ടെല്‍അവീവ്: ഇസ്രഈലിന് വേണ്ടി യുദ്ധങ്ങള്‍ നടത്തി അമേരിക്ക സ്വന്തം താത്പര്യങ്ങള്‍ ബലികഴിപ്പിച്ചുവെന്ന് ട്രംപ് അനുകൂലിയായിരുന്ന മാധ്യമപ്രവര്‍ത്തകനും പോഡ്കാസ്റ്ററുമായ ടക്കര്‍ കാള്‍സണ്‍.
ആര്‍.ടി ന്യൂസിന്റെ ‘ഈസ്റ്റ് മീറ്റ്‌സ് വെസ്റ്റ്’ പരിപാടിയുടെ ബുധനാഴ്ച സംപ്രേഷണം ചെയ്ത പുതിയ എപ്പിസോഡിലായിരുന്നു കാള്‍സണിന്റെ വെളിപ്പെടുത്തല്‍. ഫെബ്രുവരി അവസാനത്തോടെ ഇസ്രഈലിനാപ്പം ചേര്‍ന്ന് ഇറാനെതിരെ ‘അധാര്‍മികമായ’ ആക്രമണം നടത്തിക്കൊണ്ട് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് തനിക്ക് വോട്ട് ചെയ്ത ജനങ്ങളെ വഞ്ചിച്ചുവെന്ന് കാള്‍സണ്‍ പറഞ്ഞു.
ഈ യുദ്ധം കാരണം ട്രംപിനും റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്കും വര്‍ഷങ്ങളായി നല്‍കിയിരുന്ന പിന്തുണ ഉപേക്ഷിക്കാന്‍ താന്‍ നിര്‍ബന്ധിതനായെന്നും താന്‍ ഒരിക്കലും ചെയ്യില്ലെന്ന് പറഞ്ഞ കാര്യം തന്നെയാണ് ട്രംപ് ചെയ്തതെന്നും അദ്ദേഹം പറഞ്ഞു. ഇസ്രഈലിന്റെ ആവശ്യപ്രകാരമാണ് ട്രംപ് ഇത്തരത്തിലുള്ള കാര്യങ്ങള്‍ ചെയ്തതെന്നും കാല്‍സണ്‍ കൂട്ടിച്ചേര്‍ത്തു.
‘ഇസ്രഈല്‍ സമ്മര്‍ദം ചെലുത്തിയത് കൊണ്ടാണ് ട്രംപ് ഈ യുദ്ധത്തില്‍ പങ്കാളിയായത്. അത് സംഭവിക്കുന്നത് ഞാന്‍ നേരിട്ട് കണ്ടതാണ്. ഞാന്‍ വെറുതെ ഊഹിച്ചു പറയുന്നതല്ല. ഭൂരിഭാഗം അമേരിക്കക്കാരെയും പോലെ എനിക്കും അതില്‍ വലിയ അറപ്പ് തോന്നി,’ അദ്ദേഹം പറഞ്ഞു.
മേഖലയില്‍ ആധിപത്യം നേടുന്നതിനായി ഇസ്രഈല്‍ അമേരിക്കയെ ഉപയോഗിക്കുകയാണെന്ന് താന്‍ ട്രംപിന് മുന്നറിയിപ്പ് നല്‍കിയിരുന്നതായും ഈ യുദ്ധം അമേരിക്കയ്ക്കും ലോകത്തിനും തന്നെ ദോഷകരവുമാണെന്നും കാള്‍സണ്‍ പറഞ്ഞു.
‘വര്‍ഷങ്ങള്‍ക്ക് മുമ്പ് തന്നെ അമേരിക്കയ്ക്ക് പരമാധികാരം നഷ്ടപ്പെട്ടുവെന്നാണ് ഞാന്‍ കരുതുന്നത്. സി.ഐ.എയും മൊസാദും കഴിഞ്ഞ 60ലേറെ വര്‍ഷങ്ങളായി ഒന്നിച്ച് ഒറ്റ സ്ഥാപനം പോലെയാണ് പ്രവര്‍ത്തിച്ചിട്ടുള്ളത്,’ കാള്‍സണ്‍ പറഞ്ഞു.
അമേരിക്കയെയും അവിടുത്തെ 35 കോടി ജനങ്ങളെയും ഇസ്രഈലി രഹസ്യാന്വേഷണ ഏജന്‍സികള്‍ ദുരുപയോഗം ചെയ്തതിന്റെ നീണ്ട ചരിത്രമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
2003-ല്‍ ഇറാഖിനെതിരെയുള്ള അധിനിവേശം ന്യായീകരിക്കുന്നതിനായി സദ്ദാം ഹുസൈന്റെ പക്കല്‍ കൂട്ടനാശകാരികളായ ആയുധങ്ങളുണ്ടെന്ന വ്യാജ രഹസ്യാന്വേഷണ വിവരങ്ങള്‍ അമേരിക്കയ്ക്ക് നല്‍കിയത് ഇസ്രഈല്‍ ആണെന്നും സമാനരീതിയിലാണ് ഇറാന്റെ പരമോന്നത നേതാവ് അലി ഖാംനഇയെ വധിക്കുന്നത് ഇറാന്‍ സര്‍ക്കാരിന്റെ വീഴ്ചയ്ക്ക് വഴിവെക്കുമെന്ന ‘കള്ളം’ ഇസ്രഈല്‍ ട്രംപിന് വിറ്റഴിച്ചതെന്നും കാള്‍സണ്‍ പറഞ്ഞു.
അതേസമയം ഇസ്രഈല്‍ കാരണം മാത്രമാണ് താന്‍ ഇറാനുമായുള്ള യുദ്ധത്തില്‍ പങ്കാളിയായതെന്ന വാദം ട്രംപ് തള്ളിയിരുന്നു. എന്നാല്‍ താന്‍ ഇടപെട്ടിരുന്നില്ലെങ്കില്‍ ഇസ്രഈല്‍ പണ്ടേ തകര്‍ന്നടിഞ്ഞേനെഎന്ന് അടുത്തിടെ നല്‍കിയ അഭിമുഖത്തില്‍ ട്രംപ് പറഞ്ഞിരുന്നു.
Content Highlight: America sacrificed its own interests for Israel; a war with Iran is a betrayal of the people: Tucker Carlson.