍ നിന്ന് 123 മെയ്ഡന്‍ ഉള്‍പ്പെടെ 76 കിറ്റുകളാണ് താരം നേടിയത്. 3.19 എന്ന എക്കോണമിയും 35.7 എന്ന ആവറേജും താരത്തിനുണ്ട്. റെഡ് ബോളില്‍ രണ്ട് ഫോര്‍ഫറും ഒരു ഫൈഫറുമാണ് താരത്തിനുള്ളത്.

ഏകദിനത്തില്‍ മികച്ച പ്രകടനം കാഴ്ചവയ്ക്കാനും താരത്തിന് സാധിച്ചിരുന്നു. ഇന്ത്യക്ക് വേണ്ടി 36 മത്സരങ്ങള്‍ കളിച്ച് 64 വിക്കറ്റുകള്‍ മിശ്ര സ്വന്തമാക്കി. അതില്‍ 6/48 എന്ന മികച്ച ബൗളിങ് പ്രകടനവും താരം അക്കൗണ്ടിലാക്കി. രണ്ടു വീതം ഫോര്‍ഫറും ഫൈഫറും താരം ഫോര്‍മാറ്റില്‍ സ്വന്തമാക്കിയിട്ടുണ്ട്. ടി-20യില്‍ 10 മത്സരങ്ങള്‍ കളിച്ച മിശ്ര 16 വിക്കറ്റുകളാണ് നേടിയത് അതേസമയം ഐ.പി.എല്ലില്‍ 162 മത്സരങ്ങളില്‍ നിന്ന് 174 വിക്കറ്റുകള്‍ സ്വന്തമാക്കാന്‍ മിശ്രക്ക് സാധിച്ചു.

നിലവില്‍ ഇന്ത്യന്‍ ടീമിന്റെ തലമുറ മാറ്റത്തിന്റെ ഭാഗമായി പല താരങ്ങളും വിരമിക്കല്‍ പ്രഖ്യാപിച്ചുകൊണ്ടിരിക്കുകയാണ്. ചേതേശ്വര്‍ പൂജാര, ആര്‍. അശ്വിന്‍ തുടങ്ങിയവര്‍ അടുത്തിടെയായിരുന്നു ക്രിക്കറ്റിന്റെ എല്ലാ ഫോര്‍മാറ്റില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ചത്. സൂപ്പര്‍ താരങ്ങളായ വിരാട് കോഹ്‌ലിയും രോഹിത് ശര്‍മയും നിലവില്‍ ഏകദിനത്തില്‍ മാത്രമാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.

അതേസമയം 2025ലെ ഏഷ്യാ കപ്പിനായുള്ള കാത്തിരിപ്പിലാണ് ക്രിക്കറ്റ് ലോകം. സെപ്റ്റംബര്‍ ഒമ്പതിന് ആരംഭിക്കുന്ന ടൂര്‍ണമെന്റിനുള്ള തയ്യാറെടുപ്പിലാണ് ഇന്ത്യന്‍ ടീമും. ഇതോടെ 15 അംഗ സ്‌ക്വാഡിനെ ഇന്ത്യ നേരത്തെ പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. ക്യാപ്റ്റനായി സൂര്യകുമാര്‍ യാദവിനെയും വൈസ് ക്യാപ്റ്റനായി ശുഭ്മന്‍ ഗില്ലിനെയുമാണ് ഇന്ത്യ തെരഞ്ഞടുത്തത്.

2025 ഏഷ്യാകപ്പിനുള്ള ഇന്ത്യന്‍ സ്‌ക്വാഡ്

സൂര്യ കുമാര്‍ യാദവ് (ക്യാപ്റ്റന്‍), ശുഭ്മന്‍ ഗില്‍ (വൈസ് ക്യാപ്റ്റന്‍), അഭിഷേക് ശര്‍മ, തിലക് വര്‍മ, ഹാര്‍ദിക് പാണ്ഡ്യ, ശിവം ദുബെ, അക്‌സര്‍ പട്ടേല്‍, ജിതേഷ് ശര്‍മ (വിക്കറ്റ് കീപ്പര്‍), ജസ്പ്രീത് ബുംറ, അര്‍ഷ്ദീപ് സിങ്, വരുണ്‍ ചക്രവര്‍ത്തി, കുല്‍ദീപ് യാദവ്, സഞ്ജു സാംസണ്‍, ഹര്‍ഷിത് റാണ, റിങ്കു സിങ്‌

Content Highlight: Amit Mishra Retired All Format In Cricket

We use cookies to give you the best possible experience. Learn more