| Monday, 18th May 2026, 8:48 am

അമേരിക്കയും ഇസ്രഈലും മുസ്‌ലിം രാജ്യങ്ങളെ ശത്രുക്കളാക്കുന്നു; സയണിസ്റ്റ് ഭരണകൂടത്തിനെതിരെ ഒരുമിച്ച് നില്‍ക്കണമെന്ന് പെസസ്‌കിയാന്‍

നിഷാന. വി.വി

ടെഹ്‌റാന്‍: അമേരിക്കയും ഇസ്രഈലും ഭിന്നിപ്പിക്കുന്ന പദ്ധതികളിലൂടെ മുസ്‌ലിം രാഷ്ട്രങ്ങളെ പരസ്പരം ശത്രുക്കളാക്കുകയാണെന്ന് ഇറാന്‍ പ്രസിഡന്റ് മസൂദ് പെസസ്‌കിയാന്‍.

അയല്‍രാജ്യങ്ങളുമായി തത്വാധിഷ്ടിതവും സൗഹൃദപരവുമായ ബന്ധമുണ്ടാക്കാനാണ് ഇറാന്‍ ആഗ്രഹിക്കുന്നതെന്നും എന്നാല്‍ ഇസ്രഈലും അമേരിക്കയും ഭിന്നിപ്പിക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണെന്നും അദ്ദേഹം പറഞ്ഞു.

‘മേഖലയിലെ മുസ്‌ലിം രാജ്യങ്ങളുമായി സുസ്ഥിരവും സൗഹൃദപരവുമായ ബന്ധങ്ങളാണ് ആഗ്രഹിക്കുന്നത്. എന്നാല്‍ അമേരിക്കയും സയണിസ്റ്റ് ഭരണകൂടവും എല്ലായ്‌പ്പോഴും അവിശ്വാസം സൃഷ്ടിച്ചും ഭിന്നിപ്പിച്ചും മുസ് ലിം രാജ്യങ്ങളെ പരസ്പരം ശത്രുക്കളാക്കാനുള്ള പദ്ധതികളാണ് നടത്തിക്കൊണ്ടിരിക്കുന്നത്,’ പെസസ്‌കിയാന്‍ പറഞ്ഞു.

പാകിസ്ഥാന്‍ പ്രധാനമന്ത്രി മൊഹ്‌സിന്‍ നഖ് വിയുമായി ടെഹ്‌റാനില്‍ വെച്ച് നടന്ന കൂടിക്കാഴ്ചയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇറാനെതിരായ യു.എസ്-ഇസ്രഈല്‍ ആക്രമണത്തിനെതിരായ പാകിസ്ഥാന്റെ മധ്യസ്ഥ ശ്രമങ്ങളെ അദ്ദേഹം അഭിനന്ദിച്ചു.

‘യു.എസും ഇസ്രഈലും ഇറാനില്‍ ആഭ്യന്തര അസ്ഥിരത സൃഷ്ടിക്കാനും ഭരണസംവിധാനത്തെ അട്ടിമറിക്കാനുമായിരുന്നു ലക്ഷ്യമിട്ടിരുന്നത്. എന്നാല്‍ മഹത്തായ ഇറാനിയന്‍ ജനത യോജിപ്പോടെയും ശക്തിയോടെയും തങ്ങളുടെ രാജ്യത്തിനൊപ്പം നില്‍ക്കുമെന്ന് അവര്‍ ഒരിക്കലും കരുതിയില്ല,’ പെസസ്‌കിയാന്‍ പറഞ്ഞു.

ഭീകര ഗ്രൂപ്പുകള്‍ക്ക് സൈനിക- സാമ്പത്തിക പിന്തുണ നല്‍കി ശത്രുക്കള്‍ ഇറാനില്‍ അരകഷിതാവസ്ഥ സൃഷ്ടിക്കാന്‍ ശ്രമിച്ചുവെന്നും എന്നാല്‍ ഇറാനെതിരെ തങ്ങളുടെ പ്രദേശം ദുരുപയോഗം ചെയ്യാന്‍ പറ്റില്ലെന്ന് പ്രഖ്യാപിച്ച അഫ്ഗാനിസ്ഥാന്‍, ഇറാഖ് എന്നീ രാജ്യങ്ങളുടെ പ്രശംസനീയമാണെന്നും അദ്ദേഹം പറഞ്ഞു.

മേഖലയില്‍ ശാശ്വതമായ സമാധാനം, സുരക്ഷ എന്നിവ സ്ഥാപിക്കാന്‍ ലോകത്തെ പ്രധാന മുസ്‌ലിം രാജ്യങ്ങള്‍ പ്രാദേശിക സഹകരണം ശക്തിപ്പെടുത്തണമെന്നും പെസസ്‌കിയാന്‍ കൂട്ടിച്ചേര്‍ത്തു.

‘ഇസ്‌ലാമിക രാജ്യങ്ങള്‍ പരസ്പരം സഹകരണവും ഐക്യവും ശക്തിപ്പെടുത്തിയാല്‍ മുസ് ലിം രാജ്യങ്ങളുടെ പരമാധികാരത്തെ ആക്രമിക്കാനോ ലംഘിക്കാനോ സയണിസ്റ്റ് ഭരണകൂടം ധൈര്യപ്പെടില്ല,’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Content Highlight: America and Israel are turning Muslim countries into enemies; Peshevsky calls for unity against the Zionist regime

നിഷാന. വി.വി

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. വാദി ഹുദ കോളേജില്‍ നിന്നും ബി.എ ഇംഗ്ലീഷില്‍ ബിരുദം. കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ.

Latest Stories

We use cookies to give you the best possible experience. Learn more