| Sunday, 7th September 2025, 3:40 pm

യുദ്ധവകുപ്പ് എന്നാലെന്തെന്ന് നിങ്ങളറിയും; ചിക്കാഗോയ്‌ക്കെതിരെ യുദ്ധ ഭീഷണി മുഴക്കി ട്രംപ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ചിക്കാഗോ: ഡെമോക്രാറ്റുകള്‍ ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ നാഷണല്‍ ഗാര്‍ഡ്‌സ് സൈനികരെയും ഇമിഗ്രേഷന്‍ ഏജന്റുകളെയും വിന്യസിക്കുന്നതിനെതിരെ നടക്കുന്ന പ്രതിഷേധങ്ങള്‍ അടിച്ചമര്‍ത്താന്‍ യുദ്ധവകുപ്പിനെ നിയോഗിക്കുമെന്ന ഭീഷണിയുമായി അമേരിക്കന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ്.

ചിക്കാഗോയിലും വാഷിങ്ടണ്‍ ഡി.സിയിലുമായി നടക്കുന്ന പ്രതിഷേധങ്ങള്‍ക്കെതിരെയാണ് ട്രംപ് ‘ഡിപ്പാര്‍ട്‌ന്റെ് ഓഫ് വാറി’നെ രംഗത്തിറക്കുമെന്ന് ഭീഷണി മുഴക്കിയിരിക്കുന്നത്. ദിവസങ്ങള്‍ക്ക് മുമ്പ് ട്രംപ് പ്രതിരോധ വകുപ്പിനെ യുദ്ധവകുപ്പെന്ന് പുനര്‍നാമകരണം ചെയ്തിരുന്നു.

ശനിയാഴ്ച ട്രൂത്ത് സോഷ്യലിലൂടെയാണ് ട്രംപ് ഭീഷണി മുഴക്കിയത്. അപ്പോകാലിപ്‌സ് നൗ എന്ന സിനിമയിലെ ഒരു ചിത്രം പങ്കുവെച്ചുകൊണ്ടായിരുന്നു അമേരിക്കന്‍ പ്രസിഡന്റിന്റെ പോസ്റ്റ്.

‘ഈ വിഭാഗത്തെ എന്തുകൊണ്ട് യുദ്ധ വകുപ്പ് എന്ന് വിളിക്കുന്നു എന്നത് ചിക്കാഗോയ്ക്ക് മനസിലാകും’ എന്നായിരുന്നു ട്രംപ് പോസ്റ്റില്‍ കുറിച്ചത്.

ഫെഡറല്‍ നടപടികള്‍ വിപുലീകരിക്കാന്‍ താന്‍ ലക്ഷ്യമിടുന്ന മറ്റ് ഡെമോക്രാറ്റ് സംസ്ഥാനങ്ങളുടെ പട്ടികയിലേക്ക് ചിക്കാഗോയെയും ഉള്‍പ്പെടുത്തുമെന്ന ആവര്‍ത്തിച്ചുള്ള ഭീഷണികള്‍ക്കിടെയാണ് ട്രംപ് ഈ പോസ്റ്റ് പങ്കുവെച്ചതെന്നും ശ്രദ്ധേയമാണ്.

ലോസ് ആഞ്ചലസിലേതെന്ന പോലെ ചിക്കാഗോയിലും കുടിയേറ്റ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കാന്‍ നാഷണല്‍ ഗാര്‍ഡ് സൈനികരെ വിന്യസിക്കാനും ട്രംപ് ഭരണകൂടം തയ്യാറെടുക്കുന്നുണ്ട്. ഇതിനെതിരെയാണ് ആളുകള്‍ പ്രതിഷേധവുമായി തെരുവിലിറങ്ങിയിരിക്കുന്നത്.

ഇലനോയിലെ ഡെമേക്രാറ്റിക് ഗവര്‍ണറായ ജെ.ബി. പ്രിറ്റ്‌സ്‌കര്‍ ട്രംപിന്റെ ഈ നീക്കത്തിനെതിരെ രൂക്ഷവിമര്‍ശനമുന്നയിച്ചു. സ്വയം സ്വേച്ഛാധിപതിയാകാന്‍ ശ്രമിക്കുന്ന ഒരാളുടെ ഭീഷണിക്ക് മുമ്പില്‍ ഭയപ്പെടില്ല എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

‘അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഒരു അമേരിക്കന്‍ നഗരവുമായി യുദ്ധത്തിനൊരുങ്ങുകയാണെന്ന് ഭീഷണിപ്പെടുത്തുകയാണ്. ഇത് ഒരിക്കലുമൊരു തമാശയല്ല, ഇത് സാധാരണവുമല്ല,’ പ്രിറ്റ്‌സ്‌കര്‍ പറഞ്ഞു.

ട്രംപിന്റെ ഭീഷണിയെ ചിക്കാഗോ മേയര്‍ ബ്രാന്‍ഡന്‍ ജോണ്‍സണും അപലപിച്ചിരുന്നു.

‘യാഥാര്‍ത്ഥ്യമെന്തെന്നാല്‍ അമേരിക്കയുടെ ഭരണഘടന തകര്‍ത്ത് നമ്മുടെ നഗരം പിടിച്ചടക്കാനാണ് ട്രംപ് ശ്രമിക്കുന്നത്. പരസ്പരം സംരക്ഷിച്ചുകൊണ്ടും ഡൊണാള്‍ഡ് ട്രംപില്‍ നിന്നും ചിക്കാഗോയെ സംരക്ഷിച്ചുകൊണ്ടും ഈ സ്വേച്ഛാധിപത്യത്തില്‍ നിന്നും നമ്മുടെ ജനാധിപത്യത്തെ സംരക്ഷിക്കണം,’ ജോണ്‍സണ്‍ എക്‌സില്‍ കുറിച്ചു.

Content Highlight: American precedent Donald  Trump threatens ‘war’ on Chicago

Latest Stories

We use cookies to give you the best possible experience. Learn more