ഇന്ത്യന്‍ സൂപ്പര്‍ താരം വൈഭവ് സൂര്യവംശിയെ ഇന്ത്യയുടെ പ്ലെയിങ് ഇലവനില്‍ ഉള്‍പ്പെടുത്താത്തതിന്റെ കാരണത്തെ കുറിച്ച് സംസാരിച്ച് മുന്‍ ഇന്ത്യന്‍ താരം അമ്പാട്ടി റായിഡു. ന്യൂസിലാന്‍ഡിനെതിരായ രണ്ട് മത്സരങ്ങള്‍ അടങ്ങുന്ന പരമ്പരയിലും താരത്തിന് കളിക്കാന്‍ അവസരം ലഭിച്ചില്ലായിരുന്നു.
എന്നാല്‍ ഇത് വൈഭവിനെ അവഗണിക്കുന്നതല്ലെന്ന് റായിഡു പറഞ്ഞു. മികച്ച കഴിവുള്ള ഒരു താരത്തെ അധികകാലം പുറത്തിരുത്തുക അസാധ്യമാണെന്നും ടീമില്‍ വൈഭവ് സൂര്യവംശിക്ക് അനുയോജ്യമായ ഒരു ഒഴിവില്ല എന്നതാണ് യാഥാര്‍ത്ഥ്യമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
‘അവനെ അവഗണിക്കുകയാണെന്ന് ഞാന്‍ കരുതുന്നില്ല. മികച്ച കഴിവുള്ള ഒരു താരത്തെ അധികകാലം പുറത്തിരുത്തുക അസാധ്യമാണ്. ഇത് സമയത്തിന്റെ കാര്യമാണ്. ഇന്ത്യന്‍ ടീമില്‍ ഇപ്പോള്‍ അവന് (വൈഭവ് സൂര്യവംശി) അനുയോജ്യമായ ഒരു ഒഴിവില്ല എന്നതാണ് യാഥാര്‍ത്ഥ്യം. ഇന്ത്യ എ ടീമില്‍ കളിച്ച് അവന്‍ ഇനി ഒന്നും തെളിയിക്കേണ്ട ആവശ്യമില്ലെന്നും ഞാന്‍ വിശ്വസിക്കുന്നു.
ഇന്ത്യയ്ക്കായി കളിക്കാന്‍ അര്‍ഹതയുള്ള അസാധാരണ കഴിവുള്ള താരമാണ് അവന്‍. ഇപ്പോള്‍ ടീമില്‍ ഒഴിവില്ലാത്തതിനാലാണ് അവന്‍ പുറത്തായിരിക്കുന്നത്. എന്നാല്‍ അവസരം ലഭിച്ചാല്‍ ടീമ്ഷീറ്റില്‍ ആദ്യം എഴുതപ്പെടുന്ന പേര് അവന്റേതായിരിക്കുമെന്ന കാര്യത്തില്‍ എനിക്ക് യാതൊരു സംശയവും ഇല്ല,’ അമ്പാട്ടി റായിഡു മാധ്യമങ്ങളോട് പറഞ്ഞു.
വൈഭവ് സൂര്യവംശി. Photo: BCCI/x.com
ഐ.പി.എല്ലിലും ഇന്ത്യ എയ്ക്ക് വേണ്ടിയും മിന്നും പ്രകടനമാണ് 15 വയസുകാരനായ വൈഭവ് സൂര്യവംശി കാഴ്ചവെച്ചത്. രാജസ്ഥാന്‍ റോയല്‍സിന് വേണ്ടി 2026 ഐ.പി.എല്ലില്‍ വെടിക്കെട്ട് ബാറ്റിങ് പ്രകടനം നടത്തിയാണ് താരം ലോക ശ്രദ്ധ പിടിച്ചുപറ്റിയത്. പേരുകേട്ട വമ്പന്‍ ബൗളര്‍മാരെ അടിച്ചുപറത്തിയ വൈഭവ് ടൂര്‍ണമെന്റിലെ രണ്ടാം സെഞ്ച്വറിയും സ്വന്തമാക്കിയിരുന്നു.
അതേസമയം അയര്‍ലാന്‍ഡിനെതിരായ രണ്ട് ടി-20 മത്സരങ്ങള്‍ അടങ്ങുന്ന പരമ്പരയില്‍ ഇന്ത്യ നാണംകെട്ട തോല്‍വി ഏറ്റുവാങ്ങിയിരുന്നു. മാത്രമല്ല ചരിത്രത്തിലാദ്യമായാണ് അയര്‍ലാന്‍ഡിനെതിരെ ഇന്ത്യ ഒരു പരമ്പരയില്‍ പരാജയപ്പെടുന്നത്. പുതിയ ക്യാപ്റ്റന്‍ ശ്രേയസ് അയ്യരുടെ കീഴിലിറങ്ങിയ ആദ്യ പരമ്പര തന്നെ പരാജയപ്പെടുകയായിരുന്നു ഇന്ത്യ.
രണ്ടാമത്തെയും അവസാനത്തെയും മത്സരത്തില്‍ വെറും ഒരു റണ്ണിനാണ് ഐറിഷ് പടയുടെ വിജയം. മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത അയര്‍ലാന്‍ഡ് എട്ട് വിക്കറ്റ് നഷ്ടത്തില്‍ 154 റണ്‍സാണ് നേടിയത്. വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യയുടെ ഇന്നിങ്സ് 20 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 153 റണ്‍സില്‍ അവസാനിക്കുകയായിരുന്നു.
അതേസമയം ആദ്യ ടി-20യില്‍ നടന്ന മത്സരത്തില്‍ 34 റണ്‍സിന്റെ വിജയമായിരുന്നു അയര്‍ലാന്‍ഡ് സ്വന്തമാക്കിയത്. മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ അയര്‍ലാന്‍ഡ് ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 182 റണ്‍സാണ് നേടിയത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 18.5 ഓവറില്‍ 148 റണ്‍സിന് ഓള്‍ ഔട്ട് ആവുകയായിരുന്നു.
Content Highlight: Ambati Rayudu Talking About Vaibhav Sooryavanshi