| Sunday, 22nd November 2026, 2:34 pm

ഇറാനെതിരായ യു.എസ്-ഇസ്രഈൽ യുദ്ധം; ഹോർമുസ് കടലിടുക്ക് നീന്തിക്കടന്ന് ബ്രിട്ടീഷുകാരൻ

ശ്രീലക്ഷ്മി എ.വി.

മസ്കറ്റ്: ഇറാനെതിരായ യു.എസ്-ഇസ്രഈൽ യുദ്ധം ഉണ്ടാക്കുന്ന പാരിസ്ഥിതിക ആഘാതം എടുത്തുകാണിക്കാൻ ഹോർമുസ് കടലിടുക്ക് നീന്തിക്കടന്ന് ബ്രിട്ടീഷുകാരൻ.

ദീർഘ ദൂര നീന്തൽക്കാരനും യു.എൻ പരിസ്ഥിതി പ്രവർത്തനങ്ങൾക്ക് പിന്തുണ നൽകുന്ന ലൂയിസ് പ്യൂവാണ് ഹോർമുസ് കടൽ നീന്തി കടന്നത്.

ഒരു പ്രദേശത്തിന്റെ ആവാസവ്യവസ്ഥയെയും വന്യജീവികളെയും യുദ്ധം എങ്ങനെ ഭീഷണിപ്പെടുത്തുന്നുവെന്ന് കാണിക്കാനാണ് ഇത്തരമൊരു സാഹസം.

ഹോർമുസ് കടലിടുക്ക് വീണ്ടും തുറക്കണമെന്നും മാലിന്യങ്ങൾ വൃത്തിയാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

‘ എണ്ണ ടാങ്കറുകളും ഗ്യാസ് വാഹക കപ്പലുകളും മറ്റ് ചരക്കുകപ്പലുകളും ദിവസവും ആക്രമിക്കപ്പെടുകയാണ്. ഈ യുദ്ധത്തിന്റെ പാരിസ്ഥിതിക പ്രത്യാഘാതങ്ങൾ തലമുറകളോളം നീണ്ടുനിൽക്കും,’ ലൂയിസ് പ്യൂ പറഞ്ഞു.

തന്റെ സന്ദേശം പ്രചരിപ്പിക്കുന്നതിന്റെ ഭാഗമായി കഴിഞ്ഞ ഒരാഴ്‌ചയ്‌ക്കിടെ മൂന്ന് ദിവസങ്ങളിലായി ഒമാൻ തീരത്തോട് ചേർന്നുള്ള കടലിടുക്കിൽ വിവിധ ഭാഗങ്ങളിൽ അദ്ദേഹം നീന്തിയിരുന്നു.

തിങ്കളാഴ്ച അദ്ദേഹം വെള്ളത്തിലിറങ്ങി അരമണിക്കൂർ കഴിഞ്ഞപ്പോൾ തന്നെ ഏതാനും കിലോമീറ്ററുകൾ അകലെ എണ്ണക്കപ്പലുകൾ ആക്രമിക്കപ്പെട്ടെന്ന് ലൂയിസ് പറഞ്ഞതായി ബി.ബി.സി റിപ്പോർട്ട് ചെയ്തു.

ഒമാനിൽ സ്ഥിതി ചെയ്യുന്ന മുസന്ദം ദ്വീപിൽ നിന്നും കേപ് ഓഫ് ഹോർമുസിന്റെ ഒരു ഭാഗം ചുറ്റി 15 കിലോമീറ്ററാണ് അദ്ദേഹം നീന്തിയത്.

2026 ഫെബ്രുവരി 28നാണ് അമേരിക്കയും ഇസ്രഈലും ഇറാനെതിരെ ആക്രമണം ആരംഭിച്ചത്. ഇസ്രഈലിനെയും അറബ് രാജ്യങ്ങളിലെ യു.എസ് സൈനിക താവളങ്ങളെയും ആക്രമിച്ചുകൊണ്ടായിരുന്നു ഇറാന്റെ പ്രത്യാക്രമണം.
നിലവിൽ ഇറാനിയൻ തുറമുഖങ്ങൾക്ക് അമേരിക്ക ഉപരോധവും ഏർപ്പെടുത്തിയിട്ടുണ്ട്.

Content Highlight: Amidst a potential US-Israel war against Iran, a Briton swims across the Strait of Hormuz.

ശ്രീലക്ഷ്മി എ.വി.

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. തിരൂര്‍ തുഞ്ചത്തെഴുത്തച്ഛന്‍ മലയാള സര്‍വകലാശാലയില്‍ നിന്ന് ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.

Latest Stories

We use cookies to give you the best possible experience. Learn more