| Thursday, 2nd October 2025, 7:17 am

ബൗളിങ്ങില്‍ 'സെഞ്ച്വറിയടിച്ച്' അമേലിയ; നേടിയത് കരിയറിലെ മിന്നും നേട്ടം

സ്പോര്‍ട്സ് ഡെസ്‌ക്

വനിതാ ഏകദിന ലോകകപ്പില്‍ കഴിഞ്ഞ ദിവസം നടന്ന മത്സരത്തില്‍ ന്യൂസിലാന്‍ഡിനെതിരെ തകര്‍പ്പന്‍ വിജയം സ്വന്തമാക്കി ഓസ്‌ട്രേലിയ. ഹോള്‍ക്കര്‍ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ 89 റണ്‍സിന്റെ വിജയമാണ് ഓസീസ് പട നേടിയത്. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഓസീസ് 49.3 ഓവറില്‍ 326 റണ്‍സാണ് അടിച്ചെടുത്തത്. മറുപടി ബാറ്റിങ്ങില്‍ 43.2 ഓവറില്‍ 237 റണ്‍സാണ് കിവീസ് പടക്ക് നേടാന്‍ സാധിച്ചത്.

മത്സരത്തില്‍ ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ ഓസ്ട്രേലിയ സൂപ്പര്‍ താരം ആഷ്ലീഗ് ഗാര്‍ഡ്ണറിന്റെ സെഞ്ച്വറി കരുത്തിലാണ് മികച്ച സ്‌കോറിലെത്തിയത്. 83 പന്ത് നേരിട്ട താരം 115 റണ്‍സ് നേടിയാണ് മടങ്ങിയത്.

16 ഫോറും ഒരു സിക്സറുമടക്കം 138.55 എന്ന മികച്ച സ്ട്രൈക്ക് റേറ്റിലാണ് താരം ബാറ്റ് വീശിയത്. ആറാം നമ്പറില്‍ ക്രീസിലെത്തിയ താരം പിന്നാലെയെത്തിവര്‍ക്കൊപ്പം വലതും ചെറുതുമായ കൂട്ടുകെട്ടുകളും പടുത്തുയര്‍ത്തി. സെഞ്ച്വറി നേടിയ ആഷ്‌ലിക്ക് പുറമെ ഫോബ് ലീച്ച്ഫീല്‍ഡ് (31 പന്തില്‍ 45), കിം ഗാര്‍ത് (37 പന്തില്‍ 38), എല്ലിസ് പെറി (41 പന്തില്‍ 33) എന്നിവരും ഓസ്‌ട്രേലിയന്‍ ഇന്നിങ്‌സില്‍ നിര്‍ണായകമായി.

ന്യൂസിലാന്‍ഡിനായി ലിയ തഹൂഹു, ജെസ് കേര്‍ എന്നിവര്‍ മൂന്ന് വിക്കറ്റ് വീതവും അമേലിയ കെര്‍, ബ്രീയാം ഇല്ലിങ് എന്നിവര്‍ രണ്ട് വിക്കറ്റ് വീതവും വീഴ്ത്തി. 54 റണ്‍സ് വിട്ടുകൊടുത്തായിരുന്നു അമേലിയ രണ്ട് വിക്കറ്റുകള്‍ സ്വന്തമാക്കിയത്.

ഇതോടെ ഒരു തകര്‍പ്പന്‍ നേട്ടം സ്വന്തമാക്കാനും താരത്തിന് സാധിച്ചിരിക്കുകയാണ്. ന്യൂസിലാന്‍ഡിന് വേണ്ടി ഏകദിനത്തില്‍ 100 വിക്കറ്റ് എന്ന നാഴികക്കല്ലിലെത്താനാണ് താരത്തിന് സാധിച്ചത്. ഈ നേട്ടം സ്വന്തമാക്കുന്ന മൂന്നാമത്തെ ന്യൂസിലാന്‍ഡ് താരമാണ് അമേലിയ.

ന്യൂസിലാന്‍ഡിന് വേണ്ടി ഈ നേട്ടം ആദ്യം സ്വന്തമാക്കിയത് ലിയ തഹൂഹുവാണ്. നിലവില്‍ 118 വിക്കറ്റുകളാണ് തഹൂഹു നേടിയത്. ലിസ്റ്റില്‍ രണ്ടാം സ്ഥാനത്തുള്ള സോഫി ഡിവൈന്‍ 107 വിക്കറ്റുകളാണ് സ്വന്തമാക്കിയത്. മൂന്നാമതായി സ്ഥാനമുറപ്പിച്ച അമേലിയ 101 വിക്കറ്റുകളും രേഖപ്പെടുത്തി.

ബൗളിങ്ങില്‍ മാത്രമല്ല, ബാറ്റിങ്ങിലും കെര്‍ ന്യൂസിലാന്‍ഡിന് വേണ്ടി തിളങ്ങിയിരുന്നു. 33 റണ്‍സ് നേടി ടീമിന് വേണ്ടി രണ്ടാമത്തെ ഉയര്‍ന്ന സ്‌കോര്‍ നേടുന്ന താരമാകാനാണ് അമേലിയക്ക് കഴിഞ്ഞത്. ടീമിന് വേണ്ടി സോഫി ഡിവൈന്‍ 112 റണ്‍സ് നേടി മിന്നും പ്രകടനമാണ് നടത്തിയത്. ഇസി ഗേസ് 18 പന്തില്‍ 28 റണ്‍സ് നേടി അവസാന ഘട്ട പോരട്ടം നടത്തിയെങ്കിലും ടീമിനെ വിജയത്തിലെത്തിക്കാന്‍ ആര്‍ക്കും സാധിച്ചില്ല.

Content Highlight: Amelia Kerr Complete 100 Wickets In Women’s ODI For New Zealand

We use cookies to give you the best possible experience. Learn more