| Thursday, 24th July 2025, 2:33 pm

തനിയാവര്‍ത്തനം കണ്ടിട്ട് ഞാന്‍ അദ്ദേഹത്തെ വെറുത്തുപോയി: അംബിക

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാളികള്‍ക്ക് ഏറെ പരിചിതയായ നടിയാണ് അംബിക. 1976 മുതല്‍ 1989 വരെ ഒരു ദശാബ്ദത്തിലേറെക്കാലം അവര്‍ സൗത്തിന്ത്യയിലെ മുന്‍നിര നായികമാരില്‍ ഒരാളായിരുന്നു. 1976ല്‍ ചോറ്റാനിക്കര അമ്മ എന്ന ചിത്രത്തിലൂടെ ബാലതാരമായിട്ടാണ് അംബിക തന്റെ കരിയര്‍ ആരംഭിക്കുന്നത്.

സീത എന്ന മലയാള ചിത്രത്തിലാണ് നടി ആദ്യമായി നായികയാകുന്നത്. പിന്നീട് വിവിധ ഭാഷകളിലായി 200ലധികം സിനിമകള്‍ ചെയ്തു. തമിഴിലും മലയാളത്തിലുമായി മുന്‍നിര നടന്മാരോടൊപ്പമെല്ലാം നിരവധി സിനിമകള്‍ ചെയ്യാന്‍ അംബികക്ക് സാധിച്ചിട്ടുണ്ട്. ഇപ്പോള്‍ സംവിധായകന്‍ സിബി മലയിലിനെ കുറിച്ച് സംസാരിക്കുകയാണ് അവര്‍.

മലയാളത്തിന് ഒരുപാട് നല്ല സിനിമകള്‍ തന്ന സംവിധായനാണ് സിബി മലയിലെന്നും ഇമോഷന്‍ വളരെ പ്രാധാന്യം കൊടുക്കുന്ന സിനിമകള്‍ അദ്ദേഹം ചെയ്തിട്ടുണ്ടെന്നും അംബിക പറയുന്നു. സിബി മലയില്‍ സംവിധാനം ചെയ്ത രണ്ടാമത്തെ സിനിമയില്‍ താന്‍ നായികയായിരുന്നുവെന്നും എഴുതാപ്പുറങ്ങള്‍ എന്ന സിനിമയിലും താന്‍ അഭിനയിച്ചിട്ടുണ്ടെന്നും അംബിക പറഞ്ഞു. സിബി മലയിലിന്റെ തനിയാവര്‍ത്തനം കണ്ടിട്ട് താന്‍ അദ്ദേഹത്തെ വെറുത്തു പോയെന്നും നടി പറഞ്ഞു. ജിഞ്ചര്‍ മീഡിയയോട് സംസാരിക്കുകയായിരുന്നു അംബിക.

‘ സിബി ചേട്ടന്‍ മലയാള സിനിമക്ക് കുറെ നല്ല പടങ്ങള്‍ തന്നിട്ടുണ്ട്. സെന്റിമെന്റ്‌സിന് കൂടുതല്‍ പ്രാധാന്യം കൊടുത്തിട്ടുള്ള കുറേ സിനിമകള്‍ അദ്ദേഹം ചെയ്തിട്ടുണ്ട്. സെന്റിമെന്റ്‌സിനും, ഫാമിലി വാല്യൂസ് കൊടുത്തിട്ടുള്ളതുമായ ഒരുപാട് സിനിമകള്‍ ചെയ്ത മനുഷ്യനാണ് സിബി സാര്‍. അദ്ദേഹം ലാലേട്ടനും മമ്മൂക്കയ്ക്കുമൊക്കെ ഒരുപാട് നല്ല സിനിമകള്‍ കൊടുത്തിട്ടുണ്ട്.

അദ്ദേഹത്തിന്റെ രണ്ടാമത്തെ സിനിമയില്‍ ഞാനായിരുന്നു ഹീറോയിന്‍. പിന്നെ എഴുതാപ്പുറങ്ങള്‍ ഞാന്‍ ചെയ്തിരുന്നു. തനിയാവര്‍ത്തനം കണ്ടിട്ട് അദ്ദേഹത്തിനെ ഞാന്‍ വെറുത്തു. നമുക്ക് അറിയാം അദ്ദേഹം സംവിധായകനാണ്, ഇത് വെറും അഭിനയമാണ് എന്നൊക്കെ. എങ്കിലും, സിനിമ കണ്ടിട്ട് ഒരു സംവിധായകനെ വെറുക്കുന്നത് ആദ്യമായിട്ടാണ്. തനിയാവര്‍ത്തനം കണ്ടിട്ട് വല്ലാത്തൊരു ഫീല്‍ വന്നു,’അംബിക പറയുന്നു.

Content Highlight: Ambika talks about director Sibi Malayil

We use cookies to give you the best possible experience. Learn more