ടെഹ്‌റാൻ: ഒമാന്റെ മധ്യസ്ഥതയിൽ അമേരിക്കയുമായി നടത്തിയ ചർച്ചയിൽ ഇറാന്റെ ആണവ നിരായുധീകരണ പദ്ധതി അമേരിക്ക നിരസിച്ചത് സാങ്കേതിക വശം മനസ്സിലാവാത്തതിനാലെന്ന് ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി.
ഇറാൻ ആണവായുധങ്ങൾ ഉണ്ടാക്കില്ലെന്ന് ഉറപ്പുവരുത്താനുള്ള പദ്ധതികൾ തങ്ങൾ മുന്നോട്ടുവെച്ചിരുന്നതായും, എന്നാൽ അമേരിക്കൻ പ്രതിനിധികൾക്ക് അതിന്റെ സാങ്കേതിക വശങ്ങൾ മനസ്സിലാക്കാൻ കഴിയാത്തതിനാൽ ആ ആശയം അവർ തള്ളിക്കളയുകയായിരുന്നുവെന്നും അദ്ദേഹം എക്‌സിൽ പ്രതികരിച്ചു.
എണ്ണവില വർധനവിലൂടെ അമേരിക്കയ്ക്ക് ലാഭമുണ്ടാക്കാനാകും എന്ന വാദത്തെയും അദ്ദേഹം എക്സ് പോസ്റ്റിൽ എതിർത്തു.
‘എണ്ണവിലയും താരിഫും വർധിപ്പിച്ചതുകൊണ്ട് അമേരിക്കക്കാർക്ക് പണമുണ്ടാക്കാൻ കഴിയില്ല. അവ കോർപ്പറേറ്റുകളെ സമ്പന്നമാക്കുകയും സാധാരണ കുടുംബങ്ങളെ തകർക്കുകയുമാണ് ചെയ്യുക,’ ഇറാൻ വിദേശകാര്യ മന്ത്രി പറഞ്ഞു.
അമേരിക്ക ലോകത്തെ ഏറ്റവും വലിയ എണ്ണ ഉല്പാദന രാഷ്ട്രമാണ്. അതിനാൽ എണ്ണ വില വർധിക്കുന്നതിലൂടെ അമേരിക്കയ്ക്ക് നേട്ടമുണ്ടാക്കാനാകും. പക്ഷെ ഇറാൻ ആണവായുധങ്ങൾ സ്വന്തമാക്കുന്നത് തടയലാണ് അതിനേക്കാൾ പ്രധാനപ്പെട്ട കാര്യമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പറഞ്ഞിരുന്നു.
അതേസമയം പശ്ചിമേഷ്യയിലാകെ പടർന്ന ആക്രമണങ്ങളിൽ ഇതുവരെയും അയവ് വന്നിട്ടില്ല,
അമേരിക്കയ്ക്ക് പെട്ടെന്നൊരു സൈനിക വിജയം ലഭിക്കുമെന്ന പ്രതികരണത്തെ ഇറാനിലെ സുപ്രീം നാഷണൽ സെക്യൂരിറ്റി കൗൺസിൽ സെക്രട്ടറി അലി ലാരിജാനി തള്ളിക്കളഞ്ഞു. കുറച്ച് ട്വീറ്റുകൾ കൊണ്ട് യുദ്ധങ്ങൾ ജയിക്കാൻ കഴിയില്ലെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി.
എന്നാൽ അമേരിക്കൻ സൈന്യം അതിവേഗം മുന്നേറുന്നുണ്ടെന്നും ആ മുന്നേറ്റത്തെ തടുക്കാൻ ഇറാന് കഴിയില്ലെന്നും ട്രംപ് പറഞ്ഞിരുന്നു.
Content Highlight: America rejected Iran’s nuclear deal because they didn’t understood: aragchi