ക്യോട്ടോ: ഇറാന്‍ ദേശീയ ഫുട്‌ബോള്‍ ടീമിനെ പിന്തുണച്ചതിന് പിന്നാലെ ജാപ്പനീസ് ഇതിഹാസ താരം കെയ്‌സുകെ ഹോണ്ടയുമായുള്ള പരസ്യ കരാറില്‍ നിന്നും പിന്മാറി അമേരിക്കന്‍ കമ്പനി. ഇറാന്‍ 2026 ലോകകപ്പ് കളിക്കണമെന്ന ഹോണ്ടയുടെ പ്രസ്താവനയ്ക്ക് പിന്നാലെയാണ് കമ്പനിയുടെ നീക്കം.
അമേരിക്കയും ഇസ്രഈലും സംയുക്തമായി ഇറാനില്‍ നടത്തുന്ന ആക്രമണങ്ങളില്‍ പ്രതിഷേധിച്ച് അമേരിക്ക സഹ ആതിഥേയരാകുന്ന 2026 ഫിഫ ലോകകപ്പില്‍ നിന്നും വിട്ടുനില്‍ക്കാന്‍ ഇറാന്‍ തീരുമാനിച്ചിരുന്നു. ടൂര്‍ണമെന്റില്‍ തങ്ങളുടെ ടീം പങ്കെടുക്കില്ലെന്ന് ഇറാന്റെ കായിക-യുവജന മന്ത്രാലയം ഔദ്യോഗികമായി അറിയിച്ചിട്ടുണ്ട്
ഈ സാഹചര്യത്തിലാണ് ഇറാന്‍ ലോകകപ്പ് കളിക്കണമെന്ന് ഹോണ്ട ആവശ്യപ്പെട്ടത്. എക്‌സിലൂടെയായിരുന്നു സാമുറായ് ബ്ലൂസ് ഇതിഹാസത്തിന്റെ പ്രതികരണം.
കെയ്‌സുകെ ഹോണ്ട
‘ഇതൊരു സെന്‍സിറ്റീവ് വിഷയമാണെന്ന് എനിക്കറിയാം. എന്നിരുന്നാലും ഇറാന്‍ ലോകകപ്പ് കളിക്കണമെന്ന് ഞാന്‍ വ്യക്തിപരമായി ആഗ്രഹിക്കുന്നു’ എന്നാണ് ഹോണ്ട പോസ്റ്റിലെഴുതിയത്.
രാജ്യങ്ങള്‍ക്ക് മേല്‍ അടിച്ചേല്‍പ്പിക്കപ്പെടുന്ന യുദ്ധങ്ങള്‍ കാരണം കായികതാരങ്ങള്‍ക്ക് ലോകവേദികളില്‍ മത്സരിക്കാന്‍ കഴിയാത്തതില്‍ അദ്ദേഹം ഖേദം പ്രകടിപ്പിച്ചു.
തന്റെ പ്രസ്താവനയ്ക്ക് പിന്നാലെ, ദിവസങ്ങള്‍ക്കുള്ളില്‍ ഒരു പ്രമുഖ അമേരിക്കന്‍ സ്‌പോണ്‍സര്‍ താനുമായുള്ള കരാറില്‍ നിന്ന് പിന്മാറിയതായി ഹോണ്ട വെളിപ്പെടുത്തി. ലോകകപ്പ് സമയത്ത് പുറത്തിറങ്ങേണ്ടിയിരുന്ന പരസ്യത്തിന്റെ കരാറില്‍ നിന്നുമാണ് ഇവര്‍ പിന്മാറിയത്.
താന്‍ പറഞ്ഞ കാര്യങ്ങള്‍ പൂര്‍ണമായി മനസ്സിലാക്കാതെ തെറ്റായ തീരുമാനങ്ങള്‍ കൈക്കൊണ്ട കമ്പനികളുടെ തെറ്റായ നിലപാടിനെ അദ്ദേഹം രൂക്ഷമായി വിമര്‍ശിച്ചു. കമ്പനിയുടെ പേര് വെളിപ്പെടുത്താതെയായിരുന്നു ഹോണ്ടയുടെ വിമര്‍ശനം.
അമേരിക്കയുടെ നേതൃത്വത്തില്‍ ഇറാനെതിരെയുള്ള നീക്കങ്ങള്‍ മറ്റ് മേഖലകള്‍ക്ക് പുറമെ കായിക മേഖലയെയും എങ്ങനെ ബാധിക്കുന്നു എന്നതിന്റെ ഉദാഹരണമായാണ് ഈ സംഭവം വിലയിരുത്തപ്പെടുന്നത്. വ്യക്തിപരമായ നഷ്ടങ്ങള്‍ ഉണ്ടായപ്പോഴും സ്വന്തം നിലപാടില്‍ ഉറച്ചുനിന്ന ഹോണ്ടയ്ക്ക് പ്രശംസയുമെത്തുന്നുണ്ട്.
ജപ്പാന്റെ എക്കാലത്തെയും മികച്ച ഫുട്‌ബോളര്‍മാരില്‍ പ്രധാനിയാണ് ഹോണ്ട. ടീമിന് വേണ്ടി 2010, 2014, 2018 ലോകകപ്പുകളില്‍ താരം ബൂട്ടുകെട്ടി. 2011 ജപ്പാനെ ഏഷ്യന്‍ കപ്പ് ചൂടിക്കുന്നതിലും താരത്തിന്റെ പങ്ക് നിര്‍ണായകമായിരുന്നു.
കെയ്‌സുകെ ഹോണ്ട
യൂറോപ്യന്‍ ഫുട്‌ബോളിലും തന്റെ വ്യക്തിമുദ്ര പതിപ്പിച്ച ഹോണ്ട, അഞ്ച് ഭൂഖണ്ഡങ്ങളിലുമായി 11 ടീമുകള്‍ക്ക് വേണ്ടി പന്തുതട്ടിയിട്ടുണ്ട്. 2024ല്‍ കളത്തിനോട് വിടപറഞ്ഞ താരം, കോച്ചിങ്ങിലേക്ക് കളം മാറ്റി.
നേരത്തെ ഇറാന്‍ ലോകകപ്പ് കളിക്കുന്നതുമായി ബന്ധപ്പെട്ട അമേരിക്കന്‍ പ്രസിഡന്റിന്റെ പ്രസ്താവന ഏറെ വിവാദമായിരുന്നു.
‘ഇറാന്‍ സോക്കര്‍ ടീമിന് ലോകകപ്പിലേക്ക് സ്വാഗതം, പക്ഷേ സ്വന്തം ജീവനും സുരക്ഷയും മുന്‍നിര്‍ത്തി അവര്‍ ഇവിടെ ഉണ്ടായിരിക്കുന്നത് ഉചിതമാണെന്ന് ഞാന്‍ കരുതുന്നില്ല, വിഷയത്തിലെ ശ്രദ്ധയ്ക്ക് നന്ദി,’ എന്നാണ് ട്രൂത്ത് സോഷ്യലില്‍ ട്രംപ് പോസ്റ്റ് ചെയ്തത്.
ഈ പോസ്റ്റിന് 24 മണിക്കൂറിനകം തന്നെ ഇറാന്‍ മറുപടിയും നല്‍കിയിരുന്നു.
ഇറാന്‍ ഫുട്ബോള്‍
‘ഏറെ ചരിത്രപ്രാധാന്യമുള്ള അന്താരാഷ്ട്ര ഇവന്റാണ് ലോകകപ്പ്. ഫിഫയാണ് ഇതിന്റെ നടത്തിപ്പുകാര്‍ – അല്ലാതെ ഏതെങ്കിലുമൊരു രാജ്യമല്ല. ഞങ്ങളുടെ ധീരപുത്രന്‍മാരുടെ കരുത്തും തുടര്‍ച്ചയായ നിര്‍ണായക വിജയങ്ങളുമാണ് ഇറാന്‍ ദേശീയ ടീമിന് ലോകകപ്പ് യോഗ്യത നേടിക്കൊടുത്തത്. ഈ ടൂര്‍ണമെന്റില്‍ യോഗ്യത നേടിയ ആദ്യ ടീമുകളിലൊന്നും ഇറാന്‍ തന്നെയായിരുന്നു.
ലോകകപ്പില്‍ നിന്നും ആര്‍ക്കും തന്നെ ഇറാന്‍ ദേശീയ ടീമിനെ പുറത്താക്കാന്‍ സാധിക്കില്ല, ഏതെങ്കിലും ടീമിനെ പുറത്താക്കാനാകുമെങ്കില്‍ അത് ആതിഥേയര്‍ എന്ന ടാഗുള്ള, എന്നിട്ടും കളിക്കാര്‍ക്ക് സുരക്ഷയൊരുക്കാന്‍ സാധിക്കാത്ത അമേരിക്കയെ മാത്രമാണ്,’ എന്നായിരുന്നു ഇഖാന്റെ മറുപടി.
Content Highlight: American company withdrew from its advertising deal with Keisuke Honda after he supported the Iranian national football team.