| Sunday, 5th April 2026, 10:39 pm

'ഞങ്ങള് നിന്റെ ബാലൻസ് തന്തമാര്', വാഴയിലെ തിയേറ്റർ സീൻ തൂക്കിയ അമീൻ

നന്ദന എം.സി

മലയാള സിനിമ പ്രേക്ഷകർ വലിയ പ്രതീക്ഷയോടെ കാത്തിരുന്ന ചിത്രങ്ങളിൽ ഒന്നായ ‘വാഴ 2 – ബയോപിക്ക് ഓഫ് ബില്യൺ ബ്രോസ്’ റിലീസ് ദിനം മുതൽ തന്നെ ബോക്‌സ് ഓഫീസിൽ മികച്ച മുന്നേറ്റമാണ് നടത്തുന്നത്.

നവാഗത സംവിധായകനായ സവിൻ സ സംവിധാനം ചെയ്ത ചിത്രം ആദ്യ ദിവസം തന്നെ ആഗോള തലത്തിൽ അഞ്ച് കോടിയിലേറെ കളക്ഷൻ സ്വന്തമാക്കി ശ്രദ്ധേയമായ തുടക്കമാണ് കുറിച്ചത്.

വാഴ 2, Photo: IMDb

ഇൻസ്റ്റഗ്രാം റീലുകളിലൂടെ വൈറലായ ഹാഷിറും ടീമുമാണ് ചിത്രത്തിലെ പ്രധാന താരങ്ങൾ. യുവതലമുറയെ കൂടുതൽ ആകർഷിക്കുന്ന രീതിയിലുള്ള അവതരണമാണ് ചിത്രത്തിന്റെ പ്രധാന പ്രത്യേകത.\

അതോടൊപ്പം തന്നെ ബിജുകുട്ടനും സുധീഷും അവതരിപ്പിച്ച കഥാപാത്രങ്ങൾക്കും മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. അവരുടെ അഭിനയവും ടൈമിങ്ങും സിനിമയെ കൂടുതൽ മികച്ചതാക്കുന്നു.

ചിത്രത്തിൽ നിരവധി കഥാപാത്രങ്ങൾ ശ്രദ്ധേയമായ പ്രകടനം കാഴ്ചവെച്ചിട്ടുണ്ടെങ്കിലും, പ്രേക്ഷകശ്രദ്ധ ഏറ്റവും കൂടുതൽ പിടിച്ചുപറ്റിയ ഒരാളാണ് അൽ അമീൻ.

‘പ്രകമ്പനം’ എന്ന ചിത്രത്തിലൂടെ തന്നെ ശ്രദ്ധ നേടിയിരുന്ന താരം, ‘വാഴ 2’ൽ തന്റെ പ്രകടനം കൊണ്ട് മറ്റൊരു തലത്തിലേക്ക് ഉയർന്നിരിക്കുകയാണ്. ഓരോ സീനിലും സ്വാഭാവികതയും കോമഡിയും നിറച്ചുകൊണ്ടാണ് അൽ അമീൻ സ്ക്രീനിൽ നിറഞ്ഞുനിൽക്കുന്നത്.

പ്രത്യേകിച്ച് തിയേറ്റർ സീൻ ചിത്രത്തിലെ ഹൈലൈറ്റുകളിലൊന്നായി മാറിയിരിക്കുകയാണ്. എല്ലാ താരങ്ങളും ഒരുമിച്ചെത്തുന്ന ആ രംഗത്തിൽ അൽ അമീന്റെ പ്രകടനം ഒരു പടി മുന്നിൽ നിൽക്കുന്നതായി പ്രേക്ഷകർ അഭിപ്രായപ്പെടുന്നു.

ഇന്നത്തെ യുവതലമുറക്ക് കൂടുതൽ ബന്ധിപ്പിക്കാൻ കഴിയുന്ന ഡയലോഗുകളും അതിനൊപ്പം താരം അവതരിപ്പിച്ച ബോഡി ലാംഗ്വേജും ടൈമിങ്ങും ചേർന്നപ്പോൾ, തിയേറ്ററുകൾ മുഴുവൻ ചിരിയിൽ മുഴങ്ങി.

വാഴ 2, Photo: IMDb

കൂടാതെ അമീനിന്റെ ‘ഞങ്ങള് നിന്റെ ബാലൻസ് തന്തമാര്’എന്ന ഡയലോഗും തിയേറ്ററിൽ ചിരിയുടെ മാലപ്പടക്കം തീർക്കുകയായിരുന്നു.

വലിയൊരു പ്രശ്നത്തെ വളരെ ലളിതവും ഹാസ്യപരവുമായ രീതിയിൽ കൈകാര്യം ചെയ്യുന്ന ഈ രംഗത്തിൽ അൽ അമീന്റെ പ്രകടനം പ്രത്യേകിച്ച് എടുത്തുപറയേണ്ടതാണ്. ചെറിയ ഭാവപ്രകടനങ്ങളിൽ പോലും ചിരി പടർത്താനുള്ള കഴിവാണ് താരത്തെ വേറിട്ടുനിർത്തുന്നത്.

മിഥുൻ മാനുവൽ തോമസ് സംവിധാനം ചെയ്ത ‘ആട്’ ചിത്രത്തിലെ ജോത്സ്യനെ കാണാൻ പോകുന്ന രംഗം പോലെ തന്നെ, ‘വാഴ 2’യിലെ ഈ തിയേറ്റർ സീനും പ്രേക്ഷകർ ഏറെ ആസ്വദിക്കുന്ന ഘടകമായി മാറിയിരിക്കുകയാണ്.

എന്തായാലും, മികച്ച ഹാസ്യവും യുവതലമുറയെ കേന്ദ്രീകരിച്ച അവതരണവും കൊണ്ട് ‘വാഴ 2’ പ്രേക്ഷകഹൃദയങ്ങളിൽ ഉറച്ച സ്ഥാനം നേടിയിരിക്കുകയാണ്.

Content Highlight: Ameen’s performance in the movie Vazha

നന്ദന എം.സി

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. ചേളന്നൂര്‍ ശ്രീനാരായണ ഗുരു കോളേജില്‍ ബി.എ ഇംഗ്ലീഷില്‍ ബിരുദം, കാലിക്കറ്റ് സര്‍വകലാശാലയില്‍ ജേണലിസത്തില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more