| Monday, 17th August 2026, 8:05 am

സ്കൂളുകൾ അടച്ചുപൂട്ടുന്നതിനിടെ യു.പിയിൽ ജെൻ സികളെ ‘ഗോമിത്ര’ങ്ങളാക്കാൻ യോഗി സർക്കാർ; 10,000 പേർക്ക് പരിശീലനം

ശ്രീലക്ഷ്മി പി.പി

ലഖ്‌നൗ: ഉത്തർപ്രദേശിൽ ജെൻസി യുവാക്കളെ ‘ഗോമിത്ര’ങ്ങളാക്കി ഗോസംരക്ഷണ പ്രവർത്തനങ്ങളിൽ നിയോഗിക്കാൻ യോഗി ആദിത്യനാഥ് സർക്കാർ പദ്ധതി തയ്യാറാക്കുന്നു. ഗോ സേവാ ആയോഗിന്റെ നേതൃത്വത്തിൽ 10,000 യുവാക്കൾക്ക് പ്രത്യേക പരിശീലനം നൽകാനാണ് തീരുമാനം. പരിശീലനം പൂർത്തിയാക്കുന്നവർ സ്വന്തം ഗ്രാമങ്ങളിലെ മറ്റ് യുവാക്കൾക്കും പരിശീലനം നൽകുന്ന രീതിയിലാണ് പദ്ധതി ആവിഷ്‌കരിച്ചിരിക്കുന്നത്.

സ്വാഭാവിക കൃഷി, ഗ്രാമീണ മേഖലയിൽ കന്നുകാലികളുടെ സാമൂഹികവും സാമ്പത്തികവുമായ പ്രാധാന്യം, ഗോസംരക്ഷണം തുടങ്ങിയ വിഷയങ്ങളിലായിരിക്കും പരിശീലനം. പുതിയ തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കുന്നതിന്റെ ഭാഗമായാണ് പദ്ധതിയെന്ന് ഗോ സേവാ ആയോഗ് ചെയർമാൻ ശ്യാം ബിഹാരി ഗുപ്ത പറഞ്ഞു.

അതേസമയം, ഉത്തർപ്രദേശിൽ ജെൻ സി, ജെൻ ആൽഫ വിഭാഗങ്ങളിൽപ്പെട്ട വിദ്യാർഥികളും യുവാക്കളും വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് പ്രതിഷേധം തുടരുന്നതിനിടെയാണ് സർക്കാർ പുതിയ പദ്ധതി പ്രഖ്യാപിച്ചിരിക്കുന്നത്. സ്കൂളുകളിലെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുക, അധ്യാപക ക്ഷാമം പരിഹരിക്കുക, പോഷകാഹാരം ഉറപ്പാക്കുക, തൊഴിലവസരങ്ങൾ സൃഷ്ടിക്കുക തുടങ്ങിയ ആവശ്യങ്ങളാണ് പ്രതിഷേധങ്ങളിൽ ഉയരുന്നത്. രക്ഷിതാക്കളും സമരങ്ങൾക്ക് പിന്തുണയുമായി രംഗത്തെത്തിയിട്ടുണ്ട്.

ലഖ്‌നൗ, ഹമീർപൂർ, ഹർദോയി, സീതാപൂർ ഉൾപ്പെടെയുള്ള ജില്ലകളിൽ വിദ്യാർഥി പ്രതിഷേധങ്ങൾക്ക് വേദികളായി.

ഇതിനിടെ, കുറഞ്ഞ വിദ്യാർഥി പ്രവേശനമുള്ള സർക്കാർ പ്രൈമറി സ്കൂളുകൾ ലയിപ്പിക്കുകയും അടച്ചുപൂട്ടുകയും ചെയ്യാനുള്ള യു.പി സർക്കാരിന്റെ നീക്കത്തിനെതിരെ എസ്.എഫ്.ഐയും സംസ്ഥാനവ്യാപക പ്രതിഷേധം സംഘടിപ്പിക്കുന്നുണ്ട്. കുറഞ്ഞ വിദ്യാർഥികളുള്ള സ്കൂളുകളെ സമീപത്തെ സ്കൂളുകളുമായി ലയിപ്പിച്ച് വിഭവങ്ങൾ കാര്യക്ഷമമായി വിനിയോഗിക്കുകയാണ് ലക്ഷ്യമെന്നാണ് സർക്കാർ വിശദീകരണം. എന്നാൽ, വിദ്യാർഥി സംഘടനകളും ഇതിനെ പൊതുവിദ്യാഭ്യാസ സ്ഥാപനങ്ങൾ അടച്ചുപൂട്ടാനുള്ള നീക്കമായാണ് വിലയിരുത്തുന്നത്.

വിവിധ ജില്ലകളിലായി 25,000 മുതൽ 27,000 വരെ സർക്കാർ സ്കൂളുകൾ ലയനത്തിനോ അടച്ചുപൂട്ടലിനോ വിധേയമാകുമെന്നാണ് റിപ്പോർട്ടുകൾ. ഗ്രാമപ്രദേശങ്ങളിലെ പ്രാദേശിക സ്കൂളുകൾ അടച്ചുപൂട്ടുന്നത് ദളിത്, പിന്നാക്ക വിഭാഗങ്ങൾ ഉൾപ്പെടെയുള്ള സാമ്പത്തികമായി ദുർബല വിഭാഗങ്ങളിലെ കുട്ടികൾക്ക് കൂടുതൽ ദൂരം യാത്ര ചെയ്യേണ്ട സാഹചര്യമുണ്ടാക്കുമെന്ന് പ്രതിഷേധക്കാർ ചൂണ്ടിക്കാട്ടുന്നു.

പൊതുവിദ്യാഭ്യാസ മേഖലയിലെ പ്രതിഷേധങ്ങൾ ശക്തമാകുന്നതിനിടെയാണ് 10,000 യുവാക്കളെ ‘ഗോമിത്ര’ങ്ങൾ ആക്കാനുള്ള യോഗി സർക്കാരിന്റെ പദ്ധതി ശ്രദ്ധ നേടുന്നത്.

Content Highlight:Amid School Closures, Yogi Government Plans to Turn Gen Z Youth into ‘Gomitra’ in UP; 10,000 to Receive Training.

ശ്രീലക്ഷ്മി പി.പി

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയിനി. കണ്ണൂര്‍ സര്‍വകലാശാലയില്‍ നിന്നും ജേണലിസത്തില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more