| Thursday, 12th March 2026, 2:52 pm

അമേരിക്ക കടക്കെണിയിലേക്ക്; അഞ്ച് മാസത്തിനുള്ളില്‍ കടമെടുത്തത് 1 ട്രില്യണ്‍ ഡോളര്‍

അനിത സി

വാഷിങ്ടണ്‍: ഇറാനെതിരായ ആക്രമണം ഉള്‍പ്പടെയുള്ളവ യു.എസിന് കടുത്ത സാമ്പത്തിക ബാധ്യതകളാണ് സൃഷ്ടിക്കുന്നതെന്ന് റിപ്പോര്‍ട്ടുകള്‍.

സംഘര്‍ഷം രണ്ടാമത്തെ ആഴ്ചയിലേക്ക് കടക്കുന്നതിനിടെ തന്നെ യു.എസിന് യുദ്ധോപകരണങ്ങള്‍ക്കായി ബില്യണ്‍ കണക്കിന് പണം ചെലവഴിച്ചതായി കോണ്‍ഗ്രസ് ബഡ്ജറ്റ് ഓഫീസ് (സി.ബി.ഒ) റിപ്പോര്‍ട്ട് ചെയ്തു.

ഒക്ടോബര്‍ മുതലുള്ള അഞ്ച് മാസത്തിനുള്ളില്‍ യു.എസ് 1 ട്രില്യണ്‍ ഡോളര്‍ കടമെടുത്തതായും റിപ്പോര്‍ട്ടില്‍ പറയുന്നു. ഇത് ഫെഡറല്‍ കമ്മി കുതിച്ചുയരുന്നത് വേഗത്തിലാക്കിയിരിക്കുകയാണ്.

ഇറാനെതിരായ ആക്രമണം ആരംഭിച്ച് രണ്ട് ദിവസത്തിനുള്ളില്‍ യു.എസ് സൈന്യം 5.6 ബില്യണ്‍ ഡോളറിന്റെ യുദ്ധോപകരണങ്ങളാണ് ഉപയോഗിച്ചതെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. പേര് വെളിപ്പെടുത്താത്ത ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് വാഷിങ്ടണ്‍ പോസ്റ്റ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തു.

തിങ്കളാഴ്ച പുറത്തിറക്കിയ സി.ബി.ഒ പ്രതിമാസ ബഡ്ജറ്റ് അവലോകനമുസരിച്ച് ഫെബ്രുവരി മാസത്തില്‍ മാത്രം യു.എസ് സര്‍ക്കാരിന്റെ കടം 308 ബില്യണ്‍ ഡോളര്‍ വര്‍ധിച്ചു.

പൊതുകടത്തിനുള്ള ഉയര്‍ന്ന പലിശ നിരക്കും യു.എസ് യുദ്ധവകുപ്പ് ഉള്‍പ്പടെയുള്ള സര്‍ക്കാരിന്റെ ചെലവുമാണ് കടം വര്‍ധിക്കാന്‍ കാരണമായതെന്ന് സി.ബി.ഒ റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു.

അഞ്ച് മാസത്തിനുള്ളില്‍ പൊതുകടം നികത്തുന്നതിനായി 433 ബില്യണ്‍ ഡോളര്‍ ചെലവഴിച്ചു. നിലവില്‍ കടം 38.9 ട്രില്യണ്‍ ഡോളറിലെത്തിയിരിക്കുകയാണ്. ഇതുവരെയുണ്ടാകാത്ത വിധത്തിലുള്ള കടബാധ്യതയാണ് യു.എസിനുണ്ടായത്. കടുത്ത സാമ്പത്തിക ആഘാതമാണ് യു.എസിനെ കാത്തിരിക്കുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

അതേസമയം, യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് കൂടുതല്‍ പണം ആവശ്യപ്പെട്ടുകൊണ്ട് യു.എസ് കോണ്‍ഗ്രസില്‍ പ്രതിരോധ ബഡ്ജറ്റ് അവതരിപ്പിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. 50 ബില്യണ്‍ ഡോളര്‍ വരെ ട്രംപ് ആവശ്യപ്പെട്ടേക്കുമെന്ന് യു.എസ് കോണ്‍ഗ്രസ് അംഗങ്ങള്‍ പ്രതീക്ഷിക്കുന്നു.

യുദ്ധത്തിനെതിരായ നിലപാട് ഡെമോക്രാറ്റിക് അംഗങ്ങള്‍ ആവര്‍ത്തിക്കുകയും, യുദ്ധത്തിന്റെ ചെലവ്, പ്രതീക്ഷിക്കുന്ന യുദ്ധ ദൈര്‍ഘ്യം, യു.എസ് സൈന്യത്തെ ഇറാനിലേക്ക് അയക്കുമോ എന്നീ വിഷയങ്ങളില്‍ കൃത്യമായ മറുപടി ചര്‍ച്ചകളില്‍ നിന്നും ലഭിച്ചില്ലെന്നും സെനറ്റര്‍മാര്‍ കുറ്റപ്പെടുത്തുകയും ചെയ്തു.

അതേസമയം, ഇറാനെതിരായ ആക്രമണം ഉടനെ അവസാനിപ്പിക്കുമെന്ന് ട്രംപ് അവകാശപ്പെടുന്നുണ്ടെങ്കിലും സെപ്റ്റംബര്‍ മാസം വരെയോ അല്ലെങ്കില്‍ കുറഞ്ഞത് 100 ദിവസമോ സംഘര്‍ഷം നീണ്ടുനിന്നേക്കാമെന്നാണ് പെന്റഗണ്‍ പ്രതീക്ഷിക്കുന്നതെന്ന് പൊളിറ്റികോ റിപ്പോര്‍ട്ട് ചെയ്തു.

Content Highlight: America in debt trap; $1 trillion borrowed in five months

അനിത സി

ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷന്‍ ആന്‍ഡ് ജേണലിസത്തില്‍ ബിരുദാനന്തര ബിരുദം.

Latest Stories

We use cookies to give you the best possible experience. Learn more