എക്കാലത്തെയും മികച്ച ടി -20 ബാറ്റർമാരെ തെരഞ്ഞെടുത്ത് മുൻ ഇന്ത്യൻ വിക്കറ്റ് കീപ്പർ ബാറ്റർ അമ്പാട്ടി റായിഡു. സൗത്ത് ആഫ്രിക്കൻ താരം എ.ബി. ഡി വില്ലിയേഴ്‌സ്, ഇന്ത്യൻ താരങ്ങളായ രോഹിത് ശർമ, സൂര്യകുമാർ യാദവ് എന്നിവരെയാണ് താരം തെരഞ്ഞെടുത്തത്.
എല്ലാ ഫോർമാറ്റിലും എക്കാലത്തെയും മികച്ച ബാറ്റർമാരിൽ ഒരാളായി കണക്കാക്കപ്പെടുന്ന വിരാട് കോഹ്‌ലിയെ മറികടന്നാണ് മുൻ ഇന്ത്യൻ താരം ഈ മൂന്ന് പേരെയും തെരഞ്ഞെടുത്തത്. ടി – 20യിൽ ഏറ്റവും കൂടുതൽ റൺസുള്ള വെസ്റ്റ് ഇൻഡീസ് താരങ്ങളായ ക്രിസ് ഗെയ്ലിനെയും പൊള്ളാർഡിനെയും താരം പരിഗണിച്ചില്ല എന്നതും ശ്രദ്ധേയമാണ്.
അടുത്തിടെ ശുഭാൻകർ മിശ്രയുടെ പോഡ്‌കാസ്റ്റിലാണ് താരം ഇത്തരമൊരു തെരഞ്ഞെടുപ്പ് നടത്തിയത്. പോഡ്‌കാസ്റ്റിനിടെ ടി -20യിലെ പ്രിയപ്പെട്ട മൂന്ന് ബാറ്റർമാർ ആരാണ് എന്ന ചോദ്യത്തിന് ഉത്തരം പറയുകയായിരുന്നു റായിഡു.
‘ആദ്യം രോഹിത് ശർമയാണ് എന്റെ ചോയ്സ്. പിന്നെ അത് എ.ബി. ഡി വില്ലിയേഴ്സും സൂര്യകുമാർ യാദവും. ഇവരാണ് എന്റെ പ്രിയപ്പെട്ട ടി -20 ബാറ്റർമാർ. ക്രിസ് ഗെയ്‌ലും മറ്റ് നിരവധി താരങ്ങളുമുണ്ട്. എന്നാലും ഈ മൂന്ന് പേരെയാണ് ഞാൻ തെരഞ്ഞെടുക്കുക,’ റായിഡു പറഞ്ഞു.
ഇന്ത്യൻ ഏകദിന നായകനായ രോഹിത് ശർമയ്ക്ക് ടി – 20യിൽ 463 മത്സരങ്ങളിൽ നിന്നും 12248 റൺസ് നേടിയിട്ടുണ്ട്. താരത്തിന് എട്ട് സെഞ്ച്വറിയും 82 അർധ സെഞ്ച്വറിയുമുണ്ട്. താരം ഇപ്പോൾ ഐ.പി.എല്ലിൽ മാത്രമാണ് ടി – 20യിൽ ഇറങ്ങുന്നത്.
വെടിക്കെട്ട് വീരനായ എ.ബി. ഡി വില്ലിയേഴ്സിന് 340 മത്സരങ്ങളിൽ നിന്ന് 9424 റൺസുണ്ട്. താരത്തിന്റെ ഇന്നിങ്സിൽ നാല് സെഞ്ച്വറിയും 69 അർധ സെഞ്ച്വറിയുമാണുള്ളത്.
നിലവിലെ ഇന്ത്യയുടെ ടി – 20 നായകനായ സൂര്യകുമാർ യാദവിന് 325 മത്സരങ്ങളിൽ നിന്ന് 8620 റൺസ് നേടാൻ സാധിച്ചിട്ടുണ്ട്. ആറ് സെഞ്ച്വറിയും 59 അർധ സെഞ്ച്വറിയും ഇതിനോടകം തന്നെ താരം സ്വന്തം പേരിൽ എഴുതി ചേർത്തിട്ടുണ്ട്.
Content Highlight: Ambati Rayudu select Rohit Sharma, Suryakumar Yadv and AB De Villiers as top 3 T20 batters