ക്യാപ്റ്റനും തങ്ങളുടെ എക്കാലത്തെയും മികച്ച താരവുമായ സഞ്ജു സാംസണ്‍ ടീമില്‍ തുടരുമോ എന്ന കാര്യത്തില്‍ അനിശ്ചിതത്വം തുടരവെ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ധ്രുവ് ജുറെലിന് ആശംസകളുമായി രാജസ്ഥാന്‍ റോയല്‍സ്. ദുലീപ് ട്രോഫിയില്‍ ക്യാപ്റ്റനായി തെരഞ്ഞെടുക്കപ്പെട്ടതിന് പിന്നാലെയാണ് ‘ക്യാപ്റ്റന്‍ ധ്രുവ് ജുറെലിന്’ ടീം ആശംസയര്‍പ്പിച്ചത്.
സഞ്ജു സാംസണ്‍ ടീം വിടാന്‍ താത്പര്യമറിയിച്ച പശ്ചാത്തലത്തില്‍ കൂടിയാണ് പിങ്ക് ആര്‍മി ധ്രുവ് ജുറെലിന്റെ നേട്ടത്തെ പ്രശംസിക്കുന്നത്.
ഓഗസ്റ്റ് 28നാണ് ദുലീപ് ട്രോഫി ആരംഭിക്കുന്നത്. ടൂര്‍ണമെന്റില്‍ സെന്‍ട്രല്‍ സോണിനെയാണ് ജുറെല്‍ നയിക്കുന്നത്. റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനെ ടീമിന്റെ ആദ്യ ഐ.പി.എല്‍ കിരീടത്തിലേക്ക് നയിച്ച രജത് പാടിദാറാണ് രാജസ്ഥാന്‍ റോയല്‍സ് വിക്കറ്റ് കീപ്പര്‍ ബാറ്ററുടെ ഡെപ്യൂട്ടി. പാടിദാറിന് പുറമെ ഋതുരാജ് ഗെയ്ക്വാദ്, കുല്‍ദീപ് യാദവ്, ദീപക് ചഹര്‍ തുടങ്ങി മികച്ച താരനിരയാണ് സെന്‍ട്രല്‍ സോണിനുള്ളത്.
ഓഗസ്റ്റ് 28നാണ് സെന്‍ട്രല്‍ സോണ്‍ തങ്ങളുടെ ആദ്യ മത്സരത്തിനിറങ്ങുന്നത്. നോര്‍ത്ത് ഈസ്റ്റ് സോണ്‍ ആണ് എതിരാളികള്‍. ടീം ഇതുവരെ തങ്ങളുടെ ക്യാപ്റ്റനെയോ സ്‌ക്വാഡിനെയോ പ്രഖ്യാപിച്ചിട്ടില്ല.
ധ്രുവ് ജുറെല്‍ (ക്യാപ്റ്റന്‍), രജത് പാടിദാര്‍ (വൈസ് ക്യാപ്റ്റന്‍), ആര്യന്‍ ജുയാല്‍, ധനേഷ് മലേവര്‍, സഞ്ചിത് ദേശായ്, കുല്‍ദീപ് യാദവ്, ആദിത്യ താക്കറേ, ദീപക് ചഹര്‍, സാരാന്‍ഷ് ജെയ്ന്‍, ആയുഷ് പാണ്ഡേ, ശുഭം ശര്‍മ, യാഷ് റാത്തോഡ്, ഹര്‍ഷ് ദുബെ, മാനവ് സുതര്‍, ഖലീല്‍ അഹമ്മദ്.
സ്റ്റാന്‍ഡ് ബൈ താരങ്ങള്‍: മഹാദേവ് കൗശിക്, യാഷ് താക്കൂര്‍, യുവരാജ് ചൗധരി, മഹിപാല്‍ ലോംറോര്‍, കുല്‍ദീപ് സെന്‍, ഉപേന്ദ്ര യാദവ്.
അതേസമയം, സഞ്ജു സാംസണിന്റെ കാര്യത്തില്‍ രാജസ്ഥാന്റെ കണക്കുകൂട്ടലുകള്‍ പിഴയ്ക്കുകയാണ്. ടീം വിടാന്‍ താരം താത്പര്യമറിയിച്ചിട്ടുണ്ട്. തന്നെ റിലീസ് ചെയ്യുകയോ ട്രേഡ് വിന്‍ഡോയിലൂടെ കൈമാറ്റം ചെയ്യുകയോ വേണമെന്ന് സഞ്ജു ടീമിനെ അറിയിച്ചതായി താരവുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ അറിയിച്ചു. രാജസ്ഥാന്‍ റിലീസ് ചെയ്യുകയാണെങ്കില്‍ താരം 2026 മിനി ലേലത്തിന്റെ ഭാഗമാകും.
കഴിഞ്ഞ ദിവസം സഞ്ജു ടീമിനൊപ്പം തുടരുമെന്ന് രാജസ്ഥാന്‍ റോയല്‍സിനോട് അടുത്ത വൃത്തങ്ങള്‍ അറിയിച്ചതായി മുംബൈ മിറര്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. സഞ്ജുവിനെ മാത്രമല്ല ഒരു താരത്തെയും ട്രേഡ് വിന്‍ഡോയിലൂടെ കൈവിടില്ല എന്നായിരുന്നു റോയല്‍സിന്റെ നിലപാട്.
നേരത്തെ സഞ്ജു സാംസണ്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനൊപ്പം ചേരുമെന്നുള്ള റിപ്പോര്‍ട്ടുകളുമുണ്ടായിരുന്നു. ധോണിയുടെ പിന്‍ഗാമിയായി താരം ചെപ്പോക്കിലെത്തുമെന്നായിരുന്നു റിപ്പോര്‍ട്ട്. ഈ റിപ്പോര്‍ട്ടുകളെയെല്ലാം തള്ളിക്കൊണ്ടായിരുന്നു രാജസ്ഥാന്‍ റോയല്‍സ് നേരത്തെ രംഗത്തെത്തിയത്.
ചെന്നൈ സൂപ്പര്‍ കിങ്സ് താരത്തെ സ്വന്തമാക്കാന്‍ താത്പര്യം പ്രകടിപ്പിച്ചെങ്കിലും താരത്തെ വിട്ടുകൊടുക്കാന്‍ താത്പര്യമില്ലെന്നായിരുന്നു ടീമിന്റെ നിലപാട്. എന്നാല്‍ സഞ്ജു സ്വയം ടീം വിടാനുള്ള തീരുമാനം അറിയിച്ചതോടെ ഫ്രാഞ്ചൈസിക്ക് മുന്നില്‍ മറ്റു വഴികളില്ലാതായി.
ചെന്നൈയ്ക്ക് പുറമേ താരത്തിന്റെ മുന്‍ ടീമായ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനും സഞ്ജുവിനെ സ്വന്തമാക്കാന്‍ താത്പര്യമുണ്ട്.
Content Highlight: Amid Sanju Samson’s reported request to exit the franchise, Rajasthan Royals congratulate Dhruv Jurel