ന്യൂയോർക്ക്: രാജ്യത്തെ അസ്വസ്ഥതകൾക്ക് നേതൃത്വം നൽകുന്നുത് അമേരിക്കയാണെന്ന് യു.എന്നിൽ ഇറാൻ പ്രതിനിധി ഘോലാംഹൊസൈൻ ഡാർസി.
ദുഃഖത്തിലായ ഒരു രാഷ്ട്രത്തിന് വേണ്ടിയാണ് താൻ സംസാരിക്കുന്നതെന്നും ഇറാനിൽ അസ്വസ്ഥതകൾ വളർത്താൻ ശ്രമിക്കുന്നത് അമേരിക്കയാണെന്നും ഇറാൻ പ്രതിനിധി പറഞ്ഞു.
അമേരിക്കയുടെയും ഇസ്രഈലിന്റെയും പ്രതിനിധികൾ ഇരുരാജ്യങ്ങളുടെയും രാഷ്ട്രീയ അജണ്ടയെ പ്രതിനിധീകരിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.
ഇറാനിൽ അസ്വസ്ഥതകൾ ഉണ്ടാക്കുന്നതിൽ അമേരിക്കയുടെ പങ്ക് മറച്ചുവെക്കാൻ പല നുണകളും അവർ പറയുന്നുണ്ട്. വസ്തുതകളെ വളച്ചൊടിക്കുന്നതും മനപൂർവമായി തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്നതും ഖേദകരമായ കാര്യാമാണെന്നും അദ്ദേഹം പറഞ്ഞു.
അമേരിക്കൻ ആക്രമണങ്ങൾക്ക് മുന്നോടിയായി നടക്കുന്ന വിദേശ ഗൂഢാലോചനയാണ് ഇറാനിലെ പ്രതിഷേധങ്ങളെന്ന ഇറാൻ ഘോലാംഹൊസൈൻ ഡാർസിയുടെ വാദത്തെ ഐക്യരാഷ്ട്രസഭയിലെ യുഎസ് അംബാസഡർ മൈക്ക് വാൾട്ട്സ് തള്ളി.
‘ഇറാനിലെ ധീരരായ ജനങ്ങൾക്കൊപ്പം നിൽക്കുമെന്ന് അമേരിക്ക നേരത്തെ പറഞ്ഞിരുന്നു. കൂട്ടക്കൊലകൾ അവസാനിപ്പിക്കാൻ എല്ലാ ഓപ്‌ഷനുകളും തന്റെ മേശപ്പുറത്തുണ്ടെന്ന് യു.എസ് പ്രഡിഡന്റ് ഡൊണാൾഡ് ട്രംപ് വ്യക്തമാക്കിയിട്ടുണ്ട്,’ മൈക്ക് വാൾട്ട്സ് പറഞ്ഞു.
‘ഐക്യരാഷ്ട്ര സഭയിൽ നമ്മൾ നടത്തുന്നതുപോലെ സംസാരം മാത്രമല്ല, കൂട്ടക്കൊലകൾ അവസാനിപ്പിക്കാൻ എല്ലാ ഓപ്‌ഷനുകളും തയ്യാറാണെന്ന് പറഞ്ഞതാണ്. അദ്ദേഹം ഒരു കർമനിരതനാണ്,’ ട്രംപിന്റെ പ്രസ്താവനയെ ഉദ്ധരിച്ചുകൊണ്ട് അദ്ദേഹം വ്യക്തമാക്കി.
കൊലപാതകങ്ങൾ കുറഞ്ഞു വരികയാണെന്നും വലിയ തോതിലുള്ള വധശിക്ഷകൾക്കുള്ള പദ്ധതികൾ നിലവിൽ വേണ്ടെന്നാണ് താൻ വിശ്വസിക്കുന്നതെന്നും ട്രംപ് പറഞ്ഞതായി മൈക്ക് വാൾട്ട്സ് പറഞ്ഞു.
‘ലോകമെമ്പാടുമുള്ള ആളുകൾ അറിയേണ്ടത്, ഭരണകൂടം മുമ്പത്തേക്കാളും ദുർബലമാണ്. അതുകൊണ്ടാണ് തെരുവുകളിലെ ഇറാനിയൻ ജനതയുടെ ശക്തി കാരണം അവർ ഈ നുണകൾ പറയുന്നത്. അവർക്ക് സ്വന്തം ആളുകളെ പേടിയാണ്,’ അദ്ദേഹം കൂട്ടിച്ചേർത്തു.
ഇറാനിൽ ആഭ്യന്തരയുദ്ധം തുടരുന്ന സാഹചര്യത്തിൽ കൂടുതൽ മരണങ്ങളും സംഘർഷങ്ങളും ഒഴിവാക്കുന്നതിനായി സംയമനം പാലിക്കണമെന്ന് ഐക്യരാഷ്ട്ര സഭ പറഞ്ഞു.
ഇത്രയും സെൻസിറ്റീവ് ആയ വിഷയത്തിൽ പരമാവധി സംയമനം പാലിക്കണമെന്നും കൂടുതൽ ജീവനുകൾ നഷ്ടപ്പെടുന്നതിനോ പ്രാദേശിക സംഘർഷത്തിനോ കാരണമായേക്കാവുന്ന നടപടികളിൽ നിന്നും വിട്ടുനിൽക്കാനും യു.എൻ ആവശ്യപ്പെട്ടിരുന്നു.
Content Highlight: America is leading the unrest in Iran; Iran at the UN