ന്യൂയോര്‍ക്ക്: ന്യൂയോര്‍ക്ക് സിറ്റി മേയര്‍ സൊഹ്റാന്‍ മംദാനി പിന്തുണച്ച സ്ഥാനാര്‍ത്ഥികള്‍ ഹൗസ് പ്രൈമറി തെരഞ്ഞെടുപ്പുകളില്‍ ഉജ്ജ്വല വിജയം നേടിയതില്‍ രൂക്ഷവിമര്‍ശനവുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്.
ഡെമോക്രാറ്റിക് സോഷ്യലിസ്റ്റുകളായ ക്ലെയര്‍ വാല്‍ഡെസ്, ഡാരിയലിസ ആവില ഷെവലിയര്‍, ബ്രാഡ് ലാന്‍ഡര്‍ എന്നിവരാണ് ചൊവ്വാഴ്ച നടന്ന തെരഞ്ഞെടുപ്പില്‍ മംദാനിയുടെ പിന്തുണയോടെ വിജയിച്ചത്
തന്റെ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ ട്രൂത്ത് സോഷ്യലിലൂടെയായിരുന്നു ട്രംപിന്റെ പ്രതികരണം.
വിജയിച്ചവരെ കമ്യൂണിസ്റ്റുകള്‍ എന്ന് വിശേഷിപ്പിച്ച അദ്ദേഹം, അമേരിക്ക ഒരിക്കലും ഒരു കമ്യൂണിസ്റ്റ് രാജ്യമാകില്ലെന്നും കൂട്ടിച്ചേര്‍ത്തു.
മേയര്‍ സൊഹ്‌റാന്‍ മംദാനിയെ 100% കമ്മ്യൂണിസ്റ്റ് ഭ്രാന്തന്‍ എന്ന് പരിഹസിച്ച ട്രംപ്, അദ്ദേഹത്തിന്റെ നയങ്ങള്‍ ന്യൂയോര്‍ക്കിനെ നശിപ്പിക്കുകയാണെന്നും ആരോപിച്ചു.
കൂടാതെ, മംദാനി മൂന്ന് കമ്മ്യൂണിസ്റ്റുകളെ വിജയിപ്പിച്ചെടുത്തെന്നും വ്യാജ മാധ്യമങ്ങള്‍ ഇതിനെ പ്രശംസിക്കുകയാണെന്നും അദ്ദേഹം ബുധനാഴ്ച രാവിലെ പോസ്റ്റ് ചെയ്തു.
കമ്യൂണിസ്റ്റ് പ്രത്യയശാസ്ത്രം ലോകത്തൊരിടത്ത് പോലും വിജയിച്ചിട്ടിലെന്നും, മറ്റുള്ളവര്‍ ഉണ്ടാക്കിയത് എടുത്ത് കൊടുക്കുക മാത്രമാണ് കമ്യൂണിസ്റ്റുകള്‍ ചെയ്യുന്നതെന്നും പറഞ്ഞു.
ന്യൂയോര്‍ക്കിലെ ഫലങ്ങളെ വിമര്‍ശിക്കുമ്പോഴും, സൗത്ത് കരോലിന ഉള്‍പ്പെടെയുള്ള മറ്റ് സംസ്ഥാനങ്ങളില്‍ തന്റെ പിന്തുണയുള്ള സ്ഥാനാര്‍ത്ഥികള്‍ 16-0 എന്ന നിലയില്‍ മികച്ച വിജയം നേടിയതായി ട്രംപ് അവകാശപ്പെട്ടു. കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ തന്റെ പിന്തുണയോടെ 259 പ്രൈമറി വിജയങ്ങള്‍ ഉണ്ടായെന്നും മാധ്യമങ്ങള്‍ ഇത് ശ്രദ്ധിക്കുന്നില്ലെന്നും അദ്ദേഹം പരാതിപ്പെട്ടു.
അതേസമയം, ഡെമോക്രാറ്റിക് സോഷ്യലിസ്റ്റ് ഓഫ് അമേരിക്ക (ഡി.എസ്.എ) ന്യൂയോര്‍ക്ക് ഘടകം ഈ വിജയങ്ങളെ വലിയ ആവേശത്തോടെയാണ് സ്വീകരിച്ചത്. അഡ്രിയാനോ എസ്പായ്‌ലറ്റിനെ ഷെവലിയര്‍ പരാജയപ്പെടുത്തിയതിന് പിന്നാലെ, ‘സോഷ്യലിസം വിജയിച്ചു’ എന്ന് പാര്‍ട്ടി പ്രഖ്യാപിച്ചു.
ബേര്‍ണി സാന്‍ഡേഴ്സും വിജയികളെ അഭിനന്ദിച്ചിരുന്നു. ഒളിഗാര്‍ക്കുകളെ തോല്‍പ്പിക്കാന്‍ ഈ പുരോഗമന പ്രസ്ഥാനം സഹായിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Content Highlight: America will never be a communist country, communist ideology has never succeeded anywhere in the world; Trump on the victory of candidates supported by Mamdani