| Saturday, 24th October 2026, 12:56 pm

അമേരിക്ക ഒരുപാട് മാറിപ്പോയി; ഇസ്രഈലിന് ലഭിക്കുന്ന യു.എസ് സൈനിക സഹായം എപ്പോള്‍ വേണമെങ്കിലും അവസാനിക്കും: നെതന്യാഹു

നിഷാന. വി.വി

ടെല്‍അവീവ്: അമേരിക്കയില്‍ നിന്ന് ഇസ്രഈലിന് ലഭിച്ചുകൊണ്ടിരിക്കുന്ന ശതകോടിക്കണക്കിന് സൈനിക സഹായം അവസാനിക്കാറായിട്ടുണ്ടെന്ന് ഇസ്രഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു.

അമേരിക്കന്‍ സഹായം നിലയ്ക്കുന്നത് സമയത്തിന്റെ മാത്രം പ്രശ്‌നമാണെന്നും അതിനായി രാജ്യം മാനസികമായി തയ്യാറെടുക്കണമെന്നും നെതന്യാഹു പറഞ്ഞു. ഇസ്രഈലിന്റെ പ്രമുഖ ബിസിനസ് ചാനലായ ചാനല്‍ 10ന് നല്‍കിയ അഭിമുഖത്തിലായിരുന്നു നെതന്യാഹുവിന്റെ പരാമര്‍ശം.

ഇസ്രഈലിനെതിരെ ഉണ്ടാവാനിടയുള്ള സാമ്പത്തിക-ബാങ്കിങ് ഉപരോധങ്ങള്‍ മറികടക്കാന്‍ ബ്ലോക്ക് ചെയിന്‍ സാങ്കേതിക വിദ്യയും ബദല്‍ ഡിജിറ്റല്‍ സമ്പദ് വ്യവസ്ഥയും രൂപീകരിക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും നെതന്യാഹു വെളിപ്പെടുത്തി.

‘ ഇത് വെറും സമയത്തിന്റെ മാത്രം കാര്യമാണ്. അമേരിക്ക മാറിപ്പോയി. ഇസ്രഈലിന്റെ പ്രതിരോധ ബജറ്റിനായി അമേരിക്ക നല്‍കുന്ന സൈനിക സഹായങ്ങള്‍ ഇനി ലഭിക്കില്ല. ഇസ്രായേലിന്റെ പ്രതിരോധ ബജറ്റിനായി ഞാന്‍ രണ്ടുതവണ അമേരിക്കയില്‍ നിന്ന് നേടിയെടുത്ത ആ ശതകോടിക്കണക്കിന് ഡോളറിന്റെ സൈനിക സഹായം തുടര്‍ന്നും ലഭിക്കുമെന്ന് നിങ്ങള്‍ കരുതുന്നുണ്ടെങ്കില്‍, അത് തിരുത്തുക. അങ്ങനെ ഇനി സംഭവിക്കില്ലെന്ന യാഥാര്‍ത്ഥ്യവുമായി നിങ്ങള്‍ പൊരുത്തപ്പെടുക. കാരണം അമേരിക്ക ഇപ്പോള്‍ പഴയ അമേരിക്കയല്ല, അത് പാടേ മാറിപ്പോയി. ഈ സഹായം അവസാനിക്കാന്‍ പോകുകയാണ്, ഇത് അവസാനിക്കുക തന്നെ ചെയ്യും. അത് സമയത്തിന്റെ മാത്രം പ്രശ്‌നമാണ്,’ ഇസ്രഈല്‍ പ്രധാന മന്ത്രി പറഞ്ഞു.

Content Highlight: America has changed a lot; the U.S. military aid received by Israel could end at any time: Netanyahu

നിഷാന. വി.വി

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. വാദി ഹുദ കോളേജില്‍ നിന്നും ബി.എ ഇംഗ്ലീഷില്‍ ബിരുദം. കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ.

We use cookies to give you the best possible experience. Learn more