| Sunday, 24th May 2026, 11:16 am

അദ്ദേഹം ഒരുപാട് ഷോര്‍ട്ട് ഡെലിവറികള്‍ എറിയേണ്ട ആളല്ല; നിര്‍ദേശവുമായി അമ്പാട്ടി റായിഡു

ശ്രീരാഗ് പാറക്കല്‍

ഐ.പി.എല്ലില്‍ കഴിഞ്ഞ ദിവസം നടന്ന മത്സരത്തില്‍ മോശം പ്രകടനം നടത്തിയതിന് പിന്നാലെ പഞ്ചാബ് പേസര്‍ അര്‍ഷ്ദീപ് സിങ്ങിനെ വിമര്‍ശിച്ച് മുന്‍ ഇന്ത്യന്‍ താരം അമ്പാട്ടി റായിഡു. അര്‍ഷ്ദീപിന്റെ ലങ്തില്‍ പ്രശ്‌നമുണ്ടെന്നും ഒരുപാട് ഷോര്‍ട്ട് ഡെലിവറികള്‍ എറിയേണ്ട ആളല്ല താരമെന്നും റാഡിയു പറഞ്ഞു. അര്‍ഷ്ഹീപിന്റെ ബോളുകള്‍ക്ക് മികച്ച ബൗണ്‍സ് ലഭിക്കുന്നില്ലെന്നും താരം മോശം ബൗളിങ്ങിന് വലിയ വില കൊടുക്കേണ്ടി വരുമെന്നും റായിഡു കൂട്ടിച്ചേര്‍ത്തു.

‘അദ്ദേഹത്തിന്റെ ലെങ്താണ് പ്രശ്‌നം എന്ന് എനിക്ക് തോന്നുന്നു. ഒരുപാട് ഷോര്‍ട്ട് ഡെലിവറികള്‍ എറിയേണ്ട ആളല്ല അര്‍ഷ്ദീപ്. ഡെത്ത് ഓവറുകളില്‍ പോലും യോര്‍ക്കറുകള്‍ എറിയണം. അദ്ദേഹം അത് മനസിലാക്കണം! കാരണം അദ്ദേഹത്തിന്റെ ഷോര്‍ട്ട് ബോളുകള്‍ക്ക് ഇപ്പോള്‍ മികച്ച ബൗണ്‍സ് ലഭിക്കുന്നില്ല, ഒരുപക്ഷേ അദ്ദേഹത്തിന്റെ ശരീരം ക്ഷീണിച്ചതുകൊണ്ടോ അല്ലെങ്കില്‍ മറ്റ് കാരണങ്ങള്‍ കൊണ്ടോ ആകാം. പക്ഷേ അദ്ദേഹം തീര്‍ച്ചയായും ഇതിന് വലിയ വില കൊടുക്കേണ്ടി വരും,’ ഇ.എസ്.പി.എന്‍.ക്രിക്ഇന്‍ഫോ ടൈംഔട്ടില്‍ റായുഡു പറഞ്ഞു.

മത്സരത്തില്‍ അര്‍ഷ്ദീപ് സിങ് മൂന്ന് ഓവറില്‍ നിന്ന് വിക്കറ്റൊന്നും നേടാതെ 52 റണ്‍സായിരുന്നു നേടിയത്. 17.33 എന്ന മോശം എക്കോണമിയും അര്‍ഷ്ദീപ് മത്സരത്തില്‍ നിന്ന് വഴങ്ങി. സീസണില്‍ 14 മത്സരങ്ങളില്‍ നിന്ന് 14 വിക്കറ്റുകളാണ് താരം നേടിയത്. 10.21 എന്ന എക്കോണമിയിലാണ് അര്‍ഷ്ദീപ് പന്തെറിഞ്ഞത്. ഐ.പി.എല്‍ കരിയറില്‍ 96 മത്സരങ്ങള്‍ കളിച്ച താരം 111 വിക്കറ്റുകളും നേടിയിട്ടുണ്ട്.

അതേസമയം നിര്‍ണായക മത്സരത്തില്‍ ലഖ്നൗ സൂപ്പര്‍ ജയന്റ്സിനെതിരെ വമ്പന്‍ വിജയമായിരുന്നു പഞ്ചാബ് കിങ്സ് സ്വന്തമാക്കിയത്. ലഖ്നൗ സൂപ്പര്‍ ജയന്റ്‌സിന്റെ തട്ടകമായ ഏകാന സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ഏഴ് വിക്കറ്റുകള്‍ക്കാണ് പഞ്ചാബിന്റെ ജയം.

മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ലഖ്നൗ ആറ് വിക്കറ്റ് നഷ്ടത്തില്‍ 196 റണ്‍സായിരുന്നു നേടിയത്. വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ പഞ്ചാബ് 18 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം അനായാസമായി മറികടന്നു. ഈ വിജയത്തോടെ 15 പോയിന്റുമായി നാലാം സ്ഥാനത്തേക്ക് മുന്നേറാനും പഞ്ചാബിന് സാധിച്ചു.

അതേസമയം ഇന്ന് നടക്കുന്ന മത്സരത്തില്‍ രാജസ്ഥാന്‍ റോയല്‍സ് മുംബൈ ഇന്ത്യന്‍സിനോട് പരാജയപ്പെടുകയാണെങ്കില്‍ പഞ്ചാബ് പ്ലേ ഓഫിലേക്ക് മുന്നേറും. തുടര്‍ച്ചയായ ആറ് മത്സരങ്ങളുടെ പരാജയങ്ങള്‍ക്ക് ശേഷമാണ് പഞ്ചാബ് അവസാന ഗ്രൂപ്പ് മത്സരത്തില്‍ വിജയം കൈപ്പിടിയിലാക്കിയത്.

Content Highlight: Ambati Rayudu Talking About Arshdeep Singh

ശ്രീരാഗ് പാറക്കല്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും പി.ജി ഡിപ്ലോമ

Latest Stories

We use cookies to give you the best possible experience. Learn more