വിനീത് ശ്രീനിവാസനെ നായകനാക്കി അഭിനവ് സുന്ദർ നായക് സംവിധാനം ചെയ്ത് 2022-ൽ പുറത്തിറങ്ങിയ ചിത്രമായിരുന്നു ‘മുകുന്ദൻ ഉണ്ണി അസോസിയേറ്റ്സ്’. സാധാരണയായി കണ്ടുവരാറുള്ള, പോസിറ്റീവ് ഷെയ്ഡുകൾ മാത്രമുള്ള ‘നല്ലവനായ ഉണ്ണി’ വേഷങ്ങളിൽ നിന്നുള്ള വിനീത് ശ്രീനിവാസന്റെ വമ്പൻ ‘യു-ടേൺ’ ആയിരുന്നു അഡ്വ. മുകുന്ദനുണ്ണി. ചിത്രത്തിലെ വിനീതിന്റെ മികച്ച പ്രകടനത്തോടൊപ്പം തന്നെ, തുടക്കക്കാരനായ സംവിധായകൻ അഭിനവും മുകുന്ദനുണ്ണിയിലൂടെ ഏറെ ശ്രദ്ധിക്കപ്പെട്ടു.
ഇപ്പോൾ ‘മുകുന്ദൻ ഉണ്ണി അസോസിയേറ്റ്സ്’ എന്ന ചിത്രത്തിലേക്ക് വിനീത് ശ്രീനിവാസനെ നായകനായി സമ്മതിപ്പിച്ചത് എങ്ങനെയാണെന്ന് ഓർത്തെടുക്കുകയാണ് സംവിധായകൻ അഭിനവ് സുന്ദർ നായക്. നസ്‌ലെൻ കേന്ദ്രകഥാപാത്രമാകുന്ന തന്റെ പുതിയ ചിത്രമായ ‘മോളിവുഡ് ടൈംസി’ന്റെ പ്രൊമോഷന്റെ ഭാഗമായി ‘എം പവർ ബൈ മാധവൻ’ എന്ന യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
മുകുന്ദൻ ഉണ്ണി അസോസിയേറ്റ്സ്.Photo:Manoramaonline
‘മുകുന്ദൻ ഉണ്ണി അസോസിയേറ്റ്സ്’ എന്ന ചിത്രത്തിൽ നിന്നും തികച്ചും വ്യത്യസ്തമായ ഒരു പ്രമേയമാണ് ‘മോളിവുഡ് ടൈംസി’ന്റേത്. ‘മുകുന്ദൻ ഉണ്ണി’ ഒരു ക്യാരക്ടർ സ്റ്റഡി ആണെങ്കിൽ, ‘മോളിവുഡ് ടൈംസ്’ ഒരു പക്കാ ക്യാരക്ടർ ഡ്രാമയാണെന്നും, മുകുന്ദൻ ഉണ്ണിയിൽ നായകന്റെ ചിന്തകൾ പ്രേക്ഷകരിലേക്ക് എത്തിക്കാൻ ഹോളിവുഡ് ചിത്രമായ ‘അമേരിക്കൻ സൈക്കോ’യാണ് മാതൃകയാക്കിയത് എന്നും അഭിനവ് പറയുന്നു.
‘സിനിമകളിൽ ‘മൈൻഡ് വോയിസ്’ അതിമനോഹരമായി പരീക്ഷിച്ച ചിത്രമാണ് ‘അമേരിക്കൻ സൈക്കോ’. ഈ ഒരു ചിത്രം കാണിച്ചാണ് വിനീത് ശ്രീനിവാസനെ ‘മുകുന്ദൻ ഉണ്ണി’യിലെ കഥാപാത്രം ചെയ്യാൻ ഞാൻ സമ്മതിപ്പിച്ചത്. ആ ചിത്രത്തിലെ നായകന് ഒരുപാട് മൈൻഡ് വോയിസ് രംഗങ്ങളുണ്ടായിരുന്നു. വിനീതിനെ കഥ എങ്ങനെ പറഞ്ഞ് മനസിലാക്കും എന്ന് ചിന്തിച്ചപ്പോളാണ് അമേരിക്കൻ സൈക്കോ എന്ന ചിത്രം ഞാൻ ഓർത്തത്. ചിത്രം കണ്ടതിനുശേഷം, “ഇതാണ് നമുക്ക് വേണ്ടത്, ഇതുപോലെ ചെയ്താൽ മികച്ചതാകും” എന്ന് ഞാൻ അദ്ദേഹത്തോട് പറഞ്ഞു. ആ സിനിമയിൽ വിജയിച്ച ആ പരീക്ഷണം ഇവിടെയും ഫലിക്കുമെന്ന് അദ്ദേഹത്തിന് ബോധ്യമായതോടെയാണ് ഈ പ്രോജക്റ്റിന് സമ്മതം മൂളിയത്.’അഭിനവ് പറഞ്ഞു.
മോളിവുഡ് ടൈംസ്.Photo:Youtube
വക്കീൽ കരിയറിൽ വലിയ വിജയം സ്വപ്നം കാണുന്ന കൽപ്പറ്റക്കാരനായ മുകുന്ദൻ ഉണ്ണിയുടെ കഥയായിരുന്നു മുകുന്ദൻ ഉണ്ണി അസോസിയേറ്റ്സ്. കഠിനാധ്വാനം ചെയ്തിട്ടും മുന്നേറാൻ കഴിയാതെ വന്നപ്പോൾ, ലോകത്ത് ചൂഷണം ചെയ്യുന്നവരും ചൂഷണം ചെയ്യപ്പെടുന്നവരും മാത്രമേയുള്ളൂ എന്ന് അവൻ തിരിച്ചറിയുന്നു. തുടർന്ന് വിജയിക്കാനായി എന്തും ചെയ്യാൻ മടിക്കാത്ത ഒരു ചൂഷകനായി മാറാൻ മുകുന്ദൻ ഉണ്ണി തീരുമാനിക്കുന്നതോടെ കഥ മാറുന്നു. ആശുപത്രി, ഇൻഷുറൻസ്, രാഷ്ട്രീയം, പൊലീസ് എന്നീ മേഖലകളിലെ മാഫിയാ ഇടപെടലുകളിലൂടെ പതിവ് നായക സങ്കൽപ്പങ്ങളെ പൂർണ്ണമായും പൊളിച്ചെഴുതുന്നതായിരുന്നു ഈ ചിത്രം.
അഭിനവിന്റെ പുതിയ ചിത്രമായ മോളിവുഡ് ടൈംസ് പ്രഖ്യാപനം മുതൽക്കേ സിനിമാലോകത്ത് വലിയ ചർച്ചയായിരുന്നു. വളർന്നു വലുതാകുമ്പോൾ ഒരു സിനിമാ സംവിധായകനാകാൻ കൊതിക്കുന്ന ഒരു ചെറുപ്പക്കാരന്റെയും അവന്റെ സിനിമായാത്രയുടെയും കഥയാണ് ‘മോളിവുഡ് ടൈംസ്’ പങ്കുവെക്കുന്നത്. നടൻ നസ്‌ലെൻ കേന്ദ്രകഥാപാത്രമാകുന്ന ചിത്രം ജൂൺ 5 നാണ് തിയേറ്ററുകളിൽ എത്തുന്നത്.
വലിയ പ്രതീക്ഷയോടെയാണ് സിനിമാലോകം ചിത്രത്തിനായി കാത്തിരിക്കുന്നത്.
Content Highlight: American Psycho’ Convinced Vineeth Sreenivasan to Do ‘Mukundan Unni Associates