ഇന്ത്യന്‍ ക്രിക്കറ്റിനെ മാറ്റിമറിച്ച സൂപ്പര്‍താരമാണ് വിരാട് കോഹ്‌ലി. തന്റെ ഐതിഹാസികമായ ക്രിക്കറ്റ് കരിയര്‍ കൊണ്ട് ലോകമെമ്പാടുമുള്ളവരെ അമ്പരപ്പിക്കാന്‍ വിരാടിന് സാധിച്ചിരുന്നു. എന്നാല്‍ ഏവരെയും ഞെട്ടിച്ചു കൊണ്ടായിരുന്നു ടെസ്റ്റ് ക്രിക്കറ്റില്‍ നിന്നും താരം അടുത്തിടെ വിരമിക്കല്‍ പ്രഖ്യാപിച്ചത്. നേരത്തെ ടി-20യിലും വിരമിക്കല്‍ പ്രഖ്യാപിച്ച താരം നിലവില്‍ ഏകദിന ഫോര്‍മാറ്റില്‍ മാത്രമാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. 2027ല്‍ വരാനിരിക്കുന്ന ലോകകപ്പിനുള്ള തയ്യാറെടുപ്പിലാണ് താരം.
ഇപ്പോള്‍ വിരാടിനെ കുറിച്ച് സംസാരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം അമ്പാട്ടി റായിഡു. ഇന്ത്യന്‍ ക്രിക്കറ്റിനെ വിരാട് മറ്റൊരു തലത്തിലേക്ക് കൊണ്ടുപോയെന്നും അദ്ദേഹത്തിന്റെ മൂല്യം എന്താണെന്ന് ആളുകള്‍ക്ക് ഇപ്പോഴും മനസിലായിട്ടില്ലെങ്കിലും റായിഡു പറഞ്ഞു.
ബാറ്റിങ്ങില്‍ മാത്രമല്ല ഫിറ്റ്‌നസിലും വിരാട് തന്റെ കഴിവ് തെളിയിച്ചതാണെന്നും മറ്റേതൊരു താരത്തെക്കാളും ഫിറ്റ്‌നസ് ഇപ്പോഴും വിരാടിന് ഉണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മാത്രമല്ല വിരമിക്കല്‍ തീരുമാനമെടുത്ത സമയത്ത് വിരാടിന്റെ മനസില്‍ എന്തായിരുന്നെന്ന് അദ്ദേഹത്തിന് മാത്രമേ അറിയൂ എന്നും റിയിഡു പറഞ്ഞു.
‘വിരാട് ഇന്ത്യന്‍ ക്രിക്കറ്റിനെ മറ്റൊരു തലത്തിലേക്ക് കൊണ്ടുപോയി. എന്നിട്ടും ആളുകള്‍ക്ക് അദ്ദേഹത്തിന്റെ മൂല്യം മനസിലാകുന്നില്ല. ബാറ്റിങ്ങിനെക്കുറിച്ച് മാത്രമല്ല, ഫിറ്റ്‌നസിലും ഇത് പ്രധാനമാണ്. വിരാടിന് മുമ്പ് കളിക്കാര്‍ ഫിറ്റ്‌നസായിരുന്നു, എന്നാല്‍ അദ്ദേഹം കാരണം ഇന്ത്യന്‍ ക്രിക്കറ്റ് മറ്റൊരു തലത്തിലെത്തി.
ഇന്ത്യന്‍ ക്രിക്കറ്റിന് 100 വര്‍ഷങ്ങള്‍ വിരാട് കോഹ്‌ലി നല്‍കിയിട്ടുണ്ട്, ഇന്ത്യക്ക് എപ്പോഴും ആധിപത്യം സ്ഥാപിക്കാന്‍ കഴിയും. വിരാടിന്റെ അതിശയിപ്പിക്കുന്ന ഫിറ്റ്‌നസ് എപ്പോഴും ടെസ്റ്റ് ക്രിക്കറ്റിന് അനുയോജ്യമാണ്. വൈറ്റ്‌ബോള്‍ ക്രിക്കറ്റില്‍ നമ്മുടെ കോമ്പിനേഷനുകള്‍ ശരിയായി നേടാന്‍ കഴിയുമെങ്കില്‍, ഓസ്‌ട്രേലിയ ഒഴികെ മറ്റാര്‍ക്കും നമ്മളെ തോല്‍പ്പിക്കാന്‍ കഴിയില്ലെന്ന് ഞാന്‍ കരുതുന്നു. ലോക ക്രിക്കറ്റില്‍ നമ്മള്‍ ആധിപത്യം സ്ഥാപിക്കും.
അദ്ദേഹം വളരെ നേരത്തെ തന്നെ ടീമില്‍ ഇടം നേടി. ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയില്‍ പങ്കെടുക്കേണ്ടതായിരുന്നു. അദ്ദേഹം ഇപ്പോഴും മിക്ക കളിക്കാരെക്കാളും ഫിറ്റാണ്. എന്നിരുന്നാലും ആ തീരുമാനം എടുക്കുമ്പോള്‍ അദ്ദേഹത്തിന്റെ മനസില്‍ എന്താണ് സംഭവിച്ചതെന്ന് അദ്ദേഹത്തിന് മാത്രമേ അറിയൂ. അദ്ദേഹം സന്തോഷവാനായിരിക്കുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു,’ അമ്പാട്ടി റായിഡു പറഞ്ഞു.
Content Highlight: Ambati Rayudy Talking About Virat Kohli