ടെഹ്‌റാന്‍: ഇറാനും അമേരിക്കയും തമ്മിലുള്ള സംഘര്‍ഷം കടുക്കുന്നതിനിടെ അമേരിക്കന്‍ ഇന്ധന വിലയെ പരിഹസിച്ച് ഇറാന്‍ പാര്‍ലമെന്റ് സ്പീക്കര്‍ മുഹമ്മദ് ബാഗര്‍ ഗാലിബാഫ്.
ഇപ്പോഴുള്ള ഗ്യാസ് വില ആഘോഷിച്ചോളൂവെന്നും ഇനി ഇത് വെറും നൊസ്റ്റാള്‍ജിയ മാത്രമാവുമെന്നുമായിരുന്നു അദ്ദേഹത്തിന്റെ പരിഹാസം.
ഇറാനുമായുള്ള സമാധാന ചര്‍ച്ചകള്‍ പാളിയതിന് പിന്നാലെ ഹോര്‍മുസില്‍ സൈന്യത്തെ വിന്യസിച്ച് ഉപരോധം ഏര്‍പ്പെടുത്തുമെന്ന ട്രംപിന്റെ പ്രഖ്യാപനത്തിന് പിന്നാലെയാണ് അദ്ദേഹത്തിന്റെ പരിഹാസം.
‘ഈ വില ഇനി സ്വപ്നങ്ങളില്‍ മാത്രം’ വൈറ്റ് ഹൗസിന് സമീപമുള്ള പെട്രോള്‍ പമ്പുകളിലെ നിലവിലെ നിരക്കുകളുടെ സ്‌ക്രീന്‍ ഷോട്ടുകള്‍ പങ്കുവെച്ച് കൊണ്ടായിരുന്നു അദ്ദേഹത്തിന്റെ പരിഹാസം. നിലവില്‍ ഗാലന് 4 മുതല്‍ 5 ഡോളര്‍ വരെയാണ് അമേരിക്കയിലെ ഇന്ധനവില.
‘നിലവിലെ പമ്പ് നിരക്കുകള്‍ ആസ്വദിച്ചോളൂ. ഈ ഉപരോധം ആരംഭിക്കുന്നതോടെ 4-5 നിരക്കെന്നത് നൊസ്റ്റാള്‍ജിയയായി മാറും,’ ഗാലിബാഫ് പറഞ്ഞു.
ഹോര്‍മുസ് തടയാന്‍ നാവിക സേനയ്ക്ക് നിര്‍ദേശം നല്‍കിയെന്നും ഇറാന് ചുങ്കം കൊടുത്ത് കടലിടുക്കിലേക്ക് പ്രവേശിക്കാനോ പുറത്തുപോകാനോ ശ്രമിക്കുന്ന എല്ലാ കപ്പലുകളെയും ഉപരോധിക്കുമെന്നുമായിരുന്നു ട്രംപിന്റെ പ്രഖ്യാപനം. ഇതിന് മറുപടിയായാണ് അദ്ദേഹത്തിന്റെ പരിഹാസം.
21 മണിക്കൂര്‍ നീണ്ടുനിന്ന മാരത്തണ്‍ ചര്‍ച്ച അമേരിക്കയുടെ ഏകപക്ഷീയമായ നിലപാടുകളെ തുടര്‍ന്ന് സ്തംഭിച്ചതോടെയാണ് സ്ഥിതിഗതികള്‍ വീണ്ടും വഷളാക്കാനുള്ള ട്രംപിന്റെ നീക്കമുണ്ടായത്.
എന്നാല്‍ ഹോര്‍മുസ് പൂര്‍ണമായും തങ്ങളുടെ നിയന്ത്രണത്തിലാണെന്നും ശത്രുക്കള്‍ക്ക് അതൊരു മരണക്കെണിയായി മാറുമെന്നും ഇറാന്‍ റെവല്യൂഷണറി ഗാര്‍ഡ്സ് പറഞ്ഞു.
ട്രംപ് നടത്തിയ ഉപരോധ ഉത്തരവ് രണ്ടാഴ്ചത്തെ വെടിനിര്‍ത്തല്‍ കരാറിന്റെ ലംഘനമാണെന്നും ഇറാന്‍ പറഞ്ഞു. തങ്ങളുടെ അതിര്‍ത്തിക്കടുത്ത് നടത്തുന്ന ഏതൊരു സൈനിക നീക്കവും തടയാന്‍ പൂര്‍ണ സജ്ജരാണെന്നും ഐ.ആര്‍.ജി.സി പറഞ്ഞു.
സ്ഥിതിഗതികള്‍ വഷളായതോടെ ആഗോള എണ്ണ വിപണിയേയും ലോക സാമാധാനത്തെയും ബാധിക്കുമെന്ന ആശങ്കയിലാണ് ലോകം. ഹോര്‍മുസ് കടലിടുക്കിലെ തടസം ഇന്ധന വില കുതിച്ചുയരാന്‍ കാരണമായിരിക്കുകയാണ്.
യു.എസ് ഇസ്രഈല്‍ ആക്രമണത്തെ തുടര്‍ന്ന് ഹോര്‍മുസില്‍ ഏര്‍പ്പെടുത്തിയ ഉപരോധം നീക്കാമെന്നും സുരക്ഷിത ഗതാഗതം ഉറപ്പാക്കാമെന്നും ഇറാന്‍ സമ്മതിച്ചിരുന്നു. യുദ്ധത്തിലെ നാശനഷ്ടങ്ങള്‍ പരിഹരിക്കാനുളള ഫണ്ടിനായി കപ്പലുകളില്‍ നിന്ന് ചുങ്കം ഈടാക്കുമെന്ന നിലപാടിലാണ് എതിര്‍പ്പുയര്‍ന്നത്. എന്നാല്‍ ഇത് ചര്‍ച്ച ചെയ്ത് പരിഹരിക്കുന്നതിന് പകരം ട്രംപ് ഉപരോധം പ്രഖ്യാപിച്ചതാണ് സ്ഥിതിഗതികള്‍ വീണ്ടും വഷളാക്കിയത്.
Content Highlight: Americans will miss $5 petrol price: Iran mocks Trump