| Monday, 26th May 2025, 8:19 am

പഞ്ചാബില്‍ അംബേദ്ക്കര്‍ പ്രതിമ തകര്‍ക്കുകയും വികൃതമാക്കുകയും ചെയ്ത സംഭവം; പ്രതി അറസ്റ്റില്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ചണ്ഡിഗഡ്: പഞ്ചാബില്‍ അംബേദ്ക്കര്‍ പ്രതിമ തകര്‍ക്കുകയും അതില്‍ തുപ്പുകയും ചെയ്തയാളെ പൊലീസ് അറസ്റ്റ് ചെയ്തു. പഞ്ചാബിലെ ഹോഷിയാര്‍പൂരിലെ പ്രതിമ തകര്‍ത്തയാളാണ് അറസ്റ്റിലായത്.

ജഗ്ദീപ് സിങ് മാത്തരു എന്നയാളെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. തലയില്‍ തുണി ചുറ്റിയെത്തിയ ഇയാള്‍ പ്രതിമ തകര്‍ത്ത് അതിന് മുകളില്‍ കയറിയിരിക്കാന്‍ ശ്രമിച്ചുവെന്നും പൊലീസ് രജിസ്റ്റര്‍ ചെയ്ത എഫ്.ഐ.ആറില്‍ പറയുന്നു.

ഭാരതീയ ന്യായ സംഹിത സെക്ഷന്‍ 99, 302, 351(1), 351(2), എസ്. സി/ എസ്. ടി ആക്ട് സെക്ഷന്‍ 3(1) തുടങ്ങിയ വകുപ്പുകളാണ് പ്രതിക്കെതിരെ പൊലീസ് ചുമത്തിയിരിക്കുന്നത്.

പഞ്ചാബിലെ ബഹുജന്‍ സമാജ് പാര്‍ട്ടി യൂണിറ്റ് സെക്രട്ടറി സുഖ്ദേവ് സിങ്ങിന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തത്. മോഡല്‍ ടൗണ്‍ പോലീസാണ് കേസെടുത്തിരിക്കുന്നത്.

ഇയാള്‍ പ്രതിമക്ക് സമീപമുള്ള ഭരണഘടനയുടെ പകര്‍പ്പ് നശിപ്പിക്കുകയും അപമാനിക്കുന്ന തരത്തിലുള്ള പരാമര്‍ശങ്ങള്‍ നടത്തിയതായും നേരത്തെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.

പ്രതിമയുടെ അടുത്തെത്തിയ ഇയാള്‍ പല തവണ പ്രതിമയിലേക്ക് തുപ്പുകയും തകര്‍ക്കുമെന്ന് ആക്രോശിക്കുകയും ചെയ്യുന്ന വീഡിയോയും നേരത്തെ പ്രചരിച്ചിരുന്നു. ഡോ. ബി.ആര്‍ അംബേദ്ക്കറിനെയോ ഭരണഘടനയെയോ താന്‍ അംഗീകരിക്കുന്നില്ലെന്നും അയാള്‍ അവകാശപ്പെടുന്നുണ്ട്.

ലോഹസൂചി കൊണ്ട് സിമന്റ് കൊണ്ട് നിര്‍മിച്ച ഭരണഘടനയുടെ പകര്‍പ്പ് ചുരണ്ടിയെന്നും പിന്നാലെ ആളുകളെത്തിയാണ് ഇയാളെ സ്ഥലത്ത് നിന്നും നീക്കിയതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

Content Highlight: Ambedkar statue vandalised and defaced in Punjab; Suspect arrested

We use cookies to give you the best possible experience. Learn more