| Saturday, 18th October 2025, 8:04 pm

പാകിസ്ഥാന്‍ ക്യാപ്റ്റനെ മുട്ടുകുത്തിച്ച് 'ഡബിള്‍' സെഞ്ച്വറി റെക്കോഡുമായി അമേലിയ

സ്പോര്‍ട്സ് ഡെസ്‌ക്

വനിതാ ലോകകപ്പില്‍ പാകിസ്ഥാനും ന്യൂസിലാന്‍ഡും തമ്മിലുള്ള മത്സരം ആര്‍. പ്രേമദാസ സ്റ്റേഡിയത്തില്‍ നടക്കുകയാണ്. മത്സരത്തില്‍ ടോസ് നേടിയ ന്യൂസിലാന്‍ഡ് വനിതകള്‍ പാകിസ്ഥാനെ ബൗളിങ്ങിന് അയക്കുകയായിരുന്നു. നിലവില്‍ മഴ മൂലം മത്സരം നിര്‍ത്തിവെച്ചപ്പോള്‍ 25 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 92 റണ്‍സാണ് പാകിസ്ഥാന്‍ നേടിയത്. ക്രീസിലുള്ളത് ആലിയ റിയാസും (52 പന്തില്‍ 28) സിദ്ര നവാസുമാണ് (15 പന്തില്‍ 6).

ഒമൈമ സൊഹൈല്‍ (3), മുനീബ അലി (22), സിദ്ര അമീന്‍ (9), നതാലിയ പര്‍വെസ് (10), ഫാത്തിമ സന (2) എന്നിവരുടെ വിക്കറ്റുകളാണ് ന്യൂസിലാന്‍ഡ് വീഴ്ത്തിയത്. ക്യാപ്റ്റന്‍ ഫാത്തിമയുടെ വിക്കറ്റ് വീഴ്ത്തിയത് ന്യൂസിലാന്‍ഡിന്റെ ഓള്‍റൗണ്ടര്‍ അമേലിയ കെര്‍ ആയിരുന്നു. ക്ലീന്‍ ബൗള്‍ഡ് നേടിയതോടെ ഒരു തകര്‍പ്പന്‍ റെക്കോഡും താരം സ്വന്തമാക്കിയിരിക്കുകയാണ്.

ന്യൂസിലാന്‍ഡ് വനിതാ ടീമിന് വേണ്ടി 200 അന്താരാഷ്ട്ര വിക്കറ്റുകള്‍ പൂര്‍ത്തിയാക്കാനാണ് 25കാരിയായ അമേലിയക്ക് സാധിച്ചത്. വനിതാ ഏകദിനത്തില്‍ 82 മത്സരങ്ങളില്‍ നിന്ന് 105 വിക്കറ്റും ടി-20യില്‍ നിന്ന് 95 വിക്കറ്റുകളുമാണ് അമേലിയ സ്വന്തമാക്കിയത്.

മത്സരത്തില്‍ അമേലിയക്ക് പുറമെ ഈഡന്‍ കാഴ്‌സന്‍, ജെസ് കെര്‍ എന്നിവര്‍ ഓരോ വിക്കറ്റുകള്‍ നേടിയപ്പോള്‍ ലിയ തഹുഹു രണ്ട് വിക്കറ്റും നേടി. ന്യൂസിലാന്‍ഡിന്റെ തകര്‍പ്പന്‍ ബൗളിങ്ങില്‍ പാകിസ്ഥാന്‍ തകര്‍ന്നുകൊണ്ടിരിക്കുന്നതിനിടയിലാണ് മഴ പെയ്തത്.

നിലവില്‍ പാകിസ്ഥാന് വേണ്ടി ക്രീസിലുള്ള ആലിയ റിയാസാണ് ടീമിന്റെ ഏക ആശ്രയം. വിക്കറ്റ് നഷ്ടപ്പെടാതെ മുന്നോട്ട് പോയാല്‍ പാകിസ്ഥാന്റെ സ്‌കോര്‍ ഉയര്‍ത്താന്‍ താരത്തിന് സാധിക്കും. മാത്രമല്ല മഴമൂലം മത്സരം ചുരുക്കുമ്പോള്‍ ഭേദപ്പെട്ട സ്‌കോര്‍ ഇല്ലെങ്കില്‍ പാകിസ്ഥാനെ എളുപ്പം പരാജയപ്പെടുത്താന്‍ ന്യൂസിലാന്‍ഡിന് സാധിക്കും.

Content Highlight: Amelia Kerr In Great Record Achievement

Latest Stories

We use cookies to give you the best possible experience. Learn more