| Monday, 20th April 2026, 8:28 pm

ഭാവിയില്‍ അവന്‍ ഇന്ത്യയുടെ അവിശ്വസനീയമായ പ്രതിഭയാവും: അമ്പാട്ടി റായിഡു

Sudev A

പഞ്ചാബ് കിങ്സ് ഓപ്പണര്‍ പ്രിയാന്‍ഷ് ആര്യയെ പ്രശംസിച്ച് മുന്‍ ഇന്ത്യന്‍ താരം അമ്പാട്ടി റായിഡു. 2026 ഐ.പി.എല്ലില്‍ മിന്നും ഫോമില്‍ കളിക്കുന്ന പ്രിയാന്‍ഷ് ആര്യ ഭാവിയില്‍ ഇന്ത്യയുടെ അവിശ്വസനീയമായ താരമായി മാറുമെന്നാണ് റായിഡു പറഞ്ഞത്. സ്പിന്നര്‍മാര്‍ക്കെതിരെ മികച്ച രീതിയില്‍ കളിക്കാനുള്ള പ്രിയാന്‍ഷ് ആര്യയുടെ കഴിവിനെക്കുറിച്ചും റായിഡു സംസാരിച്ചു. ഇ.എസ്.പി.എന്‍ ക്രിക് ഇന്‌ഫോക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു മുന്‍ ഇന്ത്യന്‍ താരം.

”അവന്‍ ഒരു മികച്ച ബാറ്ററാണ്. ഓണ്‍ സൈഡിലൂടെയും ഓഫ് സൈഡിലൂടെയും അവന്‍ മനോഹരമായ ഷോട്ടുകള്‍ കളിക്കുന്നുണ്ട്. ഗ്രൗണ്ടിന് പുറത്തേക്ക് അവന്‍ ബോള്‍ അടിക്കുന്നത് കാണുന്നത് വളരെ മികച്ചതാണ്. അവന്‍ വളരെ നന്നായി സ്പിന്നിനെതിരെ കളിക്കുന്ന ഒരാളാണ്. മികച്ച നിലവാരമുള്ള സ്പിന്നര്‍മാര്‍ക്കെതിരെ അവന്‍ കളിക്കുന്നത് നമ്മള്‍ കണ്ടിട്ടില്ലെങ്കിലും ഈ കഴിവ് പുറത്തെടുത്താല്‍ അവന്‍ ഭാവിയില്‍ ഇന്ത്യയുടെ അവിശ്വസനീയമായ ഒരു പ്രതിഭയായി മാറും.

ഈ സീസണില്‍ പഞ്ചാബിനായി വെടിക്കെട്ട് പ്രകടനം തുടരുന്ന ആര്യ കഴിഞ്ഞ ദിവസം ലഖ്നൗ സൂപ്പര്‍ ജയന്റസിനെതിരെയുള്ള മത്സരത്തിലും മിന്നും പ്രകടനമാണ് പുറത്തെടുത്തത്. മത്സരത്തില്‍ പ്രിയാന്‍ഷ് ആര്യ 37 പന്തില്‍ നിന്നും നാല് ഫോറും ഒമ്പത് കൂറ്റന്‍ സിക്‌സും ഉള്‍പ്പെടെ 93 റണ്‍സ് നേടിയാണ് തിളങ്ങിയത്. 251.35 എന്ന വെടിക്കെട്ട് സ്ട്രൈക്ക് റേറ്റിലാണ് താരം ബാറ്റ് ചെയ്തത്.

ഐ.പി.എല്ലില്‍ 200+ ടീം ടോട്ടലില്‍ ഏറ്റവും ഉയര്‍ന്ന സ്ട്രൈക്ക് റേറ്റ് നേടുന്ന താരമെന്ന റെക്കോഡും ഈ മത്സരത്തില്‍ പ്രിയാന്‍ഷ് സ്വന്തമാക്കി. ഹൈദരാബാദിന്റെ വെടിക്കെട്ട് ബാറ്റര്‍ അഭിഷേക് ശര്‍മയെ മറികടന്നാണ് പ്രിയാന്‍ഷ് ഈ നേട്ടത്തിലെത്തിയത്. 227 പ്രഹരശേഷിയിലാണ് താരം ബാറ്റ് വീശിയത്.

അതേസമയം മത്സരത്തില്‍ ലഖ്നൗ സൂപ്പര്‍ ജയന്റ്‌സിനെ 54 റണ്‍സിനാണ് ശ്രേയസ് അയ്യരും സംഘവും വീഴ്ത്തിയത്. പഞ്ചാബിന്റെ തട്ടകത്തില്‍ നടന്ന മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ഹോം ടീം 254 റണ്‍സാണ് ലഖ്നൗവിനെതിരെ അടിച്ചെടുത്തത്. വിജയലക്ഷ്യം പിന്തുടര്‍ന്ന ലഖ്നൗ ഇന്നിങ്സ് 20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 200 റണ്‍സില്‍ അവസാനിക്കുകയായിരുന്നു.

പഞ്ചാബ് കിങ്‌സ്. Photo: IndianPremierLeague/x.com

ഈ വിജയത്തിന് ഐ.പി.എല്ലിന്റെ ചരിത്രത്തില്‍ ഒരു സീസണില്‍ ആദ്യ ആറ് മത്സരങ്ങള്‍ പൂര്‍ത്തിയാവുമ്പോള്‍ ഒറ്റ മത്സരവും പരാജയപ്പെടാതെ മുന്നേറുന്ന ആദ്യ ടീമാണ് പഞ്ചാബ്. മറ്റൊരു ടീമിനും എത്തിപ്പിടിക്കാനാവാത്ത നേട്ടവുമായാണ് അയ്യരും സംഘവും കുതിക്കുന്നത്. ഏപ്രില്‍ 25ന് ദല്‍ഹി ക്യാപ്പിറ്റല്‍സിനെതിരെയാണ് ശ്രേയസ് അയ്യരുടെയും സംഘത്തിന്റെയും അടുത്ത മത്സരം. ഇനിയുള്ള മത്സരങ്ങള്‍ വിജയിച്ചു മുന്നേറിയാല്‍ ഈ സീസണില്‍ പ്ലേ ഓഫ് യോഗ്യത ഉറപ്പാക്കുന്ന ആദ്യ ടീമായും പഞ്ചാബ് മാറും.

Content Highlight: Ambati Rayudu Praises Punjab Kings Player Priyansh Arya

Sudev A

കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. നിലവില്‍ ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി.

We use cookies to give you the best possible experience. Learn more